ADVERTISEMENT

ഖലീൽ ജിബ്രാൻ പറയുന്നു - ‘‘ചിലരുണ്ട്, അവർ ആഹ്ലാദത്തിനു വേണ്ടിയോ നന്മ ചെയ്യണമെന്നു കരുതിയോ അല്ല ദാനം ചെയ്യുന്നത്. ദൂരെയെങ്ങോ ഒരു താഴ്‍വരയിൽ വളരുന്ന മിർട്ടിൽ ചെടി അന്തരീക്ഷത്തിലേക്കു സുഗന്ധം പ്രസരിപ്പിക്കുന്നതു പോലെ അവർ നൽകുന്നു. ഇങ്ങനെയുള്ളവരുടെ കൈകളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഇവരുടെ മിഴികൾക്കകമേയിരുന്നാണ് ദൈവം ഭൂമിക്കുമേൽ മന്ദഹസിക്കുന്നത്. ചോദിക്കുമ്പോൾ നൽകുന്നത് നല്ലതു തന്നെ. എന്നാൽ, അറിഞ്ഞു നൽകുന്നത് എത്രയോ ശ്രേഷ്ഠം. ഉദാരമനസ്കരായ ദാതാക്കൾക്ക് ദാനത്തെക്കാൾ വലിയ ആനന്ദമാണ് ദാനം സ്വീകരിക്കുന്നവർക്കു വേണ്ടിയുള്ള ആ തേടൽ’’

ഈ ലോകത്തിലെ നമ്മുടെ സഹജീവികളുടെ– അവരെവിടെയോ ഉള്ളവരാകട്ടെ– നിസ്സഹായാവസ്ഥ അറിഞ്ഞ് അവർക്കായി ഒരു സഹായം എത്തിച്ചുകൊടുക്കണമെന്ന ഒരു ‘തേടൽ’ നമ്മുടെ ഉള്ളിലുണ്ടാകുമ്പോൾ ഒരു വലിയ ദൈവാന്വേഷണം തന്നെയാണ് സംഭവിക്കുന്നത്. ആ ആവശ്യം നിവർത്തിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് ദൈവാനുഭവം. ഹൃദയവും മിഴികളും നിറയ്ക്കുന്ന ഒരു സമാധാനമാണത്. കൊടുക്കൽവാങ്ങലുകളാണല്ലോ ജീവിതം. മാത്സര്യത്തിന്റെയും പ്രായോഗികതയുടെയും ലോകത്തിൽ സംതൃപ്തി കിട്ടാൻ കൊടുക്കലുകൾ വേണ്ടിവരും. 

living-donor-day-april-11-logo

അമേരിക്കയിൽ തൊണ്ണൂറ്റിരണ്ടായിരത്തിലധികം ആളുകൾ വൃക്ക തകരാറായി ഡയാലിസിസുമായി ജീവിച്ച്, എന്നോ കിട്ടിയേക്കാവുന്ന കേടില്ലാത്ത ഒരു വൃക്കയും കാത്ത് ജീവിക്കുമ്പോൾ, ഈ കുറിപ്പെഴുതാതിരിക്കാൻ കഴിയുന്നില്ല. ഓരോ പതിനാലു മിനിറ്റിലും ആ കാത്തിരിപ്പുകാരുടെ ലിസ്റ്റിലേക്ക് ഒരു പേരുകൂടി എഴുതി ചേർക്കപ്പെടുന്നു. ഈ ഹതഭാഗ്യരിൽ ഒരാൾ, ഓരോ മണിക്കൂറിലും മരിക്കുകയോ സങ്കീർണമായ രോഗാവസ്ഥയിലേക്ക് എത്തപ്പെടുകയോ ചെയ്യുന്നു. അതിൽ ഇന്നോ നാളെയോ നിങ്ങളുമുണ്ടാകാം. നിങ്ങളുടെ പ്രിയപ്പെട്ടവരുണ്ടാകാം. ചിലപ്പോൾ പരിചിതരുണ്ടാകാം. അതിലെ ആയിരക്കണക്കിനാളുകൾ നിങ്ങളെ അറിയാത്തവരോ നിങ്ങളറിയാത്തവരോ ആയിരിക്കും. ഈ മനുഷ്യർ കടന്നുപോകുന്ന നിസ്സഹായാവസ്ഥകളിലൂടെ ഒരിക്കലും ആരും കടന്നുപോകാതിരിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ശരീരമെന്ന സങ്കീർണമായ യന്ത്രത്തിന്റെ ഓരോ ഭാഗവും എത്ര വിലപ്പെട്ടതാണെന്ന് അതിലൊന്നിനു കേടുവന്നാൽ മാത്രമേ മനസ്സിലാകൂ. ഇതിൽ ചിലതിന് കേടുവന്നാൽ നന്നാക്കിയെടുക്കാം. പക്ഷേ, മാറ്റിവച്ചാൽ ശരിയായി കിട്ടുന്ന യന്ത്രങ്ങളിൽ ഒന്നാണ് കിഡ്നി. ഭൂരിപക്ഷം ആളുകളും ജനിക്കുന്നത് രണ്ട് വൃക്കകളുമായിട്ടാണ്. ഇതു രണ്ടും ഒരേ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നു. ഇതിൽ ഒന്നിനു തനിയെ ചെയ്യാവുന്ന ജോലികളാണ് രണ്ടു പേരും കൂടി ചെയ്യുന്നത്. പ്രവർത്തനക്ഷമമാണെങ്കിൽ മനുഷ്യശരീരത്തിന് ഒരു വൃക്കയുടെ ആവശ്യമേയുള്ളൂ. പൊതുവെ സമൂഹത്തില്‍ പലർക്കും അറിഞ്ഞുകൂടാത്ത യാഥാർഥ്യമാണിത്. വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സത്യം. നമുക്ക് രണ്ടുള്ളതിൽ ഒന്ന് ദാനം കൊടുക്കുമ്പോൾ നമുക്കു കാര്യമായ നഷ്ടങ്ങൾ ഒന്നുമുണ്ടാകുന്നില്ല. സ്വീകരിക്കുന്ന വ്യക്തിക്ക് ജീവനും ജീവിതവും തിരിച്ചു കിട്ടുന്നു. കൂടുതൽകാലം (20 മുതൽ 40 വരെ വർഷം) ആരോഗ്യകരമായ ജീവിതം കിട്ടുന്നു. 

lucy-kaniyaly
ലൂസി കണിയാലി

ഇപ്പോഴത്തെ കണക്കുകൾ പ്രകാരം വൃക്ക മാറ്റിവയ്ക്കലിനായി പേരു ചേർക്കപ്പെട്ടു കഴിഞ്ഞാൽ 3–10 വർഷങ്ങളാണ് കാത്തിരിപ്പു സമയം. ഇതിനോടകം രോഗിയുടെ ആരോഗ്യാവസ്ഥ സങ്കീർണമാകാൻ സാധ്യത വളരെക്കൂടുതലാണ്. രോഗിയുടെ ഊർജം മാത്രമല്ല, അവരുമായി ബന്ധപ്പെട്ടവരുടെ ഊർജവും സമാധാനവും സന്തോഷങ്ങളും ജീവിതതാളങ്ങളും വരെ താഴ്ന്ന നിലയിലാകുവാനും സാധ്യതകൾ ഏറെയാണ്. 

ഒരാള്‍ വൃക്കദാനത്തിന് തയാറായാൽ, അവരുടെ ബന്ധുവിന് അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന വ്യക്തിക്ക് അത് യോജിച്ചതെങ്കിൽ പോലും ആ സംരംഭത്തിലൂടെ ആ വ്യക്തിയെ സഹായിക്കാൻ സാധിക്കും. അതിനുള്ള സംവിധാനങ്ങളെ അമേരിക്കയിൽ Non Direct Donations, Swap Program, Compatible Share Voucher Program എന്നിങ്ങനെ പല പേരുകളിൽ വിളിക്കുന്നു. നിങ്ങൾ ദാനം നൽകുന്നതിലൂടെത്തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിക്ക് നേരിട്ടല്ലെങ്കിൽ പോലും പ്രയോജനമാകുന്നുണ്ട്. നമ്മളറിയാത്ത, നമ്മളെ അറിയാത്ത അജ്ഞാതനായ ഒരാൾക്ക് ജീവിതം തിരിച്ചു കൊടുക്കുന്നതിനോളം സംതൃപ്തി നമുക്ക് വേറെ എവിടെ നിന്നു കിട്ടും?

ആരോഗ്യവാനായ ഓരോ വ്യക്തിയും വൃക്കദാനത്തിന് അനുയോജ്യനാണ്. വൃക്കദാനത്തിനു മുന്നോടിയായുള്ള പരിശോധനകളുടെ ചെലവ്, ശസ്ത്രക്രിയ, അതിന് അനുബന്ധമായ ചെലവുകൾ ഇവയൊന്നും ദാതാവിന്റെ ഉത്തരവാദിത്തമല്ല. ഇതെല്ലാം വൃക്ക സ്വീകരിക്കുന്നയാളിന്റെ ഹെൽത്ത് ഇൻഷുറൻസാണ് ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നത്. അതേസമയം, പണം വാങ്ങി വൃക്ക കൊടുക്കുന്നത് അമേരിക്കയിൽ നിയമവിരുദ്ധമാണ്. സാധാരണഗതിയിൽ ദാതാവിന്റെ ലാപ്രോസ്കോപ്പി (താക്കോൽദ്വാര ശസ്ത്രക്രിയ) ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടു മുതൽ നാല് വരെ ആഴ്ചയ്ക്കുള്ളിൽ പൂർണ ആരോഗ്യവാനായി പഴയ രീതിയിൽ ജീവിതം തുടരാൻ കഴിയും. മറ്റ് ആരോഗ്യതടസ്സങ്ങളോ പുതിയ മരുന്നുകളോ ഒന്നും വേണ്ടി വരുന്നില്ല. 

ഈ കുറിപ്പെഴുതുമ്പോൾ എനിക്ക് പല കാര്യങ്ങളും സത്യസന്ധമായി പറയാൻ കഴിയുന്നത് ഞാൻ 2020 െസപ്റ്റംബർ പതിനാറാം തീയതി ഈ കഥയിലെ നായികയായതു കൊണ്ടാണ്. എന്റെ ഭർത്താവിനു വേണ്ടി ഒരു വൃക്ക ദാനം ചെയ്യുവാൻ എടുത്ത തീരുമാനം എന്തുമാത്രം ശരിയായിരുന്നു എന്ന് ഓർത്ത് എന്നും അഭിമാനിക്കുന്നു. ഞങ്ങളിൽ ഒരാളുടെ ജീവനും മരണവും രണ്ടു വശങ്ങളിലായി ഒരു പ്രശ്നമായി നിന്നപ്പോൾ, അതിനുള്ള പരിഹാരം എന്താണ് എന്നാണു ചിന്തിച്ചത്. ഒരേ ദിവസം ഒരേ ആശുപത്രിയിൽ മാതാപിതാക്കളെ രണ്ടു പേരെയും ഒരേസമയം ശസ്ത്രക്രിയാ മുറിയിലേക്ക് യാത്രയാക്കിയ ഞങ്ങളുടെ മൂന്നു മക്കളുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും എന്നൊക്കെ ഓർക്കാന്‍ തോന്നിയില്ല. ഒരു വർഷക്കാലം ഒരു മുറിയിൽ രാത്രി എട്ടു മണി മുതൽ വെളുപ്പിനു നാലു മണി വരെ പെരിട്ടോണിയൽ ഡയാലിസിസ് മെഷീനുമായി സ്വയം ബന്ധിപ്പിച്ച് എട്ടുപത്തടി വിസ്തീർണതയിൽ ചുരുക്കപ്പെട്ട അവരുടെ പിതാവിന്റെ സ്വാതന്ത്ര്യം മാത്രമായിരുന്നു അന്നെന്റെ മനസ്സിൽ. അത് എന്റെ സ്വാർഥത! ഭർത്താവിനു വേണ്ടി വൃക്ക ദാനം നടത്തിയ പ്രദീപിന്റെ ഭാര്യ ബിജിമോളായിരുന്നു എനിക്കു പ്രചോദനം. ഞങ്ങളെക്കാളും ഉയരങ്ങളിൽ ഞാൻ കാണുന്ന സോഫിയാമ്മ എന്ന പെൺകുട്ടി അവളുടെ ചേച്ചിയുടെ മകനു വേണ്ടിയാണ് വൃക്കദാനം നടത്തിയത്. ഷിക്കാഗോയിൽ താമസിക്കുന്ന ഞങ്ങൾക്കെല്ലാവർക്കും മുൻപേ നടന്ന, എനിക്കു പേരറിയാത്ത, സ്വയം വെളിപ്പെടുത്താത്ത എത്രയോ പേർ. 6900 ലേറെ ദാതാക്കൾ 2023 ലുണ്ടായിരുന്നു. ഏപ്രിൽ പതിനൊന്ന്. ഇതു ഞങ്ങളുടെ ദിവസമാണ്. നാഷനൽ ലിവിങ് ഡോണര്‍ ഡേ (National Living Donor Day). കൊടുക്കുന്ന ആളും സ്വീകരിക്കുന്ന ആളും സ്വീകർത്താക്കളാണെന്ന ബോധ്യം ഞങ്ങൾക്കുണ്ട്. കാരണം ഞങ്ങൾക്കുള്ളതെല്ലാം ഞങ്ങളുടേതല്ല. ഞങ്ങൾക്ക് നൽകപ്പെട്ടതാണ് എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. എല്ലാവർക്കും ശുഭാശംസകൾ!‌

English Summary:

April 11 - National Living Donor Day - Lucy Kaniyaly Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com