കലിപ്പന്മാരെ ശരിക്കും സ്ത്രീകള്‍ക്ക് ഇഷ്ടമാണോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

Mail This Article
മീശ പിരിക്കുകയും മുഷ്ടി ചുരുട്ടുകയും ദേഷ്യത്തോടെ അലറുകയുമൊക്കെ ചെയുന്ന കലിപ്പന്‍ പുരുഷ കഥാപാത്രങ്ങളെ സിനിമകളില്‍ അതികാല്‍പനികമായാണ് പലപ്പോഴും അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. കലിപ്പനായ ഇത്തരം ഏട്ടായിമാര്‍ക്കൊക്കെ കോളജിലും മറ്റും നിറയെ ആരാധികമാരുള്ളതായും സിനിമകള്‍ നിങ്ങളെ കാണിച്ച് തന്നിട്ടുണ്ടാകും.
എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്?
ദേഷ്യക്കാരായ പുരുഷന്മാര്‍ക്ക് ബുദ്ധിയും അല്‍പം കുറവായിരിക്കുമെന്ന് സ്‌ത്രീകള്‍ കരുതുന്നതായി എവല്യൂഷണറി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. അതായത് കലിപ്പന്‍ ഏട്ടായി ഒരു മണ്ടനും കൂടിയാണെന്ന് പൊതുവേ സ്‌ത്രീകള്‍ കരുതുന്നുണ്ടെന്ന്. 18നും 80നും ഇടയിലുള്ള 148 ഹെട്ടറോസെക്ഷ്വല്‍ പങ്കാളികളിലാണ് പഠനം നടത്തിയത്.

ബന്ധത്തിലെ സംതൃപ്‌തി, പങ്കാളിയുടെ ബുദ്ധിശേഷി എന്നിവയെ സംബന്ധിച്ച ചോദ്യാവലികളിലൂടെയാണ് സര്‍വേ നടത്തിയത്. പുരുഷന്മാരിലെ ഉയര്‍ന്ന തോതിലുള്ള ദേഷ്യം അവരുടെ കുറഞ്ഞ ബൗദ്ധിക ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് സ്‌ത്രീകള്‍ ഈ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.
വികാരങ്ങളെ നിയന്ത്രിക്കാനും അവയെ കൈകാര്യം ചെയ്യാനുമുള്ള കഴിവ് ധാരണശേഷിയുടെ കൂടി അടയാളമായാണ് സ്‌ത്രീകള്‍ കാണുന്നത്. മറ്റ് പല വികാരങ്ങളെയും ഗുണങ്ങളെയും നിഴലിലാക്കി കളയുന്ന ശക്തമായ വികാരമാണ് ദേഷ്യമെന്നും സ്‌ത്രീകള്‍ അഭിപ്രായപ്പെടുന്നു.
പങ്കാളിയുമായുള്ള ബന്ധത്തിലെ സംതൃപ്‌തിയെയും സന്തോഷത്തെയുമെല്ലാം പുരുഷനിലെ ദേഷ്യം ബാധിക്കുന്നതായും പല സ്‌ത്രീകളും ചൂണ്ടിക്കാട്ടി. ദീര്‍ഘകാലത്തെ ബന്ധത്തിനും ദേഷ്യം വിലങ്ങ് തടിയാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.