ADVERTISEMENT

കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരി ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. നിപ്പ ലക്ഷണങ്ങളെ തുടർന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ലാബിൽ നിന്നുള്ള ഫലത്തിന്റെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്.

2018 മേയ് മാസത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ സ്ഥിരീകരിക്കുന്നത്. ഭയമല്ല മുൻകരുതലാണ് രോഗത്തിൽ നിന്നും രക്ഷിക്കുന്നത്. മുൻകരുതൽ കൃത്യമായി എടുക്കണമെങ്കിൽ ഈ രോഗം എന്താണെന്നും, പകരുന്നത് എങ്ങനെയെന്നും തടയേണ്ട വഴികളേതെന്നും അറിയണം.
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കു പടരുന്ന രോഗമാണ് നിപ്പ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇതു മനുഷ്യരിലേക്കു പകരാം. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പകരാറുണ്ട്. വൈറസ് ബാധിച്ചാൽ 4 മുതൽ 14 ദിവസം വരെയുള്ള കാലയളവിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടാം. സാധാരണ ഇൻഫ്ലുവൻസ പനി പോലെയാണ് തുടക്കം. പിന്നീട് മസ്തിഷ്ക ജ്വര ലക്ഷണം പ്രകടിപ്പിക്കും. ശ്വാസ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും.

എങ്ങനെ, എവിടെ നിന്ന്
മലേഷ്യയിൽ ആണ് 1998ൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത്. എൽനിനോ എന്ന പ്രതിഭാസത്തിൽ കാടുകൾ ഉണങ്ങിയപ്പോൾ കാട്ടു വവ്വാലുകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്കു ചേക്കേറി. വവ്വാലുകളിൽ നിന്നു വന പ്രദേശത്തോടു ചേർന്നുള്ള ഫാമുകളിലെ പന്നികൾക്കു രോഗം പകർന്നു. പന്നികളിൽ നിന്നു മനുഷ്യരിലേക്ക് വൈറസ് ബാധിച്ചു. ദശലക്ഷക്കണക്കിനു പന്നികളെ കൊന്നൊടുക്കിയാണ് മലേഷ്യ നിപ്പയെ അതിജീവിച്ചത്. പിന്നീട് ഇതുവരെ അവിടെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 1999ൽ സിംഗപ്പൂരിൽ നിപ്പ റിപ്പോർട്ട് ചെയ്തു. 2001 ൽ ബംഗ്ലാദേശിലും പശ്ചിമബംഗാളിലെ സിലിഗുരിയിലും നിപ്പ കണ്ടു.

Representative Image. Image Credit: Rasi Bhadramani /Istockphoto.com
Representative Image. Image Credit: Rasi Bhadramani /Istockphoto.com

സ്ഥിരീകരണം എങ്ങനെ?
തൊണ്ടയിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽ നിന്ന് റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) വഴി വൈറസിനെ വേർതിരിച്ചെടുക്കാം. എലീസ പരിശോധനയിലൂടെയും തിരിച്ചറിയാം.

സൂക്ഷിക്കണം, പഴം മുതൽ കള്ളു വരെ
·വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാൽ രോഗം ബാധിക്കും. വവ്വാലുകൾ ധാരാളമുളള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയവ ഒഴിവാക്കുക. വീട്ടുമുറ്റത്തും പറമ്പിലും വീണുകിടക്കുന്ന പഴങ്ങളെടുക്കുമ്പോൾ ശ്രദ്ധ വേണം. വവ്വാൽ കടിച്ച പഴങ്ങളിൽ അതിന്റെ പാടുണ്ടാകും. അങ്ങനെയുള്ള പഴങ്ങൾ എടുത്താൽ നമ്മുടെ കൈകളിലേക്കു വൈറസ് പകരും. വവ്വാൽ കടിച്ചെന്നു സംശയിക്കുന്ന പഴങ്ങൾ കഴിക്കരുത്; മണ്ണിൽ കുഴിച്ചു മൂടണം. അത്തരം പഴങ്ങൾ മൃഗങ്ങൾക്കും കഴിക്കാൻ നൽകരുത്. ഇത്തരം പഴങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൈകൾ വൃത്തിയായി കഴുകണം. വിപണിയിൽ ലഭിക്കുന്നത് ഉൾപ്പെടെ മറ്റു പഴങ്ങൾ കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. മുൻകരുതലെന്ന നിലയിൽ പഴങ്ങൾ ആദ്യം സോപ്പുവെള്ളത്തിലും പിന്നീട് നല്ല വെള്ളത്തിലും കഴുകി ഉപയോഗിക്കാം. സോപ്പുവെള്ളത്തിൽ കഴുകുമ്പോൾ ഒട്ടുമിക്ക വൈറസും നശിക്കും.

hand-wash-kieferpix-shutterstock-com
Representative image. Photo Credit: Kieferpix/Shutterstock.com

വേണ്ടത് മുൻകരുതൽ
∙ രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായുള്ള സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക.
∙ സോപ്പ് / ആൽക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
∙ രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക; വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

പകരുന്നതിങ്ങനെ
മാരകമാണെങ്കിലും ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ പോലെ നിപ്പ വ്യാപകമായി പടരില്ല. എങ്കിലും കരുതൽ നിർബന്ധമായും വേണം.നാലു തരത്തിലാണ് നിപ്പ പകരുന്നത്.
∙രോഗം ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായു കണികയിലൂടെ പകരും.
∙രോഗിയുടെ സ്രവങ്ങളിലൂടെ
∙രോഗാണുവാഹകരായ വവ്വാലുകളിൽ നിന്ന് മറ്റു ജന്തുക്കളിലേക്കും അവയിൽ നിന്നു മനുഷ്യരിലേക്കും.
∙രോഗികൾ കൈകാര്യം ചെയ്ത സാധനങ്ങളിലൂടെ (സോപ്പ്, വസ്ത്രം തുടങ്ങിയവ)

English Summary:

Kerala Nipah Virus Alert: Confirmed Case Sparks Fears – What You Need to Know NOW

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com