പ്രായമായ കാൻസർ രോഗികൾക്ക് വേണം സംയോജിത പരിചരണവും പുത്തൻ സാങ്കേതികവിദ്യയുടെ സഹായവും: കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ്

Mail This Article
പ്രായമായ കാൻസർ രോഗികൾക്ക് പ്രത്യേക പരിചരണം നൽകേണ്ടതിന്റെ ആവശ്യകതയിൽ ഊന്നൽ നൽകി, കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് (COG) അതിൻ്റെ വാർഷിക മീറ്റിംഗും സി.എം.ഇ (കൺടിന്യൂയിംഗ് മെഡിക്കൽ എഡ്യുക്കേഷൻ)യും സംഘടിപ്പിച്ചു. ഏഷ്യൻ ജെറിയാട്രിക് ഓങ്കോളജി സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഈ മേഖല നേരിടുന്ന അസാധാരണമായ വെല്ലുവിളികളെക്കുറിച്ചും സമഗ്ര പരിചരണത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രാധാന്യത്തെക്കുറിച്ചും ഈ രംഗത്തെ വിദഗ്‍ധ ഡോക്ടർമാർ വിശദീകരിച്ചു. സാധാരണ കാൻസർ പരിചരണത്തിൽ ശാരീരികവും മാനസികവും സാമൂഹികവും പോഷകപരവുമായ ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഒരു സമഗ്ര സമീപനം അനിവാര്യമാണെന്നും പ്രായമായവർക്ക് പരിചരണം കാര്യക്ഷമമാക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും സമർപ്പിതമായ വയോജന ക്ലിനിക്കുകളുടെയും നിയുക്ത കെയർ കോർഡിനേറ്റർമാരുടെയും ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു.
പ്രായമായ ഓരോ കാൻസർ രോഗിക്കുമുള്ളത് വ്യത്യസ്‌തമായ ആവശ്യങ്ങളാണെന്നും അതിനനുസരിച്ച് വ്യക്തിഗത ചികിത്സയും ആവശ്യമാണെന്നും അതുകൊണ്ടുതന്നെ 2025-ലെ ലോക കാൻസർ ദിന പ്രമേയമായ "യുണൈറ്റഡ് ബൈ യുണീക്ക്" എന്ന വിഷയവുമായി ജെറിയാട്രിക് ഓങ്കോളജി തികച്ചും യോജിക്കുന്നുവെന്നും കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.
“പ്രായമായവരെ ഫലപ്രദമായി പരിചരിക്കുന്നതിന് കുടുംബം, ഡോക്ടർമാർ, രോഗികൾ എന്നിവർ തമ്മിലുള്ള ആശയവിനിമയം സാദ്ധ്യമാക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള സഹകരണവും റിലേഷൻഷിപ്പ് മാനേജർമാരുടെ കൃത്യമായ ഉപയോഗവും പരമപ്രധാനമാണ്. കൂടാതെ, രോഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും വൈകാരികവും വിവരദായകവുമായ ക്ഷേമത്തിൽ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.”കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റും സി.ഒ.ജി സെക്രട്ടറിയുമായ ഡോ. അരുൺ വാര്യർ പറഞ്ഞു.
വയോജന കാൻസർ പരിചരണം മെച്ചപ്പെടുത്തുന്നതിനായി ടെലിമെഡിസിൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (നിർമ്മിതബുദ്ധി), പ്രെഡിക്ടിവ് അനലറ്റിക്സ് (പ്രവചന വിശകലനം) എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ നിർണായക പങ്കും യോഗം ചൂണ്ടിക്കാട്ടി. മികച്ച ചികിത്സാ ആസൂത്രണത്തിനുള്ള ശാരീരികവും പ്രവർത്തനപരവുമായ അവസ്ഥ വിലയിരുത്തൽ, രോഗിയുടെ ക്ഷേമം വർധിപ്പിക്കുന്നതിനുള്ള സാമൂഹികവും മാനസികവുമായ പിന്തുണ വിലയിരുത്തൽ, കാൻസർ തെറാപ്പി സമയത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പോഷകാഹാര ഒപ്റ്റിമൈസേഷൻ, പ്രായമായ ക്യാൻസർ രോഗികൾക്ക് അനുയോജ്യമായ ജെറിയാട്രിക് അസസ്‌മെൻ്റ് രീതികൾ എന്നിവയിൽ ശില്പശാല ശ്രദ്ധ കേന്ദ്രീകരിച്ചു.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റും സി.ഒ.ജി സെക്രട്ടറിയുമായ ഡോ. അരുൺ വാര്യർ ആണ് സി.എം.ഇ ഓർഗനൈസർ. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. വരുൺ രാജൻ ആണ് സി.എം.ഇ കൺവീനർ. ഡോ. പർവിഷ് പരീഖ്, ഡോ. കെ.പവിത്രൻ (പ്രസിഡൻ്റ്, സിഒജി) എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.