Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനായിരത്തിലേറെ ശസ്ത്രക്രിയകൾ; അറിയാമോ ഈ മുത്തശ്ശി ഡോക്ടറെ?

health-russian-dr-surgeon-89 ഡോ. അൽല്ല ഇലായിനിക്ന ലെവുഷ്കിന (ചിത്രം : അലക്സണ്ടർ റുമിൻ / ടാസ്)

ഒരു ശസ്ത്രക്രിയ വിദഗ്ധന് ഏറ്റവും അത്യാവശ്യമായി ഉണ്ടാകേണ്ട ഗുണമെന്താണെന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും പറയും–പ്രവൃത്തി പരിചയം. എത്രയേറെ കൂടുതൽ ശസ്ത്രക്രിയ ചെയ്യുന്നോ അത്രയും വിശ്വാസ്യതയും ഏറും അദ്ദേഹത്തിന്. അങ്ങനെയെങ്കിൽ വിശ്വാസ്യതയുടെ കാര്യത്തിൽ നമ്പർ വൺ ആയ ഒരു കക്ഷിയെ പരിചയപ്പെടാനുണ്ട്. പേര്–അൽല്ല ഇലായിനിക്ന ലെവുഷ്കിന. പ്രായം 89. അതായത് ഏകദേശം 67 വർഷത്തെ ജോലി പരിചയമുണ്ട് ഈ മുത്തശ്ശി ഡോക്ടർക്ക്. 

ഇപ്പോൾ വിരമിച്ച് വിശ്രമത്തിലായിരിക്കുമല്ലേ എന്നു ചോദിച്ചാൽ തെറ്റി. ‘വിരമിക്കാന്‍ ഒരു പദ്ധതിയുമില്ലെ’ന്ന് യാതൊരു ക്ഷീണവും കൂടാതെ പറയും അൽല്ല. 1950 മുതൽ വൈദ്യശാസ്ത്രരംഗത്തുണ്ട് ഇവർ. ഇതിനോടകം ചെയ്തത് പതിനായിരത്തിൽപ്പരം ശസ്ത്രക്രിയകൾ ഒരെണ്ണത്തിൽപ്പോലും ഇന്നേവരെ കൈപ്പിഴ സംഭവിച്ചിട്ടില്ല. മാത്രമല്ല ഇപ്പോഴും ആഴ്ചയിൽ കുറഞ്ഞത് നാലു ദിവസം ആശുപത്രിയിലെത്തും, നാലു സർജറികളെങ്കിലും വിജയകരമായി പൂർത്തിയാക്കുകയും ചെയ്യും. 

ആതുരസേവനത്തിനിടയിൽ വിവാഹം പോലും മറന്നു. രാവിലെ എട്ടിനു തന്റെ ക്ലിനിക്കിലെത്തി രോഗികളെ കാണും. പിന്നീട് ശസ്ത്രക്രിയ മുറിയിലേക്ക് പോകും. ഈ പ്രായത്തിലുള്ള ശസ്ത്രക്രിയ അപകടകരമല്ലേയെന്ന് നമ്മുടെ മനസിലുയരുന്ന ചോദ്യത്തിന് ഉത്തരം പറയുക സഹപ്രവർത്തകരാണ്. നൂറ്റൻപതിൽലേറെ സർജറികൾക്ക് അൽല്ല ഒപ്പമുണ്ടായിരുന്നെന്നും  വളരെ കൃത്യതയാർന്ന കൈകളാണ് ഡോക്ടറുടെതെന്നുമാണ് അവരുടെ മറുപടി. ഉയരക്കുറവ് കാരണം ഓപ്പറേഷൻ ടേബിളിലേക്ക് ഒരു പ്ളാറ്റ്ഫോമിൽ കയറിനിന്നാണ് ശസ്ത്രക്രിയകളെല്ലാം. 

ഡോക്ടർ എന്നത് ഒരു തൊഴിലല്ലെന്നും അതൊരു ജീവിതരീതിയാണെന്നുമാണ് അൽല്ലയുടെ അഭിപ്രായം. ഏതായാലും റിട്ടയർമെന്റ് എന്നു കേൾക്കുന്നത് തന്നെ ഇഷ്ടമില്ലാതെ പ്രവർത്തനം തുടരുന്ന അൽല്ലയ്ക്ക് റഷ്യയിലെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള മികവിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരനായ ഒരു അനന്തരവനെയും വീട്ടിലെ അനവധി പൂച്ചകളെയും നോക്കാനാണ് ‘അൽല്ല ഡോക്ടർ’ തന്റെ ബാക്കി സമയം നീക്കി വയ്ക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.