അടുക്കളയിലെ ഫ്രിജ് രോഗങ്ങൾ ഉണ്ടാക്കുമോ? മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമെന്ത്?

Mail This Article
അസ്വസ്ഥയും വേദനയും ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ. അറുപത് ശതമാനം സ്ത്രീകള്‍ക്കും തങ്ങളുടെ ജീവിതകാലയളവില്‍ ഒരു തവണയെങ്കിലും മൂത്രനാളിയിലെ അണുബാധ ഉണ്ടാകാമെന്ന് കണക്കാക്കുന്നു. നിങ്ങള്‍ക്ക് അടിക്കടി ഈ അണുബാധയുണ്ടാകുന്നുണ്ടെങ്കില്‍ അതിനുത്തരവാദി ചിലപ്പോള്‍ നിങ്ങളുടെ ഫ്രിജും ആകാമെന്ന് അമേരിക്കയില്‍ അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു.
മലിനമാക്കപ്പെട്ട മാംസത്തില്‍ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയയാണ് ഇവിടെ വില്ലനാകുന്നത്. ഇ കോളി ബാക്ടീരിയ മൂലം മലിനമാക്കപ്പെട്ട ഇറച്ചി ഓരോ വര്‍ഷവും അമേരിക്കയില്‍ അഞ്ച് ലക്ഷം പേര്‍ക്കെങ്കിലും മൂത്രനാളിയിലെ അണുബാധയുണ്ടാക്കുന്നതായി പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ഇവിടെ സ്റ്റോറുകളില്‍ സൂക്ഷിക്കപ്പെടുന്ന 30 മുതല്‍ 70 ശതമാനം മാംസ ഉത്പന്നങ്ങളിലും ഇ കോളി സാന്നിധ്യമുള്ളതായാണ് കണക്കാക്കുന്നത്.

കന്നുകാലികളിലെ വ്യാപകമായ ആന്റിബയോട്ടിക്സ് ഉപയോഗം മനുഷ്യരില്‍ ആന്റിബയോട്ടിക് പ്രതിരോധമുള്ള ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകാമെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു. വൃക്കകള്‍, മൂത്രസഞ്ചി, മൂത്രനാളി, മൂത്രദ്വാരം എന്നിങ്ങനെ മൂത്രാശയ സംവിധാനത്തിന്റെ ഏതൊരു ഭാഗത്തും അണുബാധയുണ്ടാകാം. ചികിത്സിക്കാതെ വിട്ടാല്‍ അണുബാധ സങ്കീര്‍ണ്ണമാകുകയും വൃക്കനാശത്തിലേക്ക് നയിക്കുകയും ചെയ്യും. ഗര്‍ഭിണികളില്‍ മൂത്രാശയ അണുബാധ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ കുറഞ്ഞ ശരീര ഭാരം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം.