ലളിതമായ മൂത്ര പരിശോധനയിലൂടെ ഹൃദ്രോഗ സാധ്യത നേരത്തെ പ്രവചിക്കാം

urine test
Representative Image. Photo Credit: TippaPatt/ Shutterstock
SHARE

ലളിതമായ മൂത്ര പരിശോധനയിലൂടെ ഒരാള്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത നേരത്തെതന്നെ പ്രവചിക്കാന്‍ സാധിക്കുമെന്നു പഠനം. മൂത്രത്തില്‍ ഉയര്‍ന്ന തോതില്‍ യൂറിനറി ആല്‍ബുമിന്‍ എക്സ്ക്രീഷനും(യുഎഇ) സെറം ക്രിയാറ്റിനും ഉള്ളവര്‍ക്ക് ഹൃദയ സ്തംഭന സാധ്യത അധികമാണെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് ഹാര്‍ട്ട് ഫെയിലറില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 

യൂറിന്‍ ആല്‍ബുമിനും ക്രിയാറ്റിനും തമ്മിലുള്ള അനുപാതം 30 മില്ലിഗ്രാം പെര്‍ ഗ്രാമിനും താഴെയായിരിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് പുരുഷന്മാരില്‍ പൊതുവേ 17 മില്ലിഗ്രാം പെര്‍ ഗ്രാമും സ്ത്രീകളില്‍ 25 മില്ലിഗ്രാം പെര്‍ ഗ്രാമുമാണ് കാണപ്പെടുന്നത്. ഈ അനുപാതം 39 നും 300നും ഇടയിലാണെങ്കില്‍ ഹൃദയത്തിന് മിതമായ തോതിലുള്ള അപകട സാധ്യതയുണ്ടെന്നും ഇത് 300ന് മുകളിലേക്ക് ഉയര്‍ന്നാല്‍ ഹൃദയത്തിന് ഗൗരവമായ തോതിലുള്ള അപകടങ്ങള്‍ ഉണ്ടാകാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. യുഎഇ തോത് ഉയര്‍ന്നിരിക്കുന്നത് ഹൃദ്രോഗത്തിന്‍റെ മാത്രമല്ല മറ്റ് കാരണങ്ങള്‍ മൂലമുള്ള മരണസാധ്യതയും വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നെതര്‍ലന്‍ഡ്സിലെ 28നും 75നും ഇടയില്‍ പ്രായമുള്ള 7000 പേരില്‍ 11 വര്‍ഷം കൊണ്ടാണ് പഠനം നടത്തിയത്. വൃക്കയുടെ തകരാറും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതാണ് പുതിയ ഗവേഷണം. വൃക്കകള്‍ ആരോഗ്യത്തോടെയിരിക്കുമ്പോള്‍ ശരീരത്തിലെ രാസവസ്തുക്കളുടെ തോതും സന്തുലിതമായ തോതിലായിരിക്കും. ആല്‍ബുമിനുകള്‍ പോലുള്ള പ്രോട്ടീനുകള്‍ മൂത്രത്തിലേക്ക് എത്താതിരിക്കാനും ആരോഗ്യമുള്ള വൃക്കകള്‍ സഹായിക്കുന്നു. ഇവയുടെ സാന്നിധ്യം മൂത്രത്തില്‍ കാണപ്പെടുന്നത് വൃക്കകളുടെ രക്തത്തെ അരിച്ച് ശുദ്ധിയാക്കുന്ന പ്രവര്‍ത്തനം കൃത്യമായി നടക്കുന്നില്ല എന്നതിന്‍റെ സൂചനയാണ്. സെറം ക്രിയാറ്റിന്‍ സാന്നിധ്യവും വൃക്കകളുടെ പ്രവര്‍ത്തന തകരാറിന്‍റെ ലക്ഷണമാണ്. വൃക്കയുടെ പ്രവര്‍ത്തന തകരാര്‍ ഹൃദയത്തെയും ഹൃദയത്തിന്‍റെ പ്രശ്നങ്ങള്‍ വൃക്കകളെയും ബാധിക്കുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary: A simple urine test can predict heart disease

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS