ADVERTISEMENT

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്. എംഎസ് പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലേക്ക്. എഫ്ആർസിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിലേക്ക്. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) കുറച്ചു കാലം ജോലി ചെയ്തു. ജോലി കിട്ടിയപ്പോൾ പഠനം ഉപേക്ഷിച്ചില്ല. ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് ഉന്നതപഠനത്തിനായി ജോൺ ഹോപ്കിൻസ് അടക്കം രണ്ടുമൂന്ന് ഉന്നത വിദേശ സർവകലാശാലകളിലേക്ക് അദ്ദേഹം തിരികെപ്പോയി. 

ഡോ. എം.എസ്.വല്യത്താൻ. ചിത്രം: മനോരമ
ഡോ. എം.എസ്.വല്യത്താൻ. ചിത്രം: മനോരമ

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹത്തെ മലയാളികൾക്കു കൂടുതൽ പരിചയം. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാധാരണ ഫോക്കസ് തന്നെ അദ്ദേഹം മാറ്റിയെടുത്തു. മെഡിക്കൽ സാങ്കേതികവിദ്യയ്ക്ക് അദ്ദേഹം കൂടുതൽ ഊന്നൽ നൽകി. വിദേശത്തുനിന്നു വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്ക്കു വാൽവ് ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളുടെ മാറ്റ് വളരെക്കൂടുതലാണ്. രക്ത ബാഗുകൾ നിർമിച്ചു വ്യാപകമാക്കിയതു മറ്റൊരു ഉദാഹരണം. 

ശ്രീചിത്ര വിട്ട് മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ ഡോ. വല്യത്താൻ പിന്നീട് ആ വഴിയിൽനിന്ന് ആയുർവേദത്തിന്റെ ഗവേഷണത്തിലേക്കു കടന്നു. അലോപ്പതി ഡോക്ടർമാരും ആയുർവേദക്കാരും തമ്മിൽ പലപ്പോഴും അഭിപ്രായഭിന്നതകൾ ഉണ്ടാകാറുള്ളപ്പോൾ, രണ്ടിലും അതിന്റേതായ ഗുണങ്ങൾ കണ്ടെത്താൻ പരിശ്രമിച്ച ഡോ. വല്യത്താന്റെ സംഭാവന പ്രത്യേകം ഓർമിക്കപ്പെടുന്നു. ആയുർവേദത്തെ ജനകീയമാക്കാനും പ്രഫഷനലുകളെ ബോധവൽക്കരിക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഉപകരിച്ചിട്ടുണ്ട്. ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. വൈദ്യശാസ്ത്രത്തിന്റെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജീവശാസ്ത്ര മേഖലകളുടെയും അമ്മയാണ് ആയുർവേദം എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. കോഴിക്കോട്ട് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിനു കീഴിൽ വിവിധ സ്ഥാപനങ്ങളെ ഏകീകരിച്ചുമൊക്കെ അദ്ദേഹം ഗവേഷണമേഖലയെ പരിപോഷിപ്പിക്കാൻ നടത്തിയ ശ്രമങ്ങളാണ് എന്നെ ഏറെ ആകർഷിച്ചിട്ടുള്ളത്. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനായിരുന്ന അദ്ദേഹം, പത്മവിഭൂഷൺ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികൾക്ക് അർഹനായി. ഈ ബഹുമതികളെല്ലാം അദ്ദേഹം കേരളത്തിനു നേടിത്തന്ന അംഗീകാരങ്ങളായിരുന്നു. 

തൊഴിലിലായാലും പഠനത്തിലായാലും, ഓരോ ചുവടു മുന്നോട്ടുവയ്ക്കുമ്പോഴും മാതൃകയാക്കാവുന്ന മഹത്തായൊരു ജീവിതം തന്നെയാണു ഡോ. എം.എസ്.വല്യത്താൻ. കാരണം, തനിക്കു നേടാവുന്നതിലേറെ നൽകാവുന്നതിലാണ് അദ്ദേഹം എന്നും ശ്രദ്ധ പുലർത്തുന്നത്. 

(തൊഴിൽവീഥിയിലെ വിജയതീരങ്ങൾ എന്ന പംക്തിയിൽ ജി. വിജയരാഘവൻ ഡോ. എം.എസ്.വല്യത്താനെ കുറിച്ച് എഴുതിയ ലേഖനം)

English Summary:

G Vijayaraghavan article on Dr M S Valiyathan life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com