ഗില്ലൻ ബാരി സിൻഡ്രോം മരണങ്ങൾ കേരളത്തിലും: അറിയാം ലക്ഷണങ്ങൾ, വേണം ജാഗ്രത

Mail This Article
ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് രണ്ടു മരണങ്ങളാണ് കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം മൂവാറ്റുപുഴ വാഴക്കുളം സ്വദേശി ജോയ് ഐപ് (58), കോട്ടയം എരുമേലി സ്വദേശിനിയും കാഞ്ഞിരപ്പളളി സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥിനിയുമായ ഗൗതമി പ്രവീൺ (15) എന്നിവരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. രണ്ടുപേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരിച്ചത്. രാജ്യത്ത്, മഹാരാഷ്ട്രയിലാണ് ഈ അപൂർവ നാഡീരോഗം ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്കു മാത്രം ബാധിക്കുന്ന അപൂർവരോഗമായാണ് ഇതിനെ കണക്കാക്കുന്നത്. ദീർഘ കാല ചികിൽസ വഴി രോഗമുക്തി ഉണ്ടാക്കാൻ കഴിയും. എന്നാൽ ചിലരിൽ ഈ രോഗം പെട്ടെന്ന് മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.
ഗില്ലൻബാരി സിൻഡ്രോം ലക്ഷണങ്ങൾ
ശരീരത്തിന്‍റെ രോഗ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലൻബാരി സിൻഡ്രോം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം പെരിഫറൽ ഞരമ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. പിന്നീട് ഈ രോഗം ശരീരത്തിന്‍റെ മുകൾ ഭാഗത്തേക്കും കൈകാലുകളിലേക്കും വ്യാപിക്കുന്നു. ബലഹീനത, കൈകാലുകളിൽ മരവിപ്പ്, പക്ഷാഘാതം എന്നിവ ഉണ്ടാകാം. വിരലുകളിലോ കണങ്കാലിലോ കൈത്തണ്ടയിലോ മരവിപ്പ് അനുഭവപ്പെടുക, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലക്ഷയം അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുന്നതായും ആരോഗ്യ വിദഗ്ധർ പറയുന്നു. ജിബിഎസ് ഉള്ള മിക്ക വ്യക്തികൾക്കും ശ്വസിക്കാൻ ബുദ്ധിമുട്ട്, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വേദന, രക്തം കട്ടപിടിക്കൽ, മലവിസർജ്ജനത്തിന്‍റെയോ മൂത്രസഞ്ചിയുടെയോ പ്രവർത്തനം തകരാറിലാകൽ എന്നിവയും അനുഭവപ്പെടാം. ഒരു ചെറിയ ശതമാനം ആളുകൾക്ക് രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ട്. രോഗം മൂലമുളള സമ്മർദ്ദത്തെ അതിജീവിക്കാൻ കൃതൃമായ വ്യായാമം, ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കാറുണ്ട്.