ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിന്‍ഡ്രോം: വേണം ഈ മുന്‍കരുതലുകള്‍, ലക്ഷണങ്ങൾ ഇതാണ്!

Mail This Article
കഴുത്ത് പിന്നോട്ട് ചരിച്ചും മറ്റും ദീര്‍ഘനേരം ഇരിക്കേണ്ടി വരുന്ന ഇടമാണ് ബ്യൂട്ടി പാര്‍ലറുകള്‍. ഇത്തരത്തില്‍ ദീര്‍ഘനേരം കഴുത്ത് അസ്വാഭാവികമായ രീതിയില്‍ വയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ കുറയ്ക്കാനും രക്തധമനികള്‍ ഞെരുങ്ങാനും ഇടയാക്കാമെന്നും ഇത് ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിന്‍ഡ്രോമിലേക്ക് നയിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
1993ല്‍ ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഡോ. മൈക്കിള്‍ വെയ്ന്‍ട്രോബാണ് ബ്യൂട്ടി പാര്‍ലര്‍ സിന്‍ഡ്രോം എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഹെയര്‍ സലൂണ്‍ സന്ദര്‍ശനത്തിന് പിന്നാലെ അഞ്ച് സ്ത്രീകളീല്‍ കാണപ്പെട്ട നാഡീവ്യൂഹപരമായ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ഡോ. മൈക്കിളിന്റെ ഈ നിരീക്ഷണം.
അപൂര്‍വമായി മാത്രമാണ് സലൂണില്‍ പോകുന്ന ചിലരില്‍ ഈ പ്രശ്നം കാണപ്പെടുന്നത്. തലകറക്കം, തലവേദന, ഓക്കാനം, മങ്ങിയ കാഴ്ച, ബോധക്ഷയം, കൈകളില്‍ മരവിപ്പ്, കഴുത്ത് വേദന, കുഴഞ്ഞ സംഭാഷണം, അത്യധികമായ ദുര്‍ബലത, സഹായമില്ലാതെ നേരെ നില്ക്കാനാവാത്ത അവസ്ഥ എന്നിവയാണ് ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍.
ദീര്‍ഘനേരം കഴുത്ത് ചെരിച്ച് ഇരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നെക്ക് കുഷ്യനുകളും മറ്റും ഉപയോഗിച്ച് സൗകര്യപ്രദമായ രീതിയില്‍ മാത്രമേ ഇരിക്കാവൂ എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. കഴുത്തിന് പിരിമുറുക്കവും നാഡീഞരമ്പുകളുടെ ഞെരുക്കവും ഒഴിവാക്കാന്‍ ഇടയ്ക്ക് ബ്രേക്ക് എടുത്ത് തല സാധാരണ രീതിയില്‍ വയ്ക്കാനും അനക്കാനുമൊക്കെ ശ്രമിക്കേണ്ടതാണ്. നിത്യവുമുള്ള കഴുത്തിന്റെ വ്യായാമങ്ങളും ഈ സിന്‍ഡ്രോമിന്റെ സാധ്യത കുറയ്ക്കും.