ADVERTISEMENT

ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതിയിലാണ് ഏവരും ഉറ്റുനോക്കുന്നത്. ഡബിൾ ന്യുമോണിയ എന്ന വാക്ക് പൊതവേ അധികം കേൾക്കാത്തതുകൊണ്ട് പലരിലും വലിയ ആശങ്കയാണുള്ളത്. എന്താണ് ഡബിൾ ന്യുമോണിയ എന്ന് ആലപ്പുഴ ഗവർണമെന്റ് ടി ഡി മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസറായ ഡോ. പി. എസ് ഷാജഹാൻ വ്യക്തമാക്കുന്നു. 

ശ്വാസകോശ കലകളിൽ അണുജീവികൾ മൂലമുണ്ടാകുന്ന നീർക്കെട്ടിനെയാണ് ന്യുമോണിയ എന്നു വിളിക്കുന്നത്. അതേസമയം രണ്ടു ശ്വാസകോശങ്ങളിലും അണുബാധ ഉണ്ടാകുന്നതിനെയാണ് ഡബിൾ ന്യുമോണിയ എന്നു പറയുന്നത്. സ്വാഭാവികമായും ശ്വാസകോശത്തിലെ ഒരു ഭാഗത്ത് മാത്രം ഉണ്ടാകുന്ന ന്യുമോണിയയെക്കാൾ കുറച്ചു കൂടി ഗൗരവതരമായിരിക്കും രണ്ടു ഭാഗത്തും ഉണ്ടാകുന്ന ന്യുമോണിയ. എന്നാൽ രണ്ടു ഭാഗത്തും ന്യുമോണിയ ബാധിച്ചു എന്ന കാരണത്താൽ മാത്രം ആരുടെയും ആരോഗ്യം അതീവഗുരുതരമെന്ന് പറയാനാകില്ല. 

ശ്വാസകോശത്തിൽ വലതു ഭാഗത്ത് മൂന്നു പാളികളും (ലോബുകള്‍) ഇടതു ഭാഗത്ത് രണ്ട് അറകളുമാണുള്ളത്. ഒന്നിലധികം പാളികളിൽ അല്ലെങ്കിൽ ശ്വാസകോശ അറകളിൽ ന്യുമോണിയ ഉണ്ടാകുന്നതിനെ മൾട്ടി ലോബാർ ന്യുമോണിയ എന്നു വിളിക്കും. അതു ചിലപ്പോൾ ഒരു വശത്തു മാത്രമാകാം. വലതു വശത്തോ ഇടതു വശത്തോ മാത്രമാകാം. അല്ലെങ്കിൽ രണ്ടു വശത്തായിട്ടും വരാം. അപ്പോഴാണ് അത് ഡബിൾ ന്യുമോണിയ ആയി മാറുന്നത്

ശ്വാസകോശ പാളികളിൽ ഉണ്ടാകുന്ന അണുബാധ അല്ലാതെയും ന്യുമോണിയ ഉണ്ടാകും. ചിലയിനം ബാക്ടീരിയകൾ പ്രത്യേകിച്ച് വൈറസുകൾ മൂലമുണ്ടാകുന്ന ന്യുമോണിയ പാളികളായിട്ടല്ല വരുന്നത്. ശ്വാസകോശത്തിന്റെ വിവിധകോശകളുടെ അവിടെയുമിവിടെയുമായി ചെറിയ ചെറിയ തുരുത്തുകളായി ഉണ്ടാകും. കുത്തുകുത്തുകൾ പോലെ കാണപ്പെടുന്ന ഇതിനെ ബ്രോങ്കോ ന്യുമോണിയ എന്നാണ് വിളിക്കുന്നത്. ബ്രോങ്കോ ന്യുമോണിയ സാധാരണഗതിയിൽ രണ്ടു സൈഡിലുമായി കണ്ടുവരാറുണ്ട്. അത് അത്ര ഗുരുതരമാണെന്ന് പറയാന്‍ പറ്റില്ല. ചുരുക്കിപ്പറഞ്ഞാൽ ഡബിൾ ന്യുമോണിയ എന്നതു കൊണ്ടു മാത്രം നമ്മുടെ ന്യുമോണിയ അതീവഗുരുതരമാണെന്ന് പറയാന്‍ പറ്റില്ല. 

ന്യുമോണിയയുടെ ലക്ഷണങ്ങൾ
നമ്മള്‍ അണുജീവികളുടെ നടുവിലാണ് ജീവിക്കുന്നതെങ്കിലും ന്യുമോണിയ അത്രപെട്ടെന്ന് ആർക്കും വരാറില്ല. രോഗാണു ഏതാണ്, അവയുടെ ആക്രമണശക്തി, വ്യക്തിയുടെ ആരോഗ്യസ്ഥിതി, പ്രായം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ലക്ഷണങ്ങൾ പ്രകടമാകുന്നതിനെ  സ്വാധീനിക്കാം. വിറയലോടു കൂടിയ കടുത്ത പനി, ശരീരവേദന, ശ്വാസംമുട്ടൽ, കഫത്തോടു കൂടിയ ചുമ തുടങ്ങിയവയാണ് ബാക്ടീരിയകൾ മൂലമുള്ള ന്യുമോണിയയുടെ പൊതുവായ ലക്ഷണങ്ങൾ അതിസൂക്ഷ്മ ബാക്ടീരിയ ആയ മൈക്കോപ്ലാസ്മ കൊണ്ടുണ്ടാകുന്ന ന്യുമോണിയയിൽ ഇത്തരം ലക്ഷണങ്ങൾ കാണാറുമില്ല. പലപ്പോഴും തലവേദന, ശരീരക്ഷീണം തുടങ്ങി ശ്രദ്ധിക്കപ്പെടാത്ത ലക്ഷണങ്ങളോടെയാവും അവയുടെ വരവ്. മൂക്കടപ്പ്, മൂക്കൊലിപ്പ്, വരണ്ട ചുമ, ശരീര വേദന തുടങ്ങിയവയാണ് വൈറൽ ന്യുമോണിയയിൽ കണ്ടു വരാറുള്ളത്. പൂപ്പൽ മൂലമുള്ള ന്യൂമോണിയകളിലും സാധാരണ ലക്ഷണങ്ങൾ കണ്ടെന്നുവരില്ല. പ്രായമേറിയവരിലാകട്ടെ കാര്യമായ ലക്ഷണങ്ങളൊന്നും തന്നെ കാണണമെന്നില്ല. അത് ഏതുതരം ന്യുമോണിയ ആണെങ്കിൽ പോലും. ശരീരത്തിന്റെ പ്രതിരോധ ശേഷി പ്രായമായവരിൽ കുറയുന്നതാണ് രോഗലക്ഷണങ്ങൾ കാണാതിരിക്കുന്നതിന്റെ കാരണം. അതു കൊണ്ട് അവർക്കുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളോ പെട്ടെന്നുണ്ടാകുന്ന ശരീരക്ഷീണമോ വിശപ്പില്ലായ്മയോ ഒക്കെ ഗൗരവമായെടുക്കണം. അതൊക്കെ തന്നെ ന്യൂമോണിയയുടെ തുടക്ക ലക്ഷണങ്ങളാകാനിടയുണ്ട്. 

ന്യുമോണിയ പല ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടാം. അതു ശ്വാസകോശത്തിന്റെ ഒരു അറയെയോ ഒന്നിലധികം അറകളെയോ ബാധിക്കാം. ചിലപ്പോഴാകട്ടെ ശ്വാസകോശത്തിന്റെ വിവിധ ഭാഗങ്ങളിൽ നീർകെട്ടുണ്ടാക്കി അങ്ങിങ്ങായി പൊട്ടുകളായി പ്രത്യക്ഷപ്പെടാം. ശ്വാസകോശത്തിൽ കേടുപാടുകൾ ഉള്ളവരിലും, പ്രതിരോധശേഷി തീരെ കുറഞ്ഞവരിലും ന്യുമോണിയ ഇടയ്ക്കിടെ ഉണ്ടായെന്നു വരാം. 

English Summary:

Double Pneumonia: Understanding the Condition Affecting Pope Francis & How Serious It Really Is

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com