ഫ്രാന്‍സില്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കുറയുന്നു ; കാരണങ്ങള്‍ ഇവ

Mail This Article
പക്ഷാഘാതം, ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള പല വിധത്തിലുള്ള രോഗസങ്കീര്‍ണ്ണതകളിലേക്ക് നയിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് പൊണ്ണത്തടി. ഇന്ത്യയടക്കം പല രാജ്യങ്ങളിലും പൊണ്ണത്തടിയുള്ളവരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിന് ഒരപവാദമാണ് വികസിത രാജ്യങ്ങളില്‍ അമിതവണ്ണം കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നായ ഫ്രാന്‍സ്. ഇവിടെ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് കണക്കുകള്‍. ചീസും പേസ്‌ട്രിയും വൈനും ക്രീമി സോസുകളും ഒക്കെ ഇഷ്ടപ്പെട്ടിട്ടും എന്ത് കൊണ്ടാകും ഫ്രഞ്ചുകാരില്‍ പൊണ്ണത്തടി കുറയുന്നത്? ഇനി പറയുന്നവയാകാം ഫ്രാന്‍സിന്റെ ആരോഗ്യ രഹസ്യങ്ങളെന്ന് കരുതപ്പെടുന്നു.
1. മിതമായ തോതിലുള്ള ഭക്ഷണം
അമേരിക്ക പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രഞ്ച് ഭക്ഷണങ്ങള്‍ പൊതുവേ ചെറിയ അളവിലാണ് വിളമ്പാറുള്ളത്. എല്ലാവരും ഒത്ത് ചേര്‍ന്ന് ഭക്ഷണം ആസ്വദിച്ച് മിതമായ തോതില്‍ കഴിക്കുകയും ഏതാണ്ട് വയര്‍ നിറയാറാകുമ്പോള്‍ നിര്‍ത്തുകയും ചെയ്യുന്നതാണ് ഫ്രഞ്ച് ശീലം. ഇത് അമിതമായ ഭക്ഷണം കഴിപ്പ് ഒഴിവാക്കുന്നു.
2. സ്‌നാക്‌സുകള്‍ അപൂര്‍വം
പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ സ്‌നാക്‌സുകള്‍ കഴിക്കുന്ന ശീലം ഫ്രാന്‍സില്‍ ഇല്ലെന്ന് തന്നെ പറയാം. ഇനി കഴിച്ചാല്‍ തന്നെ പഴങ്ങള്‍, യോഗര്‍ട്ട്, റോസ്‌റ്റ് ചെയ്‌ത സ്‌നാക്കുകള്‍ എന്നിങ്ങനെ ആരോഗ്യകരമായ വിഭവങ്ങളായിരിക്കും കഴിക്കുക. സ്‌നാക്‌സിന് വേണ്ടി ഫ്രിഡ്‌ജ് തുറക്കുന്നത് ഫ്രഞ്ച് പാരമ്പര്യമല്ല.

3. ഫ്രഷായ ഭക്ഷണം
അതാത് സീസണില്‍ പ്രാദേശികമായി ലഭിക്കുന്ന ഫ്രഷ് ഭക്ഷണമാണ് ഫ്രാന്‍സിലുള്ളവര്‍ പൊതുവേ കഴിക്കുക. വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്ന ഫ്രഞ്ചുകാര്‍ സംസ്‌കരിച്ച ഭക്ഷണത്തിന്റെ തോത് പരമാവധി കുറയ്‌ക്കും. വല്ലപ്പോഴും മാത്രമേ ഇവര്‍ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കാറുള്ളൂ.
4. സജീവമായ ജീവിതശൈലി
ജപ്പാന്‍കാരെ പോലെ നന്നായി നടക്കുന്നവരാണ് ഫ്രഞ്ചുകാരും. ഇവിടുത്തെ അടിസ്ഥാന സംവിധാനങ്ങളെല്ലാം ആളുകളുടെ നടപ്പിനെ പ്രോത്സാഹിപ്പിക്കുന്ന വിധമാണ് ഒരുക്കിയിട്ടുള്ളത്. വേഗത്തില്‍ നടക്കുകയും പൊതുഗതാതഗത സംവിധാനങ്ങള്‍ ഉപയോഗിക്കുകയും കൂടുതല്‍ സമയം പുറത്ത് ചെലവഴിക്കുകയും ചെയ്യുന്നത് കാലറി നന്നായി കത്തിക്കാനും അമിതഭാരം നിയന്ത്രിക്കാനും ഫ്രഞ്ച് ജനതയെ സഹായിക്കുന്നു.

5. ഗവണ്‍മെന്റ് സംരംഭങ്ങള്‍
ശക്തമായ പൊതുജനാരോഗ്യ നയങ്ങള്‍ നടപ്പാക്കിയിട്ടുള്ള രാജ്യം കൂടിയാണ് ഫ്രാന്‍സ്. ഇവിടെ സോഡയും സ്‌നാക് വെന്‍ഡിങ് മെഷീനുകളും സ്‌കൂളുകള്‍ പോലുള്ള ഇടങ്ങളില്‍ നിരോധിച്ചിരിക്കുന്നു. മധുരപാനീയങ്ങള്‍ക്ക് അമിത നികുതി, കുട്ടികള്‍ക്കായുള്ള ജങ്ക് ഫുഡ് പരസ്യങ്ങളുടെ നിയന്ത്രണം പോലുള്ള നയപരമായ മാര്‍ഗ്ഗങ്ങളിലൂടെയും ഫ്രഞ്ച് ഗവണ്‍മെന്റ് പൗരന്മാരുടെ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നു. അളവിനേക്കാള്‍ അധികം ഗുണനിലവാരത്തിനും രുചിക്കും പ്രധാന്യം നല്‍കിയും, സ്‌നാക്‌സുകള്‍ ഒഴിവാക്കിയും, പരമാവധി വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ചും, വ്യായാമവും സജീവ ജീവിതശൈലിയും പ്രോത്സാഹിപ്പിച്ചും, ചെറുപ്പത്തില്‍ തന്നെ ആരോഗ്യശീലങ്ങള്‍ ആരംഭിച്ചും നമുക്കും ഫ്രാന്‍സിനെ പോലെ അമിതവണ്ണത്തെ തടുത്ത് നിര്‍ത്താന്‍ സാധിക്കുന്നതാണ്.