ADVERTISEMENT

ബ്രെയിൻ ട്യൂമർ - ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്.

  .

എന്താണ്  ബ്രെയിൻ ട്യൂമർ? അവ എത്ര തരം ഉണ്ട്, ലക്ഷണങ്ങൾ എന്തൊക്കെ, എങ്ങനെ അഭിമുഖീകരിക്കാം, ചികിത്സ എപ്രകാരം എന്നൊക്കെ നോക്കാം.

കേൾക്കുമ്പോൾ നിസ്സാരക്കാരനായി തോന്നിയാലും അത്യധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്. തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ രൂപവത്കരണത്തെ ബ്രെയിൻ ട്യൂമർ എന്ന വാക്കു കൊണ്ട് സൂചിപ്പിക്കുന്നു. രണ്ട് പ്രധാന തരം ബ്രെയിൻ ട്യൂമറുകൾ ആണ് ഉള്ളത് -  മാരകമായ (കാൻസർ) മുഴകൾ, അപകടകരമല്ലാത്ത (ബിനൈൻ) മുഴകൾ. 

മസ്തിഷ്ക മുഴകളിൽ അതിജീവിക്കാനുള്ള സാധ്യത താഴെപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

1. ഏതു തരം ട്യൂമർ ആണ്, ട്യൂമറിന്റെ വലുപ്പം, ഉൾപ്പെട്ടിരിക്കുന്ന പ്രദേശം, തുടക്കത്തിലെയുളള കണ്ടെത്തൽ.

2. രോഗിയുടെ പ്രായവും ആരോഗ്യവും.

3. ട്യൂമർ നീക്കം ചെയ്യുന്നതിന്റെ വ്യാപ്തി.

തലച്ചോറിന്റെ കംപ്രഷൻ അല്ലെങ്കിൽ പ്രകോപനം മൂലമാണ്  ട്യൂമറുകൾ രോഗലക്ഷണങ്ങൾ കാണിക്കുന്നത്. ഇവയുടെ പ്രധാന ലക്ഷണങ്ങൾ തലവേദന, ഫിറ്റ്സ്, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ഛർദ്ദി, മസ്തിഷ്കത്തിൽ സംഭവിക്കുന്ന ന്യുനത്വം (സെൻസോറിയം കുറയുന്നത്), മാനസികമായ മാറ്റങ്ങൾ എന്നിവയാണ്. ഇത്തരം അവസരങ്ങളിൽ രോഗിക്കു അസഹനീയമായ തലവേദന അനുഭവപ്പെടുന്നു. അത് രാവിലെ അതീതീവ്രമായി വരികയും ചിലപ്പോൾ  ഛർദ്ദിക്കുന്നതോടെ ശമിക്കുകയും ചെയ്യുന്നു. എന്നാൽ ചില അവസരങ്ങളിൽ നടക്കാനോ അല്ലെങ്കിൽ സംസാരിക്കാനോ ഉള്ള ബുദ്ധിമുട്ട് ഉൾപ്പെടാം.

എന്നാൽ എല്ലാ തലവേദനയും ട്യൂമർ കാരണം ആവില്ല. എപ്പോഴാണ് അവയെ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം. ഇനിപ്പറയുന്ന അപായസൂചനകൾ കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്:

1. തലവേദന ഇല്ലാത്ത ഒരാൾക്ക് തലവേദന വരാൻ തുടങ്ങിയാൽ, അത് ഗൗരവമായി കാണണം. പുതുതായി രൂപംകൊണ്ട തലവേദനയുടെ തീവ്രത ക്രമേണ വർധിച്ചുവരുന്നതായി കാണപ്പെടുന്നു. വേദന തികച്ചും ഇടവിടാതെ തന്നെ അനുഭവപ്പെടുന്നു. സാധാരണയായി അധിക സമയത്തും രോഗി കടുത്ത തലവേദനയെ തുടർന്നാണ് രാവിലെ ഉണരുന്നത്. 

2. രാവിലെ ഉണരുമ്പോൾ തന്നെ രോഗി അതികഠിനമായി ഛർദ്ദിക്കുന്നു. ഇവിടെ ഛർദിയോടൊപ്പം ഓക്കാനം ഉണ്ടാകില്ല. ഛർദ്ദിക്കുന്നതോടെ തലവേദനയ്ക്ക് താൽക്കാലിക ആശ്വാസം ലഭിക്കുന്നു.

3. പുതിയതായി സംഭവിക്കുന്ന ഫിറ്റ്സ്.  ഇത് വ്യത്യസ്ത തരം ആകാം  അതായതു  ശരീരത്തിന്റെ ഒരു ഭാഗം മാത്രം ഉൾപ്പെടുന്നതരത്തിലോ (കൂടുതൽ പ്രാധാന്യമർഹിക്കുന്നവ)  അല്ലെങ്കിൽ മുഴുവൻ ശരീരവും ഉൾപ്പെടുന്ന തരത്തിലോ ആവാം.

4. ബലഹീനത അല്ലെങ്കിൽ മരവിപ്പ്- ക്രമേണ വർധിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം അല്ലെങ്കിൽ ഒരു വശം മാത്രം ഉൾപ്പെടുമ്പോൾ.

5. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ച് ഒപ്റ്റിക് നാഡി (കാഴ്ചയുടെ നാഡി) അല്ലെങ്കിൽ പിറ്റ്യൂട്ടറി ഗ്രന്ഥി എന്നിവ ഉൾപ്പെടുമ്പോൾ.

6. മെമ്മറി പ്രശ്നങ്ങൾ, പെരുമാറ്റ മാറ്റങ്ങൾ, ഭാഷാ പ്രശ്നങ്ങൾ, ആശയക്കുഴപ്പങ്ങൾ മുതലായവ പെട്ടെന്ന് ഉണ്ടാകുന്ന വൈജ്ഞാനിക പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ.

7. സംസാരത്തിലെ ബുദ്ധിമുട്ട്, ചലനരീതിയിൽ സംഭവിക്കുന്ന പെട്ടെന്നുള്ള  അസ്വസ്ഥതകൾ, അസന്തുലിതാവസ്ഥ, ഏകോപനത്തിൽ അല്ലെങ്കിൽ മുഖത്തെ പേശികളുടെ ബലഹീനത എന്നിവ സംഭവിക്കുമ്പോൾ.

ഇങ്ങനെയുള്ള അപകടസൂചനകൾ രോഗിയിൽ കാണുമ്പോൾ എത്രയും പെട്ടെന്ന് ആവശ്യകമായ വൈദ്യസഹായം തേടേണ്ടതാണ്.

 

മസ്തിഷ്ക മുഴകളുമായി ബന്ധപ്പെട്ട അപകട  ഘടകങ്ങൾ ( Risk Factors)

മിക്ക മസ്തിഷ്ക മുഴകളും വ്യക്തമായ അപകട ഘടകങ്ങളുമായി ബന്ധപ്പെട്ടായിരിക്കില്ല എന്നതാണ് വാസ്തവം. എന്നാൽ മസ്തിഷ്ക മുഴകളുടെ അപകടസാധ്യത ഉയർത്തുന്ന സംശയാസ്പദമായ ചില ഘടകങ്ങൾ ഉണ്ടാകാം. അവ ഏതാണെന്നു നമുക്ക് നോക്കാം.

1. റേഡിയേഷൻ എക്സ്പോഷർ

റേഡിയേഷൻ എക്സ്പോഷറാണ് മസ്തിഷ്ക മുഴകൾക്കുള്ള ഏറ്റവും അറിയപ്പെടുന്ന പാരിസ്ഥിതിക അപകടസാധ്യത ഘടകം. റേഡിയേഷൻ തെറാപ്പി മറ്റേതെങ്കിലും അവസ്ഥയെ ചികിത്സിക്കുന്നതിനായി (ഉദാഹരണത്തിന് ലുക്കീമിയ പോലുള്ള രോഗങ്ങൾക്ക് )  ഉപയോഗിക്കുമ്പോൾ അത് അപകടസാധ്യത സൃഷ്ടിച്ചേക്കാം. റേഡിയേഷനു ശേഷം 15 മുതൽ 20 വർഷങ്ങൾക്ക് ശേഷമാണ് ഈ മസ്തിഷ്ക മുഴകൾ ശ്രദ്ധിക്കാൻ കഴിഞ്ഞത്. പക്ഷേ റേഡിയേഷൻ-ഇൻഡ്യൂസ്ഡ് ട്യൂമറുകൾ വളരെ വളരെ അപൂർവമാണ്.

എക്സ്-റേ അല്ലെങ്കിൽ സിടി സ്കാൻ പോലുള്ള ഇമേജിങ് ടെസ്റ്റുകളിലേക്ക് എക്സ്പോഷർ ചെയ്യുന്നതിലൂടെ ഉണ്ടാകാനിടയുള്ള അപകടസാധ്യത  ഇതുവരെ ഉറപ്പാക്കിയിട്ടില്ല. എന്നിരുന്നാലും ഇതിനെ സംബന്ധിച്ചുള്ള അപകടസാധ്യത വളരെ ചെറുതാണ്.

2.  രോഗപ്രതിരോധ സംവിധാന വൈകല്യങ്ങൾ മൂലമോ മരുന്നുകളുടെ ഉപയോഗം മൂലമോ ഉണ്ടാവാം 

രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾക്ക് തലച്ചോറിന്റെയോ സുഷുമ്‌നാ നാഡിയുടെയോ ലിംഫോമ  ഉണ്ടാകാനുള്ള സാധ്യത സംശയാസ്പദമാണ്. ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT) അല്ലെങ്കിൽ ഓറൽ ഗർഭനിരോധന മാർഗങ്ങൾ എടുക്കുന്ന ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾക്ക് മെനിഞ്ചിയോമ ഉണ്ടാകാനുള്ള സാധ്യത അൽപ്പം കൂടിയേക്കാം, എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്.

3. കുടുംബപരമായി സംഭവിക്കുന്നത് 

അപൂർവ സന്ദർഭങ്ങളിൽ (5%) മസ്തിഷ്ക അർബുദം കുടുംബപാരമ്പര്യമെന്നോണം സംഭവിക്കുന്നു. സാധാരണയായി അവ വ്യക്തിയുടെ ചെറുപ്പകാലത്തിൽ സംഭവിക്കുന്നു. ന്യൂറോഫിബ്രോമാറ്റോസിസ്, ട്യൂബറസ് സ്ക്ലിറോസിസ്, വോൺ ഹിപ്പൽ-ലിൻഡോ രോഗം എന്നിവ ഇതിൽ ചിലതാണ്.

4. മറ്റ് ഘടകങ്ങൾ

പാരിസ്ഥിതിക ഘടകങ്ങളായ ലായകങ്ങൾ, കീടനാശിനികൾ, ഓയിൽ ഉപോൽപ്പന്നങ്ങൾ, റബ്ബർ അല്ലെങ്കിൽ വിനൈൽ ക്ലോറൈഡ് (പ്ലാസ്റ്റിക് നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു രാസവസ്തു), പെട്രോളിയം ഉൽ‌പന്നങ്ങൾ, മറ്റ് ചില രാസവസ്തുക്കൾ എന്നിവ മസ്തിഷ്ക ട്യൂമറുകളുടെ അപകടസാധ്യത കൂട്ടുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

അസ്പാർട്ടേറ്റ് (പഞ്ചസാരക്കു പകരമായി ഉപയോഗിക്കുന്നു), ചില വൈറസുകൾ (EB വൈറസ്,  CM വൈറസ്, പോളിയോമ വൈറസ്) മൂലമുള്ള അണുബാധ എന്നിവ അപകടസാധ്യത ഘടകങ്ങളായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

5. മസ്തിഷ്ക ട്യൂമർ അപകടസാധ്യതയെ സംബന്ധിച്ചു, വിവാദത്തിലോ തെളിയിക്കാത്തതോ അനിശ്ചിതമോ ആയ ഘടകങ്ങൾ

A. സെൽ ഫോൺ ഉപയോഗം 

സെൽ ഫോണുകൾ റേഡിയോ ഫ്രീക്വൻസി (RF) കിരണങ്ങൾ നൽകുന്നു, ഇത് FM റേഡിയോ തരംഗങ്ങൾക്കും മൈക്രോവേവ് ഓവനുകൾ, റഡാർ, സാറ്റലൈറ്റ് സ്റ്റേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ ഊർജ്ജമാണ്. സെൽ‌ഫോണുകൾ‌ DNA-യെ തകർക്കുന്നതിലൂടെ കാൻ‌സറിന് കാരണമാകുന്ന അയോണൈസിങ് വികിരണം നൽകുന്നില്ല. 2011-ൽ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) മൊബൈൽ ഫോൺ വികിരണത്തെ ഗ്രൂപ്പ് 2 B ആയി തരംതിരിച്ചു - അതായത് "ഒരുപക്ഷേ അർബുദത്തിനു കാരണമായേക്കാം". അതിനാൽ അർബുദത്തിന് "എന്തെങ്കിലും അപകടസാധ്യത" ഉണ്ടാകാമെന്നതിനാൽ കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്.

B. ഭക്ഷണക്രമം, പുകവലി, മദ്യം

ഡയറ്ററി എൻ-നൈട്രോസോ സംയുക്തങ്ങൾ കുട്ടികളിലും  മുതിർന്നവരിലും മസ്തിഷ്ക മുഴകൾക്കുള്ള അപകടസാധ്യത സൂചിപ്പിക്കുന്നു. പ്രോസസ്സ് ചെയ്യപ്പെട്ട ചില മാംസങ്ങൾ, സിഗരറ്റ് പുക, സൗന്ദര്യവർധകവസ്തുക്കൾ എന്നിവയിൽ കാണപ്പെടുന്ന നൈട്രൈറ്റുകൾ അല്ലെങ്കിൽ നൈട്രേറ്റുകൾ എന്നിവയിൽ നിന്ന് ശരീരത്തിൽ എൻ-നൈട്രോസോ സംയുക്തങ്ങൾ രൂപം കൊള്ളുന്നു. എന്നാൽ മദ്യപിക്കുന്നത് അപകടസാധ്യതയെ ബാധിക്കുമെന്ന് തോന്നുന്നില്ല.

 

ട്യൂമറുകളുടെ ചികിത്സ എപ്രകാരമാണ്?

മെനിഞ്ചിയോമ (Meningioma), ചിലതരം ഗ്ലിയോമാസ് (Gliomas), പിറ്റ്യൂട്ടറി അഡെനോമ (Pituitary adenoma), നെർവ് ഷീത്ത് ട്യൂമറുകൾ (Nerve sheath tumors), ജേം സെൽ ട്യൂമറുകൾ(germ cell tumours), ഹീമൻജിയോബ്ലാസ്റ്റോമസ് (haemangioblastomas), കാവെർനോമസ് (cavernomas), ചിലതരം ലിംഫോമകൾ (Lymphomas) എന്നിവ പൂർണമായും ചികിത്സിക്കാവുന്ന മസ്തിഷ്ക മുഴകളാണ് ( ശരിയായ ചികിത്സയിലൂടെ) .

ശസ്ത്രക്രിയ  വഴി (ക്രെയ്നിയോറ്റമി )  നീക്കംചെയ്യൽ (റിസെക്ഷൻ) ആണ് പ്രാഥമികവും ഏറ്റവും ആവശ്യമുള്ളതുമായ നടപടി. എൻഡോസ്കോപ്പിക് ശസ്ത്രക്രിയകളും നടത്തുന്നു. അൾട്രാമോഡെൺ ഓപ്പറേറ്റിങ് മൈക്രോസ്കോപ്പുകൾ, ന്യൂറോനാവിഗേഷൻ സിസ്റ്റങ്ങൾ, കവിട്രോൺ അൾട്രാ സോണിക് ആസ്പിറേറ്റർ ( CUSA), എൻഡോസ്കോപ്പുകൾ, മറ്റ് നൂതന ഉപകരണങ്ങൾ എന്നിവയുടെ ലഭ്യതയോടൊപ്പം ശസ്ത്രക്രിയാ രീതികളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനൊപ്പം ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയുടെ സുരക്ഷയും വിജയനിരക്കും  ഗണ്യമായി മെച്ചപ്പെട്ടു.

 

Awake ക്രെയ്നിയോറ്റമി

പ്രത്യേക കേന്ദ്രങ്ങളിൽ ചെയ്യുന്ന ഒരു പ്രത്യേക തരം മസ്തിഷ്ക ശസ്ത്രക്രിയയാണിത്. ഇവിടെ രോഗിക്ക് ശസ്ത്രക്രിയയ്ക്കിടെ ശസ്ത്രക്രിയാ വിദഗ്ധനുമായി സംസാരിക്കാൻ കഴിയും. ഇത് പ്രത്യേക അനസ്തീറ്റിക് ടെക്നിക്കുകളിലൂടെ സാധ്യമാണ്. ശസ്ത്രക്രിയയ്ക്കിടെ വൈകല്യങ്ങൾ തടയാൻ ഇത് സഹായിക്കുന്നു.

ബ്രെയിൻ ട്യൂമറുകൾക്ക് സാധാരണയായി ഉപയോഗിക്കുന്ന ചികിത്സയാണ് റേഡിയോ തെറാപ്പി. ട്യൂമറിന്റെ സൈറ്റിൽ റേഡിയേഷൻ ഫോക്കസ് ചെയ്യുന്നതിന് കംപ്യൂട്ടറൈസ്ഡ് കണക്കുകൂട്ടലുകൾ ഉപയോഗിക്കുന്ന ഒരു ചികിത്സാ രീതിയാണ് റേഡിയോസർജറി, അതുമൂലം ചുറ്റുമുള്ള തലച്ചോറിലേക്കുള്ള റേഡിയേഷൻ അളവ് കുറയ്ക്കുന്നു. സ്റ്റീരിയോടാക്റ്റിക് റേഡിയോസർജറിയുടെ തരങ്ങളിൽ ഗാമ നൈഫ്, ലീനിയർ ആക്‌സിലറേറ്റർ, സൈബർ നൈഫ്  എന്നിവ ഉൾപ്പെടുന്നു.

കീമോതെറാപ്പി: കാൻസറിനുള്ള ഒരു ചികിത്സാ മാർഗമാണ്, മാത്രമല്ല 20% മസ്തിഷ്ക കാൻസറുകളിൽ അതിജീവനം മെച്ചപ്പെടുത്താനും സാധിക്കുന്നു.

ആന്റി എപിലെപ്റ്റിക്സ് (ഫിറ്റ്സ് നിയന്ത്രിക്കൽ), സ്റ്റിറോയിഡുകൾ (ബ്രെയിൻ എഡിമ കുറയ്ക്കുക) എന്നിവയൊഴികെ ഫാർമക്കോളജിക്കൽ തെറാപ്പിയുടെ പങ്ക് പരിമിതമാണ്.

വ്യത്യസ്ത മസ്തിഷ്ക മുഴകളുടെ സ്വഭാവത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനായി വിപുലമായ ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്, ഈ ഭയാനകമായ രോഗത്തിനെതിരെ പോരാടുന്നതിന് കൂടുതൽ കൂടുതൽ ചികിത്സാ രീതികൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇമ്മ്യൂണോതെറാപ്പി / ബയോളജിക്കൽ റെസ്പോൺസ് മോഡിഫയർ (BRM) തെറാപ്പി, ഓങ്കോളിറ്റിക് വൈറസ് തെറാപ്പി എന്നിവയാണ് അവയിൽപെട്ടതു. തെറ്റായ ജീനുകളുടെ അല്ലെങ്കിൽ പ്രോട്ടീനുകളുടെ ടാർഗെറ്റുചെയ്‌ത തെറാപ്പി, ജീൻ തെറാപ്പി. ഹോർമോൺ തെറാപ്പി, ഫോട്ടോഡൈനാമിക് തെറാപ്പി, ഇലക്ട്രിക് ഫീൽഡ് തെറാപ്പി എന്നിവ ഭാവിയിൽ പ്രതീക്ഷ നൽകുന്ന ചില ചികിത്സാ രീതികളാണ്.

ഇത്തരത്തിലുള്ള ഗുരുതരമായ രോഗങ്ങൾക്ക് തെറാപ്പിക്ക് വിധേയമാകുമ്പോൾ ധാരാളം പോസിറ്റീവ് എനർജിയും മാനസിക ശക്തിയും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അത് തീർച്ചയായും ചികിത്സയുടെ വിജയം മെച്ചപ്പെടുത്തും.

Content Summary: Brain Tumor: Causes, Symptoms and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com