ഗർഭാശയമുഖ അർബുദം; കാരണവും രോഗലക്ഷണങ്ങളും അറിയാം
Mail This Article
ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസറിനെ തുടർന്ന് പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചുവെന്നാണ് അഭ്യൂഹം. എന്നാൽ മലയാളികൾക്ക് അത്ര പരിചിതമല്ല സെർവിക്കൽ കാൻസർ. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് 90 ശതമാനം സെർവിക്കൽ കാൻസർ കേസുകൾക്കും കാരണം. ലൈംഗിക ബന്ധത്തിലൂടെയാണ് മിക്കപ്പോഴും ഈ വൈറസ് പകരുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഓരോ വ്യക്തിയിലും ഈ വൈറസ് ഉണ്ടാകും. പൊതുവേ ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ ഫലമായി, ഒന്നോ രണ്ടോ വർഷത്തിനു ശേഷം മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ വൈറസ് ശരീരത്തില്‍നിന്നു പോകും. എന്നാൽ അപൂർവം ചിലരിൽ വൈറസ് നിലനിൽക്കുകയും അത് സെർവിക്കൽ കാൻസറിനു കാരണമാവുകയും ചെയ്യും.
ഹ്യൂമൻ പാപ്പിലോമ വൈറസിൽ തന്നെയുള്ള 16,18 സ്ട്രെയ്നുകളാണ് സെർവിക്കല്‍ കാൻസർ ഉള്ള രോഗികളിൽ കൂടുതലായി കാണപ്പെടുന്നത്. 90 ശതമാനം സെർവിക്കൽ കാൻസറുകൾക്ക് കാരണമാകുന്നതും ഈ വൈറസ് തന്നെയാണ്. അപൂർവമായി മറ്റു സ്ട്രെയ്നുകളും സെർവിക്കൽ കാൻസറിനു കാരണമാകാറുണ്ട്.
എച്ച്പിവി ആണ് പ്രധാനിയെങ്കിലും മറ്റു പല കാൻസറുകള്‍ക്കും കാരണമാകുന്ന പുകവലി, അമിത വണ്ണം എന്നിവയും ചില ഘട്ടങ്ങളിൽ സെർവിക്കൽ കാൻസറിനു കാരണമായി മാറാറുണ്ട്. ഒന്നിൽ കൂടുതൽ വ്യക്തികളുമായുള്ള ലൈംഗികബന്ധം, ചെറുപ്രായത്തിൽത്തന്നെ ലൈംഗികബന്ധത്തില്‍ ഏർപ്പെടുക എന്നതും ഈ അർബുദത്തിനു കാരണമാകാം. അതേസമയം, മറ്റു കാൻസറുകളെ അപേക്ഷിച്ച് ജനിതകമായ ഘടകങ്ങൾ സെർവിക്കൽ കാൻസറിൽ ബാധകമായി കണ്ടിട്ടില്ല.
സെർവിക്കൽ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ് രക്തസ്രാവം. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് പോസ്റ്റ് കോയിറ്റല്‍ ബ്ലീഡിങ് (post coital bleeding) അഥവാ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്തോ അതിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവമാണ്. മാസമുറ തീർന്ന സ്ത്രീകളിൽ ഉണ്ടാകുന്ന ബ്ലീഡിങ്ങും മാസമുറയുടെ ഇടയിൽ ഉണ്ടാകുന്ന ബ്ലീഡിങ്ങും സെർവിക്കൽ കാൻസറിന്റെ ഒരു ലക്ഷണമായാണ് പറയുന്നത്. യോനിയിൽനിന്നു വരുന്ന ദുർഗന്ധത്തോടു കൂടിയ വൈറ്റ് ഡിസ്ചാര്‍ജ് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ വൈകിയ സ്റ്റേജിൽ ആയിരിക്കും പലപ്പോഴും ഇത് കാണപ്പെടുന്നത്.
പ്രാരംഭ ഘട്ടത്തിൽത്തന്നെ തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗമാണ് സെർവിക്കൽ കാൻസർ.
ഹോർമോൺ മാറ്റങ്ങളും സ്ത്രീകളുടെ ആരോഗ്യവും: വിഡിയോ