ADVERTISEMENT

ലോകത്ത് പ്രതിവർഷം റോഡ് അപകടങ്ങളിൽ മരണമടയുന്നവർ ഏകദേശം 11.9 ലക്ഷം. പരുക്കേൽക്കുന്നവരുടെ സംഖ്യ 2 മുതൽ 5 കോടി വരെ.
∙ ലോകത്തെ 92% റോഡ് അപകട മരണങ്ങളും അവികസിത– വികസ്വര രാജ്യങ്ങളിൽ.
∙ 5 – 29 പ്രായമുള്ളവരുടെ മരണങ്ങളിൽ മുഖ്യകാരണം റോ‍ഡ് അപകടങ്ങൾ.
∙ മരിക്കുന്നവരിൽ മൂന്നിൽരണ്ട് പേർ 18 – 59 പ്രായക്കാർ.
∙ മരണസാധ്യത പുരുഷന്മാരിൽ മൂന്നിരട്ടി കൂടുതൽ.
∙ മരണമടയുന്നവരിൽ പകുതിയിലേറെയും വഴിയാത്രക്കാരും ഇരുചക്രവാഹന സഞ്ചാരികളും.

road-accident-helmet-somrerk-kosolwitthayanant-istock-photo-com
Representative Image: Somrerk Kosolwitthayanant / iStockPhoto.com

റോഡ് അപകടങ്ങൾക്ക് മുഖ്യകാരണങ്ങൾ
∙ അമിതവേഗം. (സുരക്ഷിത വേഗത്തിനപ്പുറം 1% വേഗം വർധിക്കുന്നത് അപകടസാധ്യത 4% വരെ കൂട്ടുന്നു)
∙ ലഹരി ഉപയോഗം ( മദ്യം, ലഹരിമരുന്ന് തുടങ്ങിയവ ഉപയോഗിച്ചുള്ള ഡ്രൈവിങ്)
∙ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവ ഉപയോഗിക്കാത്തത് (ഹെൽമറ്റ് ഉപയോഗിക്കുന്നത് അപകടങ്ങളിൽ തലച്ചോറിനു പരുക്കേൽക്കാനുള്ള സാധ്യത 74% വരെയും സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതു മരണസാധ്യത 50% വരെയും കുറയ്ക്കും )
∙ ശ്രദ്ധ മാറുന്നത് (മൊബൈൽ ഫോൺ ഉപയോഗമാണ് ഇതിൽ ഏറെ വില്ലനാകുന്നത്. ഫോൺ ഉപയോഗിച്ചു വാഹനമോടിക്കുന്നയാൾ അങ്ങനെ ചെയ്യാത്ത ഡ്രൈവറെക്കാൾ അപകടത്തിൽപ്പെടാനുള്ള സാധ്യത 4 ഇരട്ടി)
∙ സുരക്ഷിതമല്ലാത്ത ഗതാഗത സൗകര്യങ്ങൾ (റോഡ് നിർമാണത്തിലെ അപര്യാപ്തതകളും കാൽനടക്കാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയവർക്കു പ്രത്യേക പാത ഇല്ലാത്തതും )
∙ സുരക്ഷിതമല്ലാത്ത വാഹനങ്ങൾ (സുരക്ഷാസംബന്ധമായി പൂർണതയില്ലാതെ നിർമിക്കുന്ന വാഹനങ്ങൾ )
∙ അപകടാനന്തര രക്ഷാപ്രവർത്തനത്തിലെ അപാകതകൾ (അപകടത്തിൽപ്പെട്ടവരെ കൃത്യമായും ശാസ്ത്രീയമായും ചികിത്സിക്കാനുള്ള സൗകര്യങ്ങൾ, സാഹചര്യങ്ങൾ എന്നിവയുടെ അപര്യാപ്തത)
∙ ഗതാഗതനിയമങ്ങൾ നടപ്പാക്കുന്നതിലെ പോരായ്മകൾ (വേഗം, സുരക്ഷ തുടങ്ങിയവയിൽ ഗതാഗതനിയമങ്ങൾ കർശനമായി നടപ്പാക്കാത്തത്).
അവലംബം : ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് (2023)

വാഹനാപകടങ്ങളിൽ പെട്ടയാളോട് ചെയ്യേണ്ടതും ചെയ്യരുതാത്തതും?
ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത്. ഹെൽമറ്റ് ശരിയായി ധരിക്കുന്നവർക്കു തലയ്ക്കു ഗുരുതരമായ ക്ഷതമേൽക്കാനുള്ള സാധ്യത കുറവാണ്. പലരും ചെയ്യാറുള്ള അബദ്ധമാണ് അപകടത്തിൽപെട്ട ആളുടെ ഹെൽമറ്റ് വലിച്ചഴിക്കാൻ ശ്രമിക്കുന്നത്. ആശുപത്രിയിൽ കൊണ്ടുവന്നതിനുശേഷം പരിശീലനം ലഭിച്ച വ്യക്തിയോ ഡോക്ടറോ ഹെൽമറ്റ് അഴിച്ചെടുക്കുന്നതാണ് ഉചിതം. നട്ടെല്ലിനുണ്ടാകുന്ന പരുക്കുകൾ ഇത്തരം രോഗികളിൽ പ്രശ്നം ഉണ്ടാക്കാറുണ്ട്. അപകടത്തിൽ സുഷുമ്നാനാഡിക്കു ക്ഷതമുണ്ടാകാനും െെകകാലുകൾക്കു ശാശ്വതമായ തളർച്ചയുണ്ടാകാനുമിടയുണ്ട്. പ്രത്യേകിച്ചു കഴുത്തിലെ കശേരുക്കൾക്കുള്ളിലുള്ള സുഷുമ്നയുടെ തകരാറുനിമിത്തം െെകകാലുകളുടെ ചലനരാഹിത്യത്തോടൊപ്പം മരണവും സംഭവിക്കാം  

അപകടം പറ്റി ആദ്യനോട്ടത്തിൽ പ്രശ്നമൊന്നുമില്ലെന്നു തോന്നിയാലും ഡോക്ടറെ കാണണം. ചിലർക്കെങ്കിലും വലിയ പ്രശ്നമൊന്നുമില്ലാതിരിക്കുകയും പിന്നീടു വളരെ പെട്ടെന്നു ഗുരുതരാവസ്ഥയിലേക്കു കടക്കുകയും ചെയ്യാറുണ്ട്. ലൂസിഡ് ഇന്റർവെൽ എന്നാണ് ഈ കാര്യത്തെ സൂചിപ്പിക്കുക. കാറിന്റെ പിറകിലിരുന്നു സഞ്ചരിക്കുന്നവരും സീറ്റ്ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണം. പിറകിൽയാത്ര ചെയ്യുന്നവരാണ് നെഞ്ചിനിടിയേറ്റ് ഗുരുതരാവസ്ഥയിലാകുന്നത്  

ഏതുതരം റോഡപകടമാണെങ്കിലും രോഗിയെ അനക്കുമ്പോഴും പൊക്കിയെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. യാെതാരു കാരണവശാലും കോരിയെടുക്കരുത്. കഴുത്തിലെ നട്ടെല്ലിന്റെ തുടക്കം, ഉറപ്പുള്ള ഏതെങ്കിലും വസ്തുകൊണ്ട് അനക്കാതെ ദൃഢമായി വയ്ക്കണം. കഴിയുന്നതും നട്ടെല്ല് മുഴുവൻ സുരക്ഷിതമായി വയ്ക്കാൻ കഴിയുന്ന സ്െെപൽ ബോർഡുകൾ ഉപയോഗിച്ചു രോഗിയെ നീക്കുന്നതാണ് ഉചിതം. 

റോഡപകടങ്ങളിലെ പ്രധാന മരണകാരണം രക്തസ്രാവമാണ്. ശിരോചർമം മുറിഞ്ഞാൽ രക്തസ്രാവം കൂടുതലായി സംഭവിക്കാറുണ്ട്. മസ്തിഷ്കത്തിനു ക്ഷതമേറ്റിട്ടില്ലെങ്കിലും ഇങ്ങനെ രക്തവാർച്ച സംഭവിച്ചു രോഗി അത്യാസന്നനിലയിലാകാം. രക്തം നഷ്ടപ്പെടുന്നതു കഴിയുന്നത്ര കുറയ്ക്കാനായാൽ ഒരു പരിധിവരെ അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാം. വൃത്തിയുള്ള തുണികൊണ്ടു മുറിവ് അമർത്തിപ്പിടിച്ച് പിന്നീട് നന്നായി കെട്ടിവയ്ക്കണം. മുറിവേറ്റഭാഗം കഴിയുന്നത്ര വേഗം അനക്കമില്ലാതെ സ്പ്ലിന്റ് ചെയ്തുവയ്ക്കുന്നതു രക്തസ്രാവം കുറയ്ക്കാൻ സഹായിക്കും. അസ്ഥികൾക്ക് ഒടിവുണ്ടായാലും ഇങ്ങനെ ചെയ്യാം. വേദന കുറയ്ക്കാനും അസ്ഥികളുടെ ഒടിഞ്ഞ അഗ്രങ്ങൾ തറച്ചുകയറി ആന്തരാവയവങ്ങൾക്കു തകരാറുണ്ടാകാതിരിക്കാനും ഇതു സഹായിക്കും. കമ്പുകൾ, പലകക്കഷണങ്ങൾ, കാർഡ്ബോർഡ്, പുസ്തകത്തിന്റെ ബയന്റുകൾ, കുട എന്നിങ്ങനെ സമീപത്തുള്ള എന്തു വസ്തുവും സ്പ്ലിന്റ് ആയി ഉപയോഗിക്കാം. മുറിവുണ്ടായി എല്ലുകൾ പുറത്തേക്കു തള്ളി നിന്നാൽ അത് അകത്തേക്കു തള്ളിക്കയറ്റാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ അണുബാധയേറ്റ് പ്രശ്നം കൂടുതൽ രൂക്ഷമാകാം  രോഗിക്കു വെള്ളമോ മറ്റെന്തെങ്കിലുമോ കുടിക്കാൻ കൊടുക്കുന്നത് ഒഴിവാക്കണം. അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നാൽ അനസ്തീഷ്യയ്ക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിർദേശം. രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു കഴിയുമെങ്കിൽ ആംബുലൻസ് ഉപയോഗിക്കുന്നതാണു നല്ലത്. ഒാട്ടോറിക്ഷ പോലുള്ള ചെറുതും കുടുക്കവുമുള്ള വണ്ടികളിലെ യാത്ര സുരക്ഷിതമല്ല.

English Summary:

Road accidents are a leading cause of death globally, claiming over a million lives each year. This article provides essential safety tips, first aid instructions, and details on accident prevention.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com