നോണ്‍ സ്‌റ്റിക് പാന്‍ അമിതമായി ചൂടാക്കരുത്, കാത്തിരിക്കുന്നത് ടെഫ്‌ളോണ്‍ ഫ്‌ളൂ
Mail This Article
നമ്മുടെ വീടുകളില്‍ പാചകത്തിന് സര്‍വസാധാരണമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ടെഫ്‌ളോണ്‍ കോട്ടിങ്ങോട് കൂടിയ നോണ്‍ സ്‌റ്റിക് പാനുകള്‍. എന്നാല്‍ ഇവ അമിതമായി ചൂടാക്കിയാല്‍ ഇതില്‍ നിന്ന് വരുന്ന രാസവസ്‌തു ടെഫ്‌ളോണ്‍ ഫ്‌ളൂവിന് കാരണമാകാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പനി പോലുള്ള ഈ രോഗം അമേരിക്കയില്‍ 267 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തത്.
ടെഫ്‌ളോണ്‍ ആവരണത്തിലെ രാസവസ്‌തുവായ പോളിടെട്രാഫ്‌ളൂറോഎഥിലീന്‍ പെര്‍-ആന്‍ഡ് പോളിഫ്‌ളൂറോആല്‍ക്കൈല്‍ സബ്‌സ്‌റ്റന്‍സസില്‍(പിഎഫ്‌എ) ഉള്‍പ്പെടുന്ന തരം രാസവസ്‌തുവാണ്. 'ഫോര്‍എവര്‍ കെമിക്കലുകള്‍' എന്ന് കൂടി അറിയപ്പെടുന്ന ഇവ പരിസ്ഥിതിയില്‍ ആയിരക്കണക്കിന് വര്‍ഷം ജീര്‍ണ്ണിക്കാതെ നിലനില്‍ക്കും. നോണ്‍സ്‌റ്റിക് പാത്രങ്ങള്‍ 500 ഡിഗ്രി ഫാരന്‍ഹീറ്റിനും മുകളില്‍ ചൂടാക്കുമ്പോള്‍ ടെഫ്‌ളോണ്‍ ആവരണം തകരുകയും വിഷപ്പുക പുറത്ത് വരികയും ചെയ്യും. ഇതാണ് ടെഫ്‌ളോണ്‍ ഫ്‌ളൂവിന് കാരണമാകുന്നത്.
കുളിര്‍, ചുമ, നെഞ്ചിന് കനം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, പേശീവേദന, സന്ധിവേദന എന്നിവയെല്ലാം ടെഫ്‌ളോണ്‍ ഫ്‌ളൂ ലക്ഷണങ്ങളാണ്. എണ്ണയോ മറ്റൊ ഒഴിക്കാതെ നോണ്‍സ്‌റ്റിക് പാത്രങ്ങള്‍ ചൂടാക്കരുതെന്ന് ആരോഗ്യ വിദഗ്‌ധര്‍ നിര്‍ദ്ദേശിക്കുന്നു. മാത്രമല്ല സ്‌റ്റീല്‍ പോലുള്ള കട്ടിയായ സ്‌പൂണുകള്‍ നോണ്‍ സ്‌റ്റിക് പാനുകളില്‍ ഉപയോഗിക്കുകയും ചെയ്യരുത്. ഇത് അവയുടെ ആവരണം പൊളിയാനും വിഷപ്പുക പുറത്ത് വരാനും കാരണമാകും.
പോറലുകള്‍ വീണ് കഴിഞ്ഞ പാനുകള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. നോണ്‍ സ്‌റ്റിക് പാനുകളിലെ ഒരു ചെറിയ പോറല്‍ പോലും 9000ന് മുകളില്‍ കണികകളെ പുറത്ത് വിടുമെന്ന് ഓസ്‌ട്രേലിയയില്‍ നടന്ന പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ കണികകള്‍ വൃക്കയ്‌ക്കും വൃഷ്‌ണസഞ്ചിക്കും അടക്കം അര്‍ബുദം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ പോറല്‍ വീണ നോണ്‍ സ്‌റ്റിക് പാത്രങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. നോണ്‍ സ്‌റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജനലുകള്‍ തുറന്നിടാനും എക്‌സോസ്‌റ്റ് ഫാനുകള്‍ ഉപയോഗിക്കാനും മറക്കരുത്. ഇത് വഴി വിഷ വാതകങ്ങള്‍ അടുക്കളയില്‍ തങ്ങി നില്‍ക്കാതെ പുറത്തേക്ക് പോകാന്‍ സഹായിക്കും.