കെജിഎംഒഎ സംസ്ഥാന സമ്മേളനം ‘വന്ദനം’ 18നും 19നും

Mail This Article
കോട്ടയം ∙ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സംസ്ഥാന സമ്മേളനം ‘വന്ദനം’ 18നും 19നും കുമരകം കെടിഡിസി വാട്ടർ സ്കേപ്സിൽ നടക്കും. 18നു രാവിലെ 8.30നു സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ.സുരേഷ് പതാക ഉയർത്തും. 10നു മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. കെ.വേണുഗോപാലൻ മെമ്മോറിയൽ മെഡിക്കൽ തുടർവിദ്യാഭ്യാസ പരിപാടി, സംസ്ഥാന ജനറൽ ബോഡി, മുതിർന്ന നേതാക്കളെ ആദരിക്കൽ, ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള സംസ്ഥാനതല ആരോഗ്യ പ്രശ്നോത്തരി, കുടുംബസംഗമം, കലാസന്ധ്യ എന്നിവ നടക്കും. 19നു രാവിലെ പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും. ഡോ. എം.പി.സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡ് സി.എസ്.സാനിയോയ്ക്കും ഡോ. എസ്.വി.സതീഷ്‌കുമാർ മെമ്മോറിയൽ അവാർഡ് ഹോപ് എന്ന സംഘടനയ്ക്കും ബെസ്റ്റ് ഡോക്ടർ അവാർഡ് ഡോ. ജമാൽ അഹമ്മദ്, ഡോ. ആർ.രഞ്ജിത്ത്, ഡോ. പി.എൽ.ദീപ്തിലാൽ, ഡോ. സയ്യദ് ഹമീദ്, കെ.എസ്.ഷുഹൈബ് എന്നിവർക്കും സമ്മാനിക്കും.

കേരളം എത്ര സുന്ദരം...; സഹൃദയശ്രദ്ധനേടി കെജിഎംഒഎ സംസ്ഥാന സമ്മേളന സ്വാഗതഗാനം
'അക്ഷരധ്യാനത്തിൻ പൊരുളുകൾ ഉറങ്ങുന്ന കോട്ടയം ...' എന്നു തുടങ്ങുന്ന ഗാനം നാടിന്റെ ഹൃദയഗീതമായി മാറുകയാണ്. ഡോ.പി.വിനോദാണ് രചയിതാവ്. കുമരകത്ത് നടക്കുന്ന കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതഗാനമാണിത്. സംഗീതവും ആലാപനവും നിർവഹിച്ചത് ഡോ. കെ.എ.മനോജാണ്. കോട്ടയത്തിന്റെ ആരോഗ്യരംഗം, കാർഷിക സമൃദ്ധി, ടൂറിസം തുടങ്ങി എല്ലാം നാലര മിനിറ്റുള്ള ഗാനത്തിലുണ്ട്. ‘കോട്ടയം എത്ര സുന്ദരം.. സ്വാഗതം സ്നേഹ സ്വാഗതം.. വന്ദനം ഹൃദയ വന്ദനം’ എന്നവസാനിക്കുന്ന ഗാനത്തിന്റെ പേരും വന്ദനം എന്നു തന്നെ. ഡോ. പി.വിനോദ് കോട്ടയം ജനറൽ ആശുപത്രയിലെ മെഡിസിൻ വിഭാഗം കൺസൽറ്റന്റാണ്. പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ടാണ് ഡോ. കെ.എ.മനോജ്. ചിത്രീകരണം നിർവഹിച്ചത് കൂടല്ലൂർ ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് സി.എം.രാജേഷാണ്.