ചിക്കന് പതിവാക്കിയാല്‍ മരണ സാധ്യത ഉയരുമോ? പുതിയ പഠനങ്ങള്‍ പറയുന്നത്

Mail This Article
കറി വച്ചും പൊരിച്ചും ഗ്രില്‍ ചെയ്‌തും ബിരിയാണിയിലിട്ടും സാന്‍ഡ്‌വിച്ചിന് ഇടയില്‍ വച്ചുമൊക്കെ നൂറായിരം വിധത്തില്‍ കഴിക്കാം. പ്രോട്ടീനും വൈറ്റമിനും ധാതുക്കളുമെല്ലാം ആവശ്യത്തിന് അടങ്ങിയിട്ടുമുണ്ട്. പോത്തിറച്ചിയുടെയും പന്നിയിറച്ചിയുടെയും മട്ടന്റെയുമൊന്നും വിലയില്ലാത്തതിനാല്‍ അടിക്കടി വാങ്ങുകയും ചെയ്യാം. പറഞ്ഞ് വരുന്നത് നമ്മുടെ നാട്ടിലെ അടുക്കളകളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ചിക്കനെ പറ്റിയാണ്. എന്നാല്‍ നാം പതിവാക്കിയ ഈ ചിക്കന്‍ തീറ്റ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ അര്‍ബുദത്തിന്റെയും അത് മൂലമുള്ള അകാല മരണത്തിന്റെയും കാരണങ്ങളിലൊന്നായി മാറാമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു.
നാലായിരം പേരില്‍ 19 വര്‍ഷത്തേക്കാണ് പഠനം നടത്തിയത്. ഇതില്‍ നിന്ന് ചിക്കന്‍ ഉള്‍പ്പെടെയുള്ള പക്ഷിമാംസം ആഴ്‌ചയില്‍ 300 ഗ്രാമില്‍ അധികം കഴിക്കുന്നവരില്‍ 100 ഗ്രാമില്‍ താഴെ പക്ഷിമാംസം കഴിക്കുന്നവരെ അപേക്ഷിച്ച് അകാല മരണ സാധ്യത 27 ശതമാനം അധികമാണെന്ന് കണ്ടെത്തി. ഓരോ ആഴ്‌ചയും 300 ഗ്രാമിലധികം ചിക്കനും താറാവുമൊക്കെ കഴിക്കുന്ന പുരുഷന്മാര്‍ക്ക് കുറഞ്ഞ തോതില്‍ കഴിക്കുന്നവരെ അപേക്ഷിച്ച് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ അര്‍ബുദം മൂലമുള്ള മരണസാധ്യത ഇരട്ടിയാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ന്യൂട്രിയന്റ്‌സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ചിക്കന്‍ പോലുള്ള വൈറ്റ് മീറ്റിന്റെ ഉപയോഗം ബീഫ് പോലുള്ള റെഡ് മീറ്റിനെ അപേക്ഷിച്ച് നല്ലതാണെന്ന് മറ്റ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ചിക്കന്റെ അളവ് അല്ലാതെ അവ തയ്യാറാക്കിയ വിധമൊന്നും പരിഗണിച്ചിട്ടില്ല എന്നത് പഠനത്തിന്റെ പോരായ്‌മയാണ്. പഠനത്തില്‍ പങ്കെടുത്തവരുടെ വ്യായാമം ഉള്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളും കണക്കിലെടുത്തിട്ടില്ല. എന്നിരുന്നാലും സ്ഥിരമായി ചിക്കന്‍ കഴിക്കുന്നവര്‍ അതിന്റെ അളവ് സംബന്ധിച്ച് ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ചിക്കന് പുറമേ മീന്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരാനാണ് ശ്രമിക്കേണ്ടത്.