അറിയാതെ മലവും മൂത്രവും പോകും, ദിവസവും വേണ്ടിയിരുന്നത് നാലും അഞ്ചും ഡയപ്പർ; 14കാരിക്ക് ഇനി സാധാരണ ജീവിതം

Mail This Article
അറിയാതെ മലവും മൂത്രവും പോവുക, ദിവസവും ഡയപ്പർ ധരിച്ച് സ്കൂളിലേക്ക് പോകേണ്ടി വരിക എന്നതെല്ലാം ഒരു കുട്ടിക്ക് എത്ര ബുദ്ധിമുട്ട് ആയിരിക്കും ഉണ്ടാക്കുക. 14 വയസ്സുകാരിക്ക് ദിവസവും നാലും അഞ്ചും ഡയപ്പറുകളാണ് ഉപയോഗിക്കേണ്ടിയിരുന്നത്. സാക്രൽ എജെനെസിസ് എന്ന അവസ്ഥയുള്ള പെൺകുട്ടിയെ സ്കൂള്‍ ആരോഗ്യപരിശോധനയ്ക്കിടെയാണ് ആരോഗ്യപ്രവർത്തകർ കാണുന്നത്. ലക്ഷങ്ങൾ ചെലവു വരുന്ന സങ്കീർണമായ ഒരു ശസ്ത്രക്രിയ നടത്തിയാൽ കുട്ടിയുടെ അവസ്ഥ മെച്ചപ്പെടുത്താമെന്ന് ഡോക്ടർമാർ വിലയിരുത്തി. ഇപ്പോൾ സർക്കാർ പദ്ധതികളിലൂടെ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി പെൺകുട്ടിക്ക് സാധാരണ ജീവിതം തിരികെപ്പിടിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് മന്ത്രി വീണാ ജോർജ്.
സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
ഇന്ന് ആ മകളുടെ പുഞ്ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലുകളിലൂടെയാണ് ആ 14 വയസുകാരിയ്ക്ക് സാധാരണ ജീവിതം ലഭിച്ചത്. സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്കിടെയാണ് ആര്‍ബിഎസ്‌കെ നഴ്‌സ് ലീനാ തോമസ് അവളുടെ അവസ്ഥ കണ്ടെത്തിയത്. അറിയാതെ മലവും മൂത്രവും പോകുന്നത് മൂലം ദിവസവും അഞ്ചും ആറും ഡയപ്പറുകളാണ് മാറിമാറി അവള്‍ ധരിക്കേണ്ടിയിരുന്നത്. സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണമാണ് അറിയാതെ മലവും മൂത്രവും പോകുന്ന അവസ്ഥ ഉണ്ടായിരുന്നത്. ലക്ഷങ്ങള്‍ ചെലവുവരുന്ന സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയാല്‍ ഈ മകള്‍ക്ക് സാധാരണ ജീവിതം നയിക്കാനാകുമെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഈ ശസ്ത്രകിയ വിജയകരമായി നടത്തി. സ്വകാര്യ ആശുപത്രികളില്‍ 5 ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് നടത്തിയത്.
ആര്‍.ബി.എസ്.കെ. നഴ്‌സ് ലീനാ തോമസ്, ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ ഷേര്‍ളി സെബാസ്റ്റ്യന്‍, ആശാ പ്രവര്‍ത്തക ഗീതാമ്മ, ഡി.ഇ.ഐ.സി. മാനേജര്‍ അരുണ്‍കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ടീം തുടങ്ങിയ മുഴുവന്‍ പേരേയും അഭിനന്ദിക്കുന്നു. ഇതിന് നേതൃത്വം നല്‍കിയ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ ഇന്ന് ഈ കുട്ടിയെ സന്ദര്‍ശിച്ചു. അപ്പോഴാണ് വീഡിയോ കോളിലൂടെ ആ മകളുമായി സംസാരിച്ചത്.
സ്‌കൂള്‍ ആരോഗ്യ പരിപാടി നമ്മുടെ സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതിന് സവിശേഷ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ജനകീയ പങ്കാളിത്തത്തോടെയും വിപുലമായ പ്രവര്‍ത്തനങ്ങളോടെയുമുള്ള സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ ഔപചാരിക സംസ്ഥാനതല ഉദ്ഘാടനം വൈകാതെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.