വിഷാദരോഗം ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകാമെന്നു പഠനം

Mail This Article
വിഷാദരോഗം ടൈപ്പ് 2 പ്രമേഹമുണ്ടാകാനുള്ള കാരണങ്ങളിലൊന്നാകാമെന്ന് യുകെയില്‍ നടത്തിയ ജനിതക പഠനത്തില്‍ കണ്ടെത്തി. വിഷാദരോഗ ചരിത്രമുള്ളവര്‍ക്ക് പ്രമേഹരോഗ പരിശോധനയും നടത്തുന്നത് രോഗസങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. ഡയബറ്റീസ് യുകെയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
യുകെയിലെയും ഫിന്‍ലാന്‍ഡിലെയും ലക്ഷണക്കണക്കിന് പേരില്‍ നടത്തിയ പഠനങ്ങളുടെ ഡേറ്റ ഇതിനായി ഉപയോഗപ്പെടുത്തി. ഇതില്‍ 19,000 പേര്‍ ടൈപ്പ് 2 പ്രമേഹമുള്ളവരും 5000 പേര്‍ വിഷാദരോഗം നിര്‍ണയിക്കപ്പെട്ടവരും 1,53,000 പേര്‍ വിഷാദരോഗമുണ്ടെന്ന് സ്വയം റിപ്പോര്‍ട്ട് ചെയ്‌തവരുമാണ്. മെന്‍ഡെലിയന്‍ റാന്‍ഡമൈസേഷന്‍ എന്ന സ്‌റ്റാറ്റിസ്‌റ്റിക്കല്‍ രീതി ഉപയോഗിച്ചാണ് ഗവേഷകര്‍ ഇവരുടെ ജനിതകവും ആരോഗ്യപരവുമായ വിവരങ്ങള്‍ വിലയിരുത്തിയത്.
വിഷാദരോഗവും പ്രമേഹവും തമ്മില്‍ ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്നതായി മുംബൈ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് കണ്‍സൽറ്റന്റ് ഡോ. ശൗനക് അജിങ്ക്യ ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വിഷാദരോഗം പ്രമേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതു പോലെതന്നെ പ്രമേഹ രോഗം വിഷാദത്തിന്റെയും സാധ്യത വര്‍ധിപ്പിക്കാം. നിരന്തരമായ സമ്മര്‍ദവും വിഷാദരോഗവും അമിതമായ ഭക്ഷണം കഴിപ്പ്, ശാരീരികമായ അലസത, മോശം ഉറക്കശീലങ്ങള്‍ എന്നിവയിലേക്ക് നയിക്കാം. ഇവയെല്ലാം അമിതവണ്ണവും ഇന്‍സുലിന്‍ പ്രതിരോധവും വര്‍ധിപ്പിച്ച് പ്രമേഹകാരണങ്ങളായി തീരാം. വിഷാദരോഗം ശരീരത്തിന്റെ സമ്മര്‍ദ പ്രതികരണ സംവിധാനത്തെ ബാധിക്കുന്നതും ഗ്ലൂക്കോസ് ചയാപചയവുമായി ബന്ധപ്പെട്ട കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്നതും ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു.
നേരെ മറിച്ച് ടൈപ്പ് 2 പ്രമേഹ നിയന്ത്രണവും ഇതുമായി ബന്ധപ്പെട്ട സമ്മര്‍ദവും വിഷാദരോഗത്തിന്റെയും സാധ്യത വര്‍ധിപ്പിക്കാം. വിഷാദരോഗത്തിന് പുറമേ കുടുംബത്തിന്റെ പ്രമേഹചരിത്രം, അമിതവണ്ണം, അലസമായ ജീവിതശൈലി, അനാരോഗ്യകരമായ കൊഴുപ്പും അമിതമായ പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രായം, വംശം എന്നിവയും പ്രമേഹരോഗത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. ഡയബറ്റീസ് കെയര്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Content Summary: Depression and Type 2 Diabetes