ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സീനുകളായ കോവിഷീല്‍ഡിനും കോവാക്‌സിനും ഹൃദയാഘാത സാധ്യതുമായി ബന്ധമില്ലെന്നു പഠനത്തില്‍ കണ്ടെത്തി. ഇവ ഉപയോഗിക്കുന്നതിനാല്‍ ഹൃദ്രോഗം വരുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പഠനം പറയുന്നു.
ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ 2021 ഓഗസ്‌റ്റിനും 2022 ഓഗസ്‌റ്റിനും ഇടയില്‍ പ്രവേശിപ്പിക്കപ്പെട്ട 1578 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ 1086 പേര്‍(68.8 ശതമാനം) കോവിഡിനെതിരെ വാക്‌സീന്‍ എടുത്തവരും 492 പേര്‍(31.2 ശതമാനം) വാക്‌സീന്‍ എടുക്കാത്തവരുമാണ്. വാക്‌സീന്‍ എടുത്തവരില്‍ 1047 പേര്‍(96 ശതമാനം) വാക്‌സീന്റെ രണ്ട് ഡോസും എടുത്തവരാണ്. 39 പേരാകട്ടെ(4 ശതമാനം) വാക്‌സീന്റെ ഒരു ഡോസ് മാത്രം എടുത്തവരാണ്.
ഈ വാക്‌സീനുകള്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജി ബി പന്ത് ആശുപത്രിയിലെ മോഹിത് ഗുപ്‌ത പറയുന്നു. വാക്‌സീന്‍ എടുത്തവരില്‍ ഹൃദയാഘാതത്തിനു ശേഷം മരണസാധ്യത കുറവാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വാക്‌സീന്‍ എടുത്തവരിലെ മറ്റ് കാരണങ്ങള്‍ മൂലമുള്ള മരണസാധ്യതയും കുറവാണെന്ന് പിഎല്‍ഒഎസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം കൂട്ടിച്ചേര്‍ത്തു. പ്രായം, പ്രമേഹം, പുകവലി എന്നിവ ഈ രോഗികളില്‍ മരണസാധ്യത വര്‍ധിപ്പിച്ച ഘടകങ്ങളാണെന്നും ഗവേഷകര്‍ പറയുന്നു.
Content Summary: Covid vaccines used in India and risk of heart attack are not related