ADVERTISEMENT

സംസ്ഥാന ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി  സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ആരോഗ്യ മേഖലയ്‌ക്ക്‌ പ്രഖ്യാപനങ്ങള്‍ നിരവധി. വൈദ്യ ശുശ്രൂഷയ്‌ക്കും പൊതുജനാരോഗ്യത്തിനുമുള്ള സര്‍ക്കാരിന്റെ  പദ്ധതിവിഹിതം 2915.49 കോടി രൂപയായി ബജറ്റില്‍ ഉയര്‍ത്തി. ഇത് മുൻവർഷത്തേക്കാൾ 97.96 കോടി രൂപ അധികമാണെന്ന്‌ ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച്‌ കൊണ്ട്‌ ധനമന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ 1.75 കോടി രൂപ ചെലവില്‍ മജ്ജ മാറ്റി വയ്ക്കൽ സൗകര്യം, എറണാകുളം, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളജുകളിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും സ്ട്രോക്ക് യൂണിറ്റുകൾ സ്ഥാപിക്കാനായി 21 കോടി രൂപ,കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 700 കോടി രൂപ എന്നിങ്ങനെ നീളുന്നു ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ട ബജറ്റ്‌ പ്രഖ്യാപനങ്ങള്‍. ബജറ്റ്‌ നിര്‍ദ്ദേശം നടപ്പാക്കുന്നതോട്‌ കൂടി എല്ലാ ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റ് സൗകര്യമുണ്ടാകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറുമെന്ന്‌ ധനമന്ത്രി പറഞ്ഞു.

രക്താതിമർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ബാധിച്ച  നിർദ്ധനരായ രോഗികൾക്ക് റഫറൽ ആശുപത്രികളിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ഒരു പുതിയ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ ആധുനിക കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 45 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹാർട്ട് ഫൗണ്ടേഷന് 10 കോടി രൂപ കാത്ത് ലാബിനായും അനുവദിച്ചു. പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിൽ ഘട്ടംഘട്ടമായി കാത്ത് ലാബ് സ്ഥാപിക്കൽ, നിലവിലുള്ള കാത്ത് ലാബുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കൽ, തീവ്രപരിചരണ വിഭാഗങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കായി 3 കോടി രൂപയും വകയിരുത്തി.

ആരോഗ്യവകുപ്പിന് കീഴിൽ നിലവിലുള്ള 105 ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്കായി 13.98 കോടി രൂപ നീക്കി വച്ചതായും ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞു. ഡയാലിസിസ് യൂണിറ്റുകൾ ഇല്ലാത്ത ജില്ലാ, ജനറൽ ആശുപത്രികളിലും, 25  ജില്ല  ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ എല്ലാ ജില്ലാ/ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ആസ്ഥാന ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്ന ആദ്യ  ഇന്ത്യൻ  സംസ്ഥാനമായി കേരളം മാറും.

കാരുണ്യ പദ്ധതിക്ക്‌ 700 കോടി രൂപ സംസ്ഥാന വിഹിതം
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ 41.99 ലക്ഷം കുടുംബങ്ങൾ ഉള്ളതിൽ 23.98 ലക്ഷം കുടുംബങ്ങൾക്കു മാത്രമേ കേന്ദ്ര വിഹിതം അനുവദിക്കുന്നുള്ളൂ എന്നും അത്‌ തന്നെ നാമമാത്രമാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിൽ നിലവിലുണ്ടായിരുന്ന വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയുമായി (ABPM-JAY) സംയോജിപ്പിച്ചാണ് കേരളത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. 
ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ 1115.33 കോടി രൂപയും ഈ സർക്കാരിന്റെ കാലയളവിൽ 3967.34 കോടി രൂപയും ഉൾപ്പെടെ ആകെ 5082.67 കോടി രൂപ സംസ്ഥാനം ചെലവഴിച്ചപ്പോള്‍  853.58 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാരിൽ നിന്നും ലഭ്യമായതെന്നും കാരുണ്യ പദ്ധതിക്കുള്ള സംസ്ഥാന വിഹിതം പ്രഖ്യാപിച്ചു കൊണ്ട്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യകിരണം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ 18 വയസ്സിൽ താഴെയുള്ളതും ജീവൽ ഭീഷണി ഉണ്ടാകുന്ന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നതുമായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന താലോലം, കുട്ടികൾക്കുള്ള കാൻസർ സുരക്ഷാ പദ്ധതി, കുട്ടികളുടെ കേൾവി വൈകല്യം പരിഹരിക്കുന്നതിനുള്ള ശ്രുതി തരംഗം എന്നീ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

അര്‍ബുദ ചികിത്സയ്‌ക്ക്‌ ഊന്നല്‍
സംസ്ഥാനത്ത്  അര്‍ബുദ രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണ്ണയത്തിനും പരിചരണത്തിനും ബജറ്റ്‌ ഊന്നൽ നൽകുന്നു. ആകെ 152.50 കോടി രൂപയാണ്‌ അര്‍ബുദ രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കുമായി വകയിരുത്തിയത്‌.
മലബാർ കാൻസർ സെന്ററിന് 35 കോടി രൂപയും കൊച്ചി കാൻസർ സെന്ററിന് 18 കോടി രൂപയും തിരുവനന്തപുരം ആർ.സി.സിയ്ക്ക് 75 കോടി രൂപയും മെഡിക്കൽ കോളേജ്/ജില്ല/താലൂക്ക് ആശുപത്രികൾ വഴിയുള്ള  അര്‍ബുദ ചികിത്സക്ക് 24.5 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.
സർക്കാരിന് കീഴിലുള്ള എല്ലാ ജില്ലാ ആശുപത്രികളെയും മാതൃകാ അര്‍ബുദ പരിചരണ കേന്ദ്രങ്ങളാക്കി പരിവർത്തനപ്പെടുത്തുന്നതിനുള്ള പദ്ധതിയ്ക്കായി 2.50 കോടി രൂപയും ധനമന്ത്രി വകയിരുത്തി. കരിമണൽ മേഖലയായ ചവറയിലെ സർക്കാർ ആശുപത്രിയിലും  അര്‍ബുദ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന്‌ ധനമന്ത്രി പ്രഖ്യാപിച്ചു. 
തിരുവനന്തപുരം ആർ.സി.സിയിലെ സ്ഥലപരിമിതി പരിഗണിച്ച് 14 നിലയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന 2.75 ലക്ഷം അടി വിസ്തൃതിയുള്ള പുതിയ ബ്ലോക്കിന്റെ  നേരത്തേയുള്ള പൂർത്തീകരണത്തിനായി 28 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. അര്‍ബുദ രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 23.30 കോടി രൂപയും അര്‍ബുദ രോഗികളായ സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട പരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 22 കോടി രൂപയും ആർ.സി.സി യുടെ പദ്ധതി വിഹിതത്തിൽ നിന്നും നീക്കിവയ്ക്കുന്നതായും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള എമർജൻസി മെഡിക്കൽ സർവ്വീസസ് പ്രോജക്ട് പദ്ധതിയിൽ ഉൾപ്പെട്ട 335 അഡ്വാൻസ്‌ഡ് ലൈഫ് സപ്പോർട്ട് '108' ആംബുലൻസുകളുടെ നടത്തിപ്പ് ചെലവ് വഹിക്കുന്നതിനായി 80 കോടി രൂപയും ബജറ്റ്‌ വകയിരുത്തി.
ന്യൂ ബോൺ സ്ക്രീനിംഗ് പ്രോഗ്രാം ടെസ്റ്റ് മുഖേന കുട്ടികളിലെ ജന്മനായുള്ള കൺജനിറ്റൽ ഹൈപ്പോ തൈറോയിഡിസം, കൺജനിറ്റൽ അഡ്രിനൽ ഹൈപ്പർ പ്ലാസിയ, ജി-6 പി.ഡി ഡെഫിഷ്യൻസി, ഗാലക്ടോസെമിയ എന്നീ രോഗങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന്‌ ബാലഗോപാല്‍ തന്റെ ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞു. പ്രസവം നടക്കുന്ന എല്ലാ  ആശുപത്രികളിലും ഈ പദ്ധതിയുടെ തുടർ നടത്തിപ്പിനായി 2.40 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്‌.  ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ആകെ പദ്ധതി വിഹിതമായി 532.84 കോടി രൂപയും
കേരള ആരോഗ്യ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾക്കായി 11.5 കോടി രൂപയും ബജറ്റ്‌ വകയിരുത്തി.
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയ്ക്കുള്ള സംസ്ഥാന വിഹിതമായി 465.20 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.  ഇതിൽ കുടുംബാരോഗ്യ ബ്യൂറോകളുടെ ഭരണവും നടത്തിപ്പും, സബ് സെന്ററുകൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, എഎന്‍എം / എല്‍എച്ച്‌ വി പരിശീലന സ്കൂളുകൾ, കുടുംബാരോഗ്യ പരിശീലന കേന്ദ്രങ്ങൾ, വിവിധോദ്ദേശ്യ പ്രവർത്തകരുടെ പരിശീലനം എന്നീ ചെലവുകൾക്കുള്ള സംസ്ഥാന വിഹിതമായ 100 കോടി രൂപയും ഉൾപ്പെടുന്നു.

ആരോഗ്യ മേഖലയെ സംബന്ധിച്ച ബജറ്റിലെ മറ്റ്‌ പ്രഖ്യാപനങ്ങളും വകയിരുത്തലുകളും ഇനി പറയുന്നു :
> പുതുതായി സ്ഥാപിക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവ് ഗ്രിഡിനുള്ള ഒരു കോടി രൂപ ഉൾപ്പെടെ പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 5.40 കോടി രൂപ
> പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള വിവിധ പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ
> സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിൽ വന്ധ്യതാ ക്ലിനിക്കുകളും അതിന് വേണ്ടിയുള്ള ആധുനിക ലബോറട്ടറികളും ഘട്ടം ഘട്ടമായി സ്ഥാപിക്കുന്നതിന്  8 കോടി രൂപ
> ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റീവ് ആന്റ് കമ്മ്യൂണിക്കേറ്റീവ്  ന്യൂറോ സയൻസിന്റെ (ഐക്കോൺസ്) തിരുവനന്തപുരം, ഷൊർണ്ണൂർ കേന്ദ്രങ്ങള്‍ക്കായി  7.34 കോടി രൂപ
> ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യത്തിന്റെ(PM-ABHIM) സംസ്ഥാന വിഹിതമായി 25 കോടി രൂപ
> ഇ-ഹെൽത്ത് പ്രോഗ്രാമിന് വേണ്ടി 27.60 കോടി രൂപ
> കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയുടെ എന്‍എബിഎല്‍  അക്രഡിറ്റേഷനും  ഐഎസ്‌ഒ സർട്ടിഫിക്കേഷനും, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഒന്നാം ഘട്ട  നിർമ്മാണത്തിനുമായി 5 കോടി രൂപ
> സർക്കാർ മേഖലയിൽ 1020 പുതിയ ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ
> മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ മെഡിക്കൽ കോളജുകളിലേയും ആശുപത്രികളിലേയും മാലിന്യ നിർമ്മാർജ്ജനത്തിനായി 17.23 കോടി രൂപ
>മെഡിക്കൽ കോളജ് ആശുപത്രികളിലെ മാതൃ-ശിശു ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലവാരം ഉയർത്തുന്നതിനുമായി 10 കോടി രൂപ
> കോഴിക്കോട്, കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളജുകളിലെ ഓങ്കോളജി ആൻ്റ് ടേർഷ്യറി കെയർ സെന്ററുകളിൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 20 കോടി രൂപ
> കൊല്ലം, കോട്ടയം, കണ്ണൂർ, മഞ്ചേരി, ആലപ്പുഴ  മെഡിക്കൽ കോളജുകളിൽ ഇൻ്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 15 കോടി രൂപ
> തിരുവനന്തപുരം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ ഉന്നത നിലവാരത്തിലുള്ള മോളിക്കുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി 2 കോടി രൂപ
> ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള 130 ആശുപത്രികൾ, 818 ഡിസ്പെൻസറികൾ, 24 സബ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 50.93 കോടി രൂപ
> ദേശീയ ആയുഷ് മിഷന്റെയും ഔഷധ സസ്യ മിഷന്റെയും പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാന വിഹിതമായി 15 കോടി രൂപ
> ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 43.72 കോടി രൂപ
> അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന് 2 കോടി രൂപ
> ഹോമിയോപ്പതി വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി  23.54 കോടി രൂപ
> ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ 8.18 കോടി രൂപ

കോട്ടയം മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനായെന്നും  റീജിയണൽ കാൻസർ സെന്ററിലും, മലബാർ കാൻസർ സെന്ററിലും റോബോട്ടിക് സർജറി പോലുള്ള നൂതന ചികിത്സകള്‍ ആരംഭിച്ചെന്നും ആരോഗ്യ മേഖലയ്‌ക്കായുള്ള പ്രഖ്യാപനങ്ങള്‍ക്ക്‌ ആമുഖമായി ധനമന്ത്രി അവകാശപ്പെട്ടു.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 25.17 ലക്ഷം പേർക്ക് 6,788 കോടി രൂപയുടെ ചികിത്സ സൗജന്യമായി നൽകിയെന്നാണ്‌ ബജറ്റിലെ അവകാശവാദം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 24.06 ലക്ഷം പേർക്ക് 6,271 കോടി രൂപയുടെയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 62,122 പേർക്ക് 473 കോടി രൂപയുടെയും ആരോഗ്യ കിരണം വഴി 8.49 ലക്ഷം കുട്ടികൾക്ക് 1,736 കോടി രൂപയുടെയും ചികിത്സ നൽകിയെന്നും ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞു. മൂന്നര വർഷം കൊണ്ട് കേരള മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ വഴി  2700 കോടിയിലധികം രൂപയുടെ സൗജന്യ മരുന്നുകൾ വിതരണം ചെയ്‌തതായും മന്ത്രി സഭയെ അറിയിച്ചു.

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തിയ സ്ഥാപനമായി എറണാകുളം ജനറൽ ആശുപത്രി മാറിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധിയും റോബോട്ടിക് പരിഹാരങ്ങളും  ഉപയോഗിച്ച് ചലന ശേഷി നഷ്ടമായവരുടെ  ചലന ശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന ജി-ഗെയ്‌റ്റർ രാജ്യത്ത് ആദ്യമായി തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ സ്ഥാപിച്ചതും സര്‍ക്കാരിന്റെ നേട്ടമായി ധനമന്ത്രി ചൂണ്ടിക്കാട്ടി. സമഗ്ര പാലിയേറ്റിവ് കെയർ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയതിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനവും ഇക്കാലയളവില്‍ സര്‍ക്കാരിനെ തേടിയെത്തിയെന്ന്‌ മന്ത്രി പറഞ്ഞു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പിന്‌ ദേശീയ, രാജ്യാന്തര തലത്തിലുള്ള 28 പുരസ്‌ക്കാരങ്ങളും  ബഹുമതികളും ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary:

Kerala's Health Sector Gets a Giant Leap Forward: See the Amazing Improvements in the Latest Budget. Free Treatment for Millions: Kerala's Health Budget Prioritizes Cancer Care, Advanced Technologies & Universal Access.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com