കോവിഡിന്‍റെ പുതിയ വകഭേദമായ ഇജി.5 എന്ന ഏരിസ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രതിരോധ സംവിധാനത്തെ വെട്ടിക്കാനുള്ള ശേഷി ഈ വകഭേദത്തിന് കൂടുതലാണെങ്കിലും ഇവ മൂലമുള്ള ലക്ഷണങ്ങള്‍ മിതമായ തോതിലുള്ളതാണെന്നാണ് ഇത് വരെയുള്ള നിരീക്ഷണം. എന്നാല്‍ ഏരിസ് ലക്ഷണങ്ങള്‍ പ്രത്യക്ഷമായി ഒരാഴ്ചയെങ്കിലും കഴിഞ്ഞാല്‍ മാത്രമാണ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിയുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കുറഞ്ഞ വൈറല്‍ ലോഡ് കാരണം ആദ്യം പരിശോധിക്കുന്നവരില്‍ നെഗറ്റീവ് ഫലം വരാനാണ് സാധ്യത കൂടുതല്‍. ലക്ഷണങ്ങള്‍ പുറത്തേക്ക് വരാനും പരിശോധനയില്‍ തെളിയാനും വൈറസിന് ഒരു ആഴ്ചയെങ്കിലും വേണ്ടി വരുമെന്ന് പ്രൈമസ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഇന്‍റേണല്‍ മെഡിസിന്‍ തലവന്‍ ഡോ. അനുരാഗ് സക്സേന ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശരിയായി സാംപിളുകള്‍ ശേഖരിക്കാത്തതും റാപ്പിഡ് ആന്റിജന്‍ പരിശോധനയിലെ കൃത്യത കുറവും നെഗറ്റീവ് ഫലത്തിലേക്ക് നയിക്കാമെന്നതിനാല്‍ ഏരിസ് നിര്‍ണയത്തിന് ആര്‍ടി-പിസിആര്‍ പരിശോധനയെ ആശ്രയിക്കുന്നതാകും നല്ലതെന്നും ഡോ. അനുരാഗ് കൂട്ടിച്ചേര്‍ത്തു.
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് ആദ്യ ഏഴ് നാളുകള്‍ക്കുള്ളില്‍ മൂക്കടപ്പ്, തുമ്മല്‍, ചുമ, പനി, ക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാം. കടുത്ത തലവേദന, ശരീരവേദന, വിശപ്പില്ലായ്മ എന്നിവയും ഏരിസ് ലക്ഷണങ്ങളാണ്. ലോകാരോഗ്യ സംഘടന ഏരിസിനെ വേരിയന്‍റ് ഓഫ് ഇന്‍ററസ്റ്റ് ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Content Summary: New Covid variant Eris symptoms appear a week before positive test?