ADVERTISEMENT

വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നവയാണ് നമ്മൾ കഴിക്കുന്ന ഭക്ഷണവും. ചിലതരം ഭക്ഷണക്രമം നിരന്തരമായി പിന്തുടരുന്നത്‌ വയറിലും കുടലിലും നീര്‍ക്കെട്ടിനും അര്‍ബുദത്തിനും കാരണമാകാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മലിനമായ കുടിവെള്ളത്തിലും ഭക്ഷണത്തിലും അപകടകാരികളായ  ബാക്ടീരിയകള്‍ അടങ്ങിയതാകാം. ഇവ വയറിന്റെ ആവരണത്തില്‍ ദീര്‍ഘകാല നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുകയും ഇത്‌ പിന്നീട്‌ അര്‍ബുദത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. വികസ്വര, ദരിദ്ര രാജ്യങ്ങളില്‍ ഈ രോഗങ്ങൾ വ്യാപകമാണ്‌. ഉപ്പിട്ട മീന്‍, അച്ചാറുകള്‍, പുകച്ച മാംസവിഭവങ്ങള്‍ എന്നിവ നൈട്രൈറ്റുകളും എന്‍-നൈട്രോസോ സംയുക്തങ്ങളും പുറത്തേക്ക്‌ വിടും. ഇവയും അര്‍ബുദത്തിന് കാരണമാകാറുണ്ട്‌. ഇതിനൊപ്പം അമിതമായ ഉപ്പിന്റെയും മദ്യത്തിന്റെയും കൂടി ഉപയോഗം പതിവാക്കിയാല്‍ വയറിലെ അര്‍ബുദത്തിന്‌ വേറെ കാരണമൊന്നും കണ്ടെത്തേണ്ടതില്ല.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ചുവന്ന മാംസം, മധുരപാനീയങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന അര്‍ബുദത്തിലേക്ക്‌ നയിക്കാം. ഈ ഭക്ഷണവിഭവങ്ങള്‍ അമിതവണ്ണവുമായും ബന്ധപ്പെട്ടിരിക്കുന്നു. മധുരം ചേര്‍ന്ന സോഡകള്‍ ചെറുപ്പക്കാരിലെ വന്‍കുടല്‍ അര്‍ബുദവുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. ബേക്കണ്‍, സോസേജ്‌, ഹോട്ട്‌ ഡോഗ്‌ പോലുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളിലെ നൈട്രൈറ്റ്‌ പോലുള്ള പ്രിസര്‍വേറ്റീവുകളും കുടലിന്റെ ആവരണത്തില്‍ അര്‍ബുദമുണ്ടാക്കാം.

നൈട്രൈറ്റിന്‌ പുറമേ പായ്‌ക്ക്‌ ചെയ്‌ത ഭക്ഷണത്തില്‍ പൊതുവേ കാണപ്പെടുന്ന എമള്‍സിഫയറുകളും ബൈസെഫനോളുകളും ടൈറ്റാനിയം ഡയോക്‌സൈഡ്‌ പോലുള്ള കളറിങ്‌ ഏജന്റുകളും ചിപ്‌സ്‌, ഫ്രൈഡ്‌ സാധനങ്ങളിലെ അക്രലൈമൈഡും അര്‍ബുദത്തിന് വഴിയൊരുക്കാം.

Representative Image. Photo Credit : Editklebercordeiro / iStockPhoto.com
Representative Image. Photo Credit : Editklebercordeiro / iStockPhoto.com

വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന്‌ നാരുകള്‍ കൂടുതല്‍ അടങ്ങിയ ഹോള്‍ ഗ്രെയ്‌നുകളും ഓറഞ്ച്‌, നാരങ്ങ പോലുള്ള സിട്രസ്‌ പഴങ്ങളും പാലുത്‌പന്നങ്ങള്‍, പച്ചിലകള്‍ പോലുള്ള കാല്‍സ്യം സമ്പന്ന ഭക്ഷണങ്ങളും കാരറ്റ്‌, ക്യാപ്‌സിക്കം, തക്കാളി, ബീറ്റ്‌റൂട്ട്‌ പോലുള്ള വിവിധ നിറങ്ങളിലെ പച്ചക്കറികളും ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതാണ്‌. പതിയെ വേവിക്കുന്ന തരം പാചക രീതി അവശ്യ പോഷണങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കും. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമേ നട്‌സുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം വയറിലെയും കുടലിലെയും അര്‍ബുദത്തില്‍ നിന്ന്‌ സംരക്ഷണം നല്‍കുമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary:

Prevent Stomach & Intestinal Cancer: The Foods to Avoid & Eat. Beat Stomach & Colon Cancer: The Ultimate Guide to a Healthy Gut & Diet.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com