ADVERTISEMENT

‘രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദം’ ചൈനീസ് തത്ത്വചിന്തകനായ മെൻഷ്യസിന്റെ പ്രസിദ്ധമായ വാചകമാണിത്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന് ആ വാക്കിനെ മാറ്റിയെഴുതേണ്ടി വരുന്നു.

അയൽപക്കത്തെ വീടുകളിൽനിന്ന് ആരംഭിച്ച ഇവരുടെ ബാല്യകാല സൗഹൃദം 44 വർഷം പിന്നിടുമ്പോൾ പങ്കിട്ടത് സ്നേഹവും കരുതലും മാത്രമല്ല, കാൻസറിനെ പ്രതിരോധിക്കാനുള്ള കരുത്തു കൂടിയാണ്.

cancer-survivors

സോണിയ ബെന്നി, മിനി ജിജോ, രാധിക റെജി എന്നിവരാണ് ആ ഉറ്റ സ്നേഹിതർ. മൂവർക്കും പ്രായം 44. ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശികളായ ഇവരുടെ വീടുകൾ അടുത്തടുത്തായിരുന്നു. ബാല്യകാല സൗഹൃദം ജീവിതകാലം മുഴുവനുള്ള സൗഹൃദമായി വളർന്നു. വിവാഹം കഴിഞ്ഞ് മൂന്നിടങ്ങളിലായെങ്കിലും ഫോൺ വിളികളിലൂടെയും കൂടിച്ചേരലുകളിലൂടെയും സുഹൃദ്ബന്ധം തുടർന്നു. ഇതിനിടെ 2022ൽ സോണിയ കാൻസർ ബാധിതയായി. കൂട്ടുകാരിക്ക് കരുതലും ശുശ്രൂഷയുമായി മിനിയും രാധികയും ഓടിയെത്തി. വേദനകളിൽനിന്നു സോണിയ കരകയറിയതും രാധികയ്ക്കു കാൻസർ ബാധിച്ചു. രാധികയ്ക്കു സഹായമായി സോണിയയും മിനിയും നിന്നു. രാധികയും ജീവിതത്തിലേക്ക് തിരികെവരുമ്പോഴാണ് മിനിയും കാൻസർബാധിതയായത്.

ജീവിതം തന്ന അനുഭവത്തിന്റെ കരുത്തുമായി രണ്ടു കൂട്ടുകാരികളും മിനിക്ക് ഒപ്പം നിന്നു. വേദനകളിൽനിന്ന് മിനിയും തിരിച്ചുവരികയാണ്. രോഗമുക്തരായെങ്കിലും പരിശോധനകളും ചികിത്സയും തുടരുന്നു. സന്തോഷം മാത്രമല്ല നോവും പങ്കിടുന്നതാണു സൗഹൃദമെന്നു മൂവരും പറയുന്നു.

രോഗദിനങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട മൂവരും തയ്യൽക്കട തുടങ്ങാനുള്ള ശ്രമത്തിലാണ്. സാമ്പത്തിക പ്രയാസമുണ്ടെങ്കിലും മൂവരും ഒന്നിച്ചിറങ്ങുകയാണ്, ജീവിതത്തിലേക്കു നല്ല നിറങ്ങൾ തുന്നിച്ചേർക്കാൻ. സോണിയ ചങ്ങനാശേരി വട്ടപ്പള്ളിയിലാണ് താമസം. ഭർത്താവ് ബെന്നി ഓട്ടോ ഡ്രൈവറാണ്. ഇവർക്ക് മൂന്ന് കുട്ടികൾ. മിനി പായിപ്പാട് കൊച്ചുപള്ളിയിലാണു താമസം. ഭർത്താവ് ജിജോ ചങ്ങനാശേരിയിൽ കട നടത്തുന്നു. ഇവർക്ക് ഒരു മകനുണ്ട്. രാധിക ആലപ്പുഴ മുട്ടാറിലാ‍ണ് താമസം. ഭർത്താവ് റെജി. കൂലിപ്പണിക്കാരനാണ്. ഇവർക്ക് രണ്ട് മക്കൾ.

English Summary:

44 Years of Friendship, 3 Cancer Diagnoses: How These Women Found Strength in Each Other

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com