ADVERTISEMENT

പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ ഓറൽ ക്യാൻസർ  കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഗണ്യമായ വർധനവ് കണ്ടെത്തി വിപിഎസ് ലേക്‌ഷോറിലെ പഠനം. ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗത്തിന്റെ ഗവേഷണത്തിലാണ് പുതിയ നിർണായക കണ്ടെത്തൽ. പുകയിലയോ മദ്യ ഉപയോഗമോ കാൻസർ രോഗികളിൽ സാധാരണയായി കാണാറുണ്ട്, എന്നാൽ ഇപ്പോൾ ഈ ശീലങ്ങൾ ഇല്ലാത്തവരിലും ഓറൽ ക്യാൻസർ രോഗം കണ്ടെത്തുന്നത് വർധിച്ചു. 

ഈയടുത്ത വർഷങ്ങളിൽ കണ്ടെത്തിയ ഓറൽ കാൻസർ കേസുകളിൽ 57% പേരും മുൻപ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്.  പുതിയ ഡാറ്റ പ്രകാരം 61% കേസുകൾ നാവിലെ കാൻസറുകളും  19% കേസുകൾ ബക്കൽ മ്യൂക്കോസയിലാണെന്നും പഠനം കാണിച്ചു. കൂടാതെ, 3% കേസുകൾ വായയുടെ അടിഭാഗത്തും 3% താഴത്തെ ആൽവിയോളസിലും ഒരു ശതമാനം മുകളിലെ ആൽവിയോളസിലുമാണ്.
2014 ജൂലൈ മുതൽ 2024 ജൂലൈ വരെയുള്ള പത്ത് വർഷത്തിനിടെ 515 രോഗികളിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ആശുപത്രി ഈ  കണ്ടെത്തൽ നടത്തിയത്.

രോഗബാധിതരിൽ 75.5% പുരുഷന്മാരും 24.5% സ്ത്രീകളുമാണ്. 58.9% രോഗികളിൽ മറ്റു രോഗങ്ങളുണ്ടെന്നും, അവരിൽ 30% പേർക്ക് ഒന്നിലധികം രോഗാവസ്ഥകൾ ഉണ്ടെന്നും കണ്ടെത്തി. 41.4% രോഗികളിൽ വേറെ രോഗങ്ങൾ ഇല്ല എന്നും കണ്ടെത്തി.
282 (54.7%) രോഗികളിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തിയതായും 233 (45.3%) പേർക്ക്  ക്യാൻസർ നിർണയം രോഗത്തിന്റെ അവസാന ഘട്ടങ്ങളിൽ നടത്തിയെന്നും  പഠനം എടുത്തുകാണിച്ചു.
അഡിക്ഷൻ ഉള്ള ഓറൽ ക്യാൻസർ രോഗികളിൽ, 64.03% പേർ മുൻപ് പുകയില ഉപയോഗിക്കുന്ന, പ്രത്യേകിച്ച് ചവയ്ക്കുന്ന, ശീലമുള്ളവരായിരുന്നു. കൂടാതെ, 51.2% പേർ പുകവലി ശീലമുള്ളതായും 42.3% പേർ മദ്യം ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.  ഈ രോഗികളിൽ 45.3% പേർക്ക് ഒന്നിലധികം ദുശ്ശീലങ്ങളുണ്ടായിരുന്നു.

ഇന്ത്യയുടെ പല ഭാഗങ്ങളിലും പുകയിലയുമായി ബന്ധപ്പെട്ട അർബുദങ്ങൾ പ്രാബല്യമാണെങ്കിലും, കേരളത്തിലെ പുതിയ പ്രവണത ആശങ്കയുണ്ടാക്കുന്നതാണ്. പുകയില ഉപയോഗവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന ബക്കൽ മ്യൂക്കോസ കാൻസർ കൂടുതലായി കാണപ്പെടുന്ന മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, സംസ്ഥാനത്തെ 64% ഓറൽ കാൻസർ കേസുകളും നാവിലെ അർബുദമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
"മുൻപ് മിക്കവാറും എല്ലാ ഓറൽ കാൻസർ കേസുകളും പുകയില ഉപയോഗത്തിൽ നിന്ന് വന്നിരുന്നതാണ്. ഇപ്പോൾ സ്ഥിതി വളരെയധികം മാറി. ഓറൽ കാൻസർ രോഗികളിൽ രണ്ടിൽ ഒരാൾ പുകയില ഉപയോഗിക്കാത്ത ആളാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്," ഗവേഷണത്തിന് നേതൃത്വം നൽകിയ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഷോൺ ടി. ജോസഫ് പറഞ്ഞു. 

രോഗലക്ഷണമുള്ള വ്യക്തി പ്രാരംഭ ഘട്ടത്തിൽ പരിശോധനയ്ക്ക് എത്തുമ്പോൾ അർബുദ ചികിത്സ കൂടുതൽ ഫലപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "നിങ്ങളുടെ ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകാം. രണ്ടാഴ്ചയ്ക്കുള്ളിൽ വായിലെ അൾസർ ഭേദമാകുന്നില്ലെങ്കിൽ അല്ലെങ്കിൽ പുരോഗമിക്കുകയാണെങ്കിൽ, അല്ലെങ്കിൽ വായിൽ ചുവപ്പ് അല്ലെങ്കിൽ വെള്ള പാടുകൾ അല്ലെങ്കിൽ തലയിലും കഴുത്തിലും അസാധാരണമായ മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങൾ ഉടൻ തന്നെ നിങ്ങളുടെ ഡോക്ടറെ സന്ദർശിക്കണം," അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, വർധിച്ചുവരുന്ന ഓറൽ കാൻസർ കേസുകളുടെ കൃത്യമായ കാരണങ്ങൾ ഒരു ഇനിയും കണ്ടെത്തേണ്ടതുണ്ട്. കൃത്യമായ ഉറവിടം കണ്ടെത്താൻ വിപുലമായ ഗവേഷണം ആവശ്യമാണ്. "ഈ രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുള്ള ഗവേഷണം ഞങ്ങൾ ഇതിനകം ആരംഭിച്ച്ചിട്ടുണ്ട്. ഞങ്ങളുടെ സംരംഭത്തിൽ പങ്കുചേരാൻ സർക്കാർ ഏജൻസികളും മുന്നോട്ട് വന്നിട്ടുണ്ട്," വിപിഎസ് ലേക്‌ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു. സി  ഇ ഒ ജയേഷ് വി നായർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ അനിൽകുമാർ ടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ
∙സമീപ വർഷങ്ങളിൽ ഓറൽ കാൻസർ കേസുകളിൽ 57% പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലാണ് സംഭവിച്ചത്.
∙ ജൂലൈ 2014 മുതൽ ജൂലൈ 2024വരെ പത്ത് വർഷത്തിനിടെ 515 രോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
∙282 രോഗികൾക്ക് (54.7%) പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തി, 233 രോഗികൾക്ക് (45.3%) അവസാന ഘട്ടങ്ങളിലാണ് രോഗം കണ്ടെത്തിയത്.

 ഓറൽ കാൻസർ രോഗികളിലെ അഡിക്ഷൻ 
-64.03% പേർ പുകയില ചവച്ചിരുന്നു 
- 51.2% പേർക്ക് പുകവലി ശീലമുണ്ടായിരുന്നു.
- 42.3% പേർ മദ്യം ഉപയോഗിച്ചിരുന്നു.
- 45.3% പേർക്ക് ഒന്നിലധികം  ശീലങ്ങളുണ്ടായിരുന്നു.
ശരീരഘടനപരമായ കണ്ടെത്തലുകൾ 
- 61% കേസുകളും നാവിന്റെ കാൻസറായിരുന്നു.
-19% പേർക്ക് ബക്കൽ മ്യൂക്കോസയിൽ കണ്ടെത്തി.
-3% പേർക്ക് വായുടെ അടിഭാഗത്തായിരുന്നു കാൻസർ.
- 3% കാൻസർ കേസുകൾ താഴത്തെ ആൽവിയോളസിലും ബാക്കിയുള്ളത് മുകളിലെ ആൽവിയോളസിലും കണ്ടെത്തി.
ജെൻഡർ സ്റ്റാറ്റിസ്റ്റിക്സും ആരോഗ്യസ്ഥിതിയും 
-രോഗം ബാധിച്ച വ്യക്തികളിൽ 75.5% പുരുഷന്മാരും 24.5% സ്ത്രീകളുമാണ്.
-58.9% പേർക്ക് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നു, 30% പേർക്ക് ഒന്നിലധികം രോഗാവസ്ഥകൾ ഉണ്ടായിരുന്നു.
-41.4% പേർക്ക്  മറ്റു രോഗങ്ങൾ ഉണ്ടായിരുന്നില്ല.

English Summary:

Shocking Rise in Oral Cancer Among Non-Smokers: New Study Reveals Alarming Trend in India. Oral Cancer Exploding in India Non-Tobacco Users at Highest Risk – Learn the Symptoms & Prevention Tips.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com