വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; സാന്ത്വനമായി മലയാളി ഡോക്ടർ
Mail This Article
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യംമൂലം അവശയായ യാത്രക്കാരിക്കു സാന്ത്വനമേകി കൊച്ചിയിൽനിന്നുള്ള ഡോക്ടർ. ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.ജിജി വി.കുരുട്ടുകുളത്തിനാണു കഴിഞ്ഞ ചൊവ്വാഴ്ച യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കു നടത്തിയ യാത്ര ജീവിതത്തിലും തൊഴിലിലും എക്കാലവും ഓർക്കാനുള്ള അനുഭവമായി മാറിയത്.
ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സഹയാത്രികയായ 56 വയസ്സുകാരിക്കു യാത്രയ്ക്കിടെ കടുത്ത തലകറക്കവും തുടർച്ചയായ ഛർദിയുമനുഭവപ്പെട്ടത്. വിമാനത്തിലെ ഏക ഡോക്ടറായിരുന്നു ജിജി. അദ്ദേഹം സ്മാർട് വാച്ചിലെ സൗകര്യമുപയോഗിച്ചു രോഗിയുടെ ഹൃദയമിടിപ്പു പരിശോധിച്ചു. ഓക്സിജന്റെ അളവു കുറവാണെന്നും രക്തസമ്മർദം വർധിച്ചതും മനസ്സിലാക്കിയ ഡോക്ടർ വിമാനത്തിലെ മെഡിക്കൽ കിറ്റിൽ ലഭ്യമായ മരുന്നുകൾ നൽകിയതോടെ യാത്രക്കാരി ആരോഗ്യം വീണ്ടെടുത്തു. അടുത്തുള്ള വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കാനുള്ള തീരുമാനം ഡോ.ജിജിയുടെ ഉറപ്പിൽ ക്യാപ്റ്റൻ വേണ്ടെന്നുവച്ചു. നിശ്ചിത സമയത്തിനും 15 മിനിറ്റ് മുൻപു സാൻഫ്രാൻസിസ്കോയിൽ വിമാനമിറക്കാനുമായി. അവിടെ കാത്തു നിന്ന മെഡിക്കൽ സംഘം രോഗിയെ ആശുപത്രിയിലേക്കു മാറ്റി. ഡോക്ടർമാർ യാത്രയ്ക്കിടയിൽ തിരിച്ചറിയൽ കാർഡ് കൈവശംവയ്ക്കേണ്ടതു സുപ്രധാനമാണെന്നു ഡോ.ജിജി വി.കുരുട്ടുകുളം പറയുന്നു.