കൊറോണ വൈറസിന്‍റെ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് രൂപം കൊണ്ട പുതു വകഭേദമായ ബിഎ 2.86 അമേരിക്കയ്ക്കും ചൈനയ്ക്കും യുകെയ്ക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഇസ്രായേലിനും പുറമേ കാനഡയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ മാസം ഡെന്‍മാര്‍ക്കിലാണ് പിരോള എന്ന് കൂടി അറിയപ്പെടുന്ന ഈ വകഭേദം ആദ്യം കണ്ടെത്തുന്നത്. കോവിഡിന്‍റെ പുതുതരംഗത്തിന് അതിമാരക വ്യാപന ശേഷിയുള്ള ഈ പുതിയ വകഭേദം കാരണമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യമേഖലയിലുള്ളവര്‍.
2023ലെ ഏറ്റവും പ്രബല വകഭേദമായ എക്സ്ബിബി.1.5 നെ അപേക്ഷിച്ച് 35 ജനിതക വ്യതിയാനങ്ങളാണ് ബിഎ.2.86നുള്ളത്. മുന പോലെയുള്ള പ്രോട്ടീന്‍ ആവരണത്തിലുള്ള വ്യതിയാനങ്ങളാണ് ബിഎ 2.86നെ മാരകമാക്കുന്നത്. മുന്‍പ് കോവിഡ് ബാധിച്ചവരെയും പ്രതിരോധ വാക്സീന്‍ എടുത്തവരെയും ബാധിക്കാന്‍ തക്ക വ്യാപനശേഷി ബിഎ.2.86നുണ്ടെന്ന് അമേരിക്കയിലെ സെന്‍റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഏരിസ് എന്നറിയപ്പെടുന്ന ഇജി 5.1 ന് പുറമേ ബിഎ 2.86 കൂടി സജീവമാകുന്നതോടെ പല രാജ്യങ്ങളിലും കോവിഡ് തരംഗങ്ങള്‍ തിരിച്ചു വരാമെന്ന ആശങ്കയും ആരോഗ്യ സംഘടനകള്‍ പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ മാസ്കും സാമൂഹിക അകലവും ശുചിത്വശീലങ്ങളും ജനങ്ങള്‍ തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
Content Summary: s COVID Making A Comeback?