ഒരു വര്‍ഷം കൊണ്ട് 45 കിലോ കുറച്ച ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ചു

Mail This Article
ഒരു വര്‍ഷം കൊണ്ട് 45 കിലോ ശരീരഭാരം കുറച്ച് ശ്രദ്ധേയയായ ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ അഡ്രിയാന തൈസന്‍ അജ്ഞാത രോഗം ബാധിച്ച് മരണപ്പെട്ടു. സാവോ പോളോയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലാണ് അഡ്രിയാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം അഡ്രിയാനയുടെ കുടുംബം വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളിലൊരാള്‍ അഡ്രിയാനയുടെ ഔദ്യോഗിക ഇന്‍സ്‌റ്റാഗ്രാം ഹാന്‍ഡിലിലൂടെയാണ് മരണവിവരം പുറത്തു വിട്ടത്.
ഡ്രിക എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഈ 49കാരിക്ക് ആറ് ലക്ഷത്തിലധികം ഫോളേവേഴ്‌സ് ഇന്‍സ്‌റ്റാഗ്രാമിലുണ്ട്. ഒരു വര്‍ഷം കൊണ്ട് നൂറ് പൗണ്ടിലധികം(45 കിലോ) ശരീരഭാരം കുറച്ച അഡ്രിയാന തന്റെ ഫിറ്റ്‌നസ് ടിപ്പുകളും ഭാരനിയന്ത്രണ യാത്രയെ സംബന്ധിച്ച വിവരങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പോസ്‌റ്റ് ചെയ്യാറുണ്ടായിരുന്നു.
കൗമാരകാലം മുതല്‍ തന്നെ അമിതഭാരമുണ്ടായിരുന്ന അഡ്രിയാനയ്‌ക്ക 39-ാം വയസ്സില്‍ 100 കിലോയോളമായിരുന്നു ശരീരഭാരം. ലഹരിമരുന്ന് ഉപയോഗവും വിഷാദരോഗവുമെല്ലാം നിറഞ്ഞ ഭൂതകാലത്ത് നിന്നാണ് ഭാരം കുറച്ച് ഫിറ്റ്‌നസിന്റെയും ആരോഗ്യശീലങ്ങളുടെയും ലോകത്തേക്ക് അഡ്രിയാന എത്തുന്നത്. സന്തുലിതമായ ഭക്ഷണക്രമവും കഠിനമായ വ്യായാമ മുറകളും കൊണ്ട് ആദ്യ എട്ട് മാസത്തില്‍ 80 പൗണ്ട്(36 കിലോ) കുറച്ച അഡ്രിയാന തുടര്‍ന്നുള്ള ഏഴ് മാസങ്ങളില്‍ 20 പൗണ്ടും(9 കിലോ) കുറച്ചു.
ഡ്രിക സ്റ്റോര്‍ എന്ന പേരില്‍ ഒരു പ്ലസ് സൈസ് വസ്‌ത്ര ബ്രാന്‍ഡും അഡ്രിയാന നടത്തുന്നുണ്ടായിരുന്നു. മിനാസ് ഗെരൈസിലെ ബോം ജീസസ് സെമിത്തേരിയില്‍ അഡ്രിയാനയുടെ സംസ്‌ക്കാരം നടത്തിയതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Summary: Brazilian Health Influencer, Dies Of 'Mystery Illness' After Losing 45 kg In A Year