യുവാവിനെ പ്രസവവേദന അനുഭവിപ്പിച്ച് പ്രതിശ്രുത വധു, കുടലിന്റെ ഒരു ഭാഗം നശിച്ചു!

Mail This Article
സ്റ്റിമുലേറ്റർ ഉപയോഗിച്ച് പ്രസവവേദന അനുഭവിച്ച യുവാവിന്റെ കുടലിന്റെ ഒരു ഭാഗം നീക്കി. പ്രതിശ്രുത വധുവാണ് മൂന്ന് മണിക്കൂർ യുവാവിനെ കൊണ്ട് വേദന അനുഭവിപ്പിച്ചത്. ഒരാഴ്ച പിന്നിട്ടിട്ടും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചൈനയിലാണ് സംഭവം. വിവാഹത്തിന് മുമ്പ് തന്നെ യുവാവിന് സ്ത്രീകൾ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് ധാരണയുണ്ടാകണമെന്ന അമ്മയുടെയും സഹോദരിയുടെയും നിർബന്ധമായിരുന്നു ഇതിന് പിന്നിൽ.
ആദ്യം വിസമ്മതിച്ച യുവാവ് പിന്നീട് ആവശ്യം അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് യുവാവിനെ സ്റ്റിമുലേഷൻ സെന്ററിൽ എത്തിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കുടലിന്റെ ഒരു ഭാഗം നശിച്ചതായി കണ്ടെത്തുകയും, അത് നീക്കം ചെയ്യുകയും ചെയ്തു. സംഭവത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ.... എട്ടാമത്തെ ലെവലിൽ വൈദ്യുത പ്രവാഹം ഏൽപ്പിക്കുന്നതിനിടെ എന്റെ കാമുകൻ നിലവിളിച്ചു . 10–ാം ലെവലിൽ അവൻ അലറി കരഞ്ഞു. അവസാനമായപ്പോഴേക്കും ശ്വാസം പോലും കിട്ടാതെയായി. ഞാനും സഹോദരിയും ചേർന്നാണ് അവന്റെ ശരീരത്തിലെ വിയർപ്പ് തുള്ളികൾ തുടച്ചത്. അവസാനമായപ്പോഴേക്കും യുവാവിന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടെന്ന് യുവതി കൂട്ടിച്ചേർത്തു.
താനും കുടുംബവും യുവാവിനെ വ്യക്തിഹത്യ ചെയ്യാനായല്ല സ്റ്റിമുലേഷൻ സെന്ററിൽ എത്തിച്ചത്. വിവാഹത്തിന് ശേഷം ഭാര്യ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസിലാക്കിക്കുകയായിരുന്നു ലക്ഷ്യം. സംഭവത്തെ തുടർന്ന് യുവാവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. യുവതിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് യുവാവിന്റെ കുടുംബം അറിയിച്ചു. എന്നാൽ സുഖം പ്രാപിക്കുന്നത് വരെ യുവാവിനെ പരിചരിക്കാൻ താൻ തയ്യാറാണെന്ന് യുവതി പറഞ്ഞു.