തലച്ചോറിന്‌ മരണം സംഭവിച്ച രോഗിയില്‍ ഒരു മാസത്തിലധികം പ്രവര്‍ത്തിച്ച്‌ പന്നിയുടെ വൃക്ക

surgery
Representative Image
SHARE

ജനിതകപരമായ മാറ്റങ്ങള്‍ വരുത്തിയ പന്നിയുടെ വൃക്ക തലച്ചോറിന്‌ മരണം സംഭവിച്ച രോഗിയില്‍ ഒരു മാസത്തിലധികം വിജയകരമായി പ്രവര്‍ത്തിച്ചതായി അമേരിക്കയിലെ ഡോക്ടര്‍മാര്‍. അവയവദാന രംഗത്ത്‌ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്‌ ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി ലാന്‍ഗോണ്‍ ട്രാന്‍സ്‌പ്ലാന്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഈ പരീക്ഷണം.

അര്‍ബുദം മൂലം തലച്ചോറിന്‌ മരണം സംഭവിച്ച്‌ കോമയില്‍ കിടക്കുന്ന മോറിസ്‌ മോ മില്ലര്‍ എന്ന രോഗിയിലാണ്‌ ബന്ധുക്കളുടെ സമ്മതത്തോടെ പരീക്ഷണം നടത്തിയത്‌. മാറ്റി വച്ച പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ മൂത്ര ഉൽപാദനം നടത്തുന്നതായും ക്രിയാറ്റിന്‍ തോത്‌ നിയന്ത്രണ വിധേയമാണെന്നും ട്രാന്‍സ്‌പ്ലാന്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡയറക്ടര്‍ റോബര്‍ട്ട്‌ മോണ്ട്‌ഗോമറി പറയുന്നു.

പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തുന്നതിലൂടെ മനുഷ്യശരീരം അവയുടെ ശരീരഭാഗങ്ങളെ തിരസ്‌ക്കരിക്കാനുള്ള സാധ്യതയാണ്‌ ഗവേഷകര്‍ ഒഴിവാക്കിയത്‌. പന്നിയുടെ കഴുത്തില്‍ കാണുന്ന തൈമസ്‌ ഗ്രന്ഥിയും വൃക്കയുടെ പുറം പാളിയിലായി വച്ചു പിടിപ്പിച്ചു. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്‌ പന്നിയുടെ അവയവങ്ങള്‍ പരിചിതമാക്കാനാണ്‌ ഇത്തരത്തില്‍ ചെയ്‌തത്‌. ഇത്തരത്തില്‍ പന്നിയുടെ അവയവങ്ങള്‍ പരിചിതമാക്കുന്നത്‌ അവയുടെ തിരസ്‌ക്കരണ സാധ്യത കുറയ്‌ക്കും.

അവയവമാറ്റം പരാജയപ്പെടുത്തുന്ന പിഗ്‌ വൈറസായ പോര്‍കൈന്‍ സൈറ്റോമെഗലോവൈറസിന്റെ സാന്നിധ്യവും ഇത്‌ വരെ ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 2022 ജനുവരിയില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്‍ഡ്‌ മെഡിക്കല്‍ സ്‌കൂളിലെ സര്‍ജന്മാര്‍ ലോകത്ത്‌ ആദ്യമായി പന്നിയില്‍ നിന്ന്‌ ജീവനുള്ള മനുഷ്യനിലേക്കുള്ള അവയവ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയിരുന്നു. പന്നിയുടെ ഹൃദയമാണ്‌ മനുഷ്യനില്‍ വച്ചു പിടിപ്പിച്ചത്‌. എന്നാല്‍ വച്ചു പിടിപ്പിച്ച ഹൃദയത്തിലെ പോര്‍കൈന്‍ സൈറ്റോമെഗലോവൈറസിന്റെ സാന്നിധ്യം മൂലം രണ്ട്‌ മാസത്തിനു ശേഷം രോഗി മരണപ്പെട്ടു.

പന്നികളുടെ ആന്തരികാവയങ്ങള്‍ക്ക്‌ മനുഷ്യ അവയവങ്ങളുമായുള്ള സാമ്യവും വളരെ വേഗത്തിലും എളുപ്പത്തിലും പന്നികള്‍ പെറ്റുപെരുകുമെന്നതുമാണ്‌ മനുഷ്യരിലേക്കുള്ള അവയവമാറ്റത്തിന്‌ പന്നികളെ തിരഞ്ഞെടുക്കാന്‍ കാരണം.

Content Summary: Pig kidney transplanted in brain-dead man functional for over a month

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS