രക്തസമ്മര്‍ദ പരിശോധനാ സമയത്ത് രോഗിയെ കിടത്തുന്നത് കൂടുതല്‍ കൃത്യമായ റീഡിങ് നല്‍കുമെന്ന് പഠനം. ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും മരണസാധ്യതയെയും കുറിച്ച് കൂടുതല്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താനാവുന്നത് കിടക്കുന്ന രോഗിയില്‍ എടുക്കുന്ന രക്തസമ്മര്‍ദ പരിശോധനയ്‌ക്കാണെന്നും പഠനം പറയുന്നു. ബെത്ത് ഇസ്രായേല്‍ ഡികോണസ് മെഡിക്കല്‍ സെന്ററിലെ ഡോ. സ്‌റ്റീഫന്‍ ജുറാഷെകിന്റെ നേതൃത്വത്തിലെ ഗവേഷണ സംഘമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെ അസോഷ്യേറ്റ് പ്രഫസര്‍ കൂടിയാണ് അദ്ദേഹം.
രാത്രികാലങ്ങളില്‍ രക്തസമ്മര്‍ദ പരിശോധന എടുക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുന്ന ഈ ഗവേഷണ പഠനറിപ്പോര്‍ട്ട് ബോസ്‌റ്റണില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഹൈപ്പര്‍ടെന്‍ഷന്‍ സയന്റിഫിക് സെഷന്‍ 2023ല്‍ അവതരിപ്പിക്കപ്പെട്ടു.
11,369 പേരെ 25-28 വര്‍ഷം തുടര്‍ച്ചയായി നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. 54 വര്‍ഷാണ് ഇപ്പോള്‍ ഇവരുടെ ശരാശരി പ്രായം. കിടക്കുന്ന അവസരത്തില്‍ മാത്രം ഉയര്‍ന്ന രക്തസമ്മര്‍ദം രേഖപ്പെടുത്തിയവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത 53 ശതമാനവും ഹൃദയ സ്‌തംഭനത്തിനുള്ള സാധ്യത 51 ശതമാനവും പക്ഷാഘാതത്തിനുള്ള സാധ്യത 62 ശതമാനവും മറ്റ് കാരണങ്ങള്‍ മൂലമുള്ള മരണസാധ്യത 34 ശതമാനവും അധികമായിരുന്നതായി പഠനത്തില്‍ കണ്ടെത്തി.
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ഭൂഗുരുത്വാകര്‍ഷണ ബലത്തിന്റെ സ്വാധീനം രക്തസമ്മര്‍ദത്തിന്റെ കൃത്യതയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും ഒപിയില്‍ വരുന്ന രോഗികളുടെ രക്തസമ്മര്‍ദ പരിശോധന അവരെ ഇരുത്തിക്കൊണ്ടാണ് ഡോക്ടര്‍മാര്‍ എടുക്കാറുള്ളത്. ഇത് അത്ര കൃത്യമായ ഫലസൂചനകള്‍ നല്‍കിയേക്കില്ലെന്നും ഗവേഷകര്‍ സമര്‍ഥിക്കുന്നു.
Content Summary: Lying Down for Blood Pressure Testing Provides More Accurate Results