ചൂരക്കറി അല്ല, ബ്രെയിൻ ഹെമറേജ് ആണ് വില്ലൻ; കാരണവും പരിഹാരവും അറിയാം

Mail This Article
ബാങ്ക് ജീവനക്കാരിയായ ദീപ്തി പ്രഭ മരിച്ചതിനു പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 45 കാരിയായ ദീപ്തിപ്രഭ കഴിഞ്ഞ ദിവസം ഛർദ്ദിയെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമികവിവരങ്ങൾ പ്രകാരം ദീപ്തിപ്രഭയും കുടുംബവും ഫ്രിജിൽ സൂക്ഷിച്ചിരുന്ന ചൂര മീൻകറി ചൂടാക്കി കഴിച്ചിരുന്നുവെന്നും അതിനു ശേഷം എല്ലാവർക്കും ഛർദി ആയിരുന്നുവെന്നും പറയുന്നു. ശേഷം ജോലിക്കു പോയിവന്ന ദീപ്തിപ്രഭ വീട്ടിൽവച്ച് കുഴഞ്ഞു വീഴുകയും മരണപ്പെടുകയുമായിരുന്നു.. ഇതോടെയാണ് ഭക്ഷ്യവിഷബാധ ആണെന്നും ചൂരമീൻകറിയാണ് കാരണമെന്നും നിഗമനത്തിൽ എത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ബ്രെയിൻ ഹെമറേജ് എന്നാണ് വ്യക്തമാകുന്നത്
എന്താണ് ബ്രെയിൻ ഹെമറേജ്?
തലച്ചോറിലെ രക്തസ്രാവം ഉണ്ടാവുന്ന അവസ്ഥയാണ് ബ്രെയിൻ ഹെമറേജ്. പ്രായം കുറഞ്ഞ ആളുകളിൽ പോലും ഇത്തരം പ്രശ്നം വരുന്നത് തലച്ചോറിൽ രക്തധമനികൾക്ക് ഉണ്ടാകുന്ന തകരാറിന്റെ ഭാഗമായാണ്. തലയ്ക്ക് ഏൽക്കുന്ന പരുക്കിലൂടെ തകരാർ സംഭവിക്കാം ഇതല്ലാതെയും പല കാരണങ്ങളുണ്ട്. അമിതമായ രക്തസമ്മർദ്ദം കാരണം തലച്ചോറിൽ രക്തക്കുഴലുകൾ പൊട്ടാം. ഇതിനെ ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നു. ചിലർക്ക് തലച്ചോറിൽ രക്തക്കുഴലുകൾ കുമിള പോലെയോ ചെറിയ ബലൂൺ പോലെയോ ഇരിക്കും അതിനെയാണ് അനൂറിസംസ് എന്ന് പറയുന്നത്. ഈ അനൂറിസംസ് പൊട്ടുന്ന അവസ്ഥയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകാം. സബ്റക്നോയിഡ് ഹെമറേജസ് എന്നാണ് അതിനെ വിളിക്കുന്നത്. ജീവന് അപകടം ഉണ്ടാക്കുന്ന ഒരു പ്രശ്നമാണിത്. പ്രായം കുറഞ്ഞ ആൾക്കാരിൽ പലപ്പോഴും മരണകാരണമായി ഈ അവസ്ഥ വരാറുണ്ട്.
ഈ പറഞ്ഞവ അല്ലാതെയും തലച്ചോറിലെ രക്തധമനികൾക്ക് ഉണ്ടാകുന്ന മറ്റ് തകരാറുകൾ ഉണ്ട്. ജന്മാൽ ഉണ്ടാകുന്ന, പാരമ്പര്യമായുള്ള തകരാറുകൾ ഇതിൽപെടും. എന്നാൽ എന്തെങ്കിലും ഒരു ആഹാരസാധനം കഴിച്ചതിന്റെ ഭാഗമായൊന്നും തലച്ചോറിലെ രക്തധമനി പൊട്ടാനുള്ള സാധ്യത ഇല്ല.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
തലച്ചോറിലെ ബ്ലീഡിങ് പോലുള്ള പ്രശ്നങ്ങൾ തടയാനായി രക്തസമ്മർദം നിയന്ത്രിക്കുന്നത് ഉപകാരപ്പെടും. ജീവിതശൈലി മെച്ചപ്പെടുത്തുന്നും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൽ സഹായിക്കുന്നവയാണ്.
വിട്ടുമാറാത്ത തലവേദന, ജന്നി തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ആശുപത്രിയിൽ എത്തിയാൽ സ്കാനിങ് വഴി തലച്ചോറിൽ എന്തെങ്കിലും രോഗമുണ്ടോ എന്ന് പരിശോധിക്കും. കുടുംബത്തിൽ ആർക്കെങ്കിലും തലച്ചോറിൽ രക്തസ്രാവം ഉണ്ടായിട്ടുണ്ടെങ്കിൽ നേരത്തേ സ്ക്രീനിങ് ചെയ്യുന്നത് നല്ലതാണ്. പരിശോധനകളിലൂടെ പ്രശ്നത്തെ നേരത്തേ തിരിച്ചറിയുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യാം.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്യാംലാൽ. എസ്, സീനിയർ കൺസൽട്ടന്റ് ന്യൂറോളജിസ്റ്റ്, കിംസ് ഹെൽത്ത് സെന്റർ, തിരുവനന്തപുരം)