Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലർജിയെക്കുറിച്ച് അറിയേണ്ട 15 കാര്യങ്ങൾ

allergy

1. എന്താണ് അലർജി? ഇത് ശരീരപ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനമാണോ?

ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോടു ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്നു പറയുന്നത്. കുഴപ്പക്കാരായ കടന്നുകയറ്റക്കാർക്കെതിരെ പടവെട്ടാനാണു ശരീരത്തിലെ പ്രതിരോധവ്യവസ്ഥ സജ്ജമാക്കിയിരിക്കുന്നത്. എന്നാൽ, അലർജിയുണ്ടാവാൻ സാധ്യതയുള്ളവരിൽ ഈ വ്യവസ്ഥ കുഴപ്പക്കാരല്ലാത്ത പ്രോട്ടീനുകൾക്കെതിരെയും പ്രതികരിക്കുന്നു. അതായത് ഒരുതരം വികലമായ പ്രതിരോധപ്രവർത്തനം. അലർജിയുണ്ടാക്കുന്ന പ്രോട്ടീനുകളെ അലർജനുകൾ എന്നു പറയുന്നു.

2. പ്രധാനപ്പെട്ട അലർജിക് പ്രതിപ്രവർത്തനങ്ങൾ എന്തൊക്കെയാണ്?

അലർജനുകൾ ഏതു തരമാണ്, അവ എങ്ങനെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നു, അവ ഏത് അവയവത്തെയാണു ബാധിക്കുന്നത് എന്നതനുസരിച്ച് അലർജിയുടെ പ്രതിപ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. അലർജനുകൾ മൂന്നു തരത്തിലുണ്ട്.

1. അന്തരീക്ഷത്തിലുള്ളവ (Aeroallergens): ഇവ മൂക്കിലും ശ്വാസകോശത്തിലും കടന്നു ശ്വാസതടസം, ചുമ, തുമ്മൽ ഇവ ഉണ്ടാക്കുന്നു. ഉദാ: പൊടി, പുക, വിവിധ പൂമ്പൊടികൾ, മൃഗങ്ങളുടെ രോമം എന്നിവ.

2. ഭക്ഷണത്തിലെ അലർജനുകൾ (Food allergens): ഇവ ഭക്ഷ്യ അലർജിക്കു കാരണമായി ചൊറിച്ചിൽ, തൊലിപ്പുറമേ തടിപ്പ് എന്നിവ ഉണ്ടാക്കുന്നു. (അലർജിക് ഡെർമറ്റൈറ്റിസ്, അർടിക്കേരിയ).

3. സമ്പർക്കത്തിലൂടെ അലർജിയുണ്ടാക്കുന്നവ (Contact allergens): ഇവ ത്വക്കിലെ അലർജിക്കു കാരണമാവുന്നു.

അലർജി മൂലം സാധാരണഗതിയിൽ ചൊറിച്ചിൽ, തടിപ്പ് എന്നിവയാണുണ്ടാവുന്നതെങ്കിലും അപൂർവം ചിലരിൽ ശ്വാസതടസവും, രക്തസമ്മർദം കുറയുകയും രോഗിക്കു ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാവുന്ന അതിഗുരുതരമായ അനാഫിലാക്ടിക് ഷോക്കും (Anaphylactic Shock) ഉണ്ടാവാം. കടന്നൽ, തേൾ, എട്ടുകാലി തുടങ്ങിയ ജീവികൾ കുത്തുമ്പോൾ ചിലർക്കു ഗുരുതരമായ റിയാക്ഷനുണ്ടാവാറുണ്ട്.

3. അലർജി കണ്ടുപിടിക്കാൻ രക്തപരിശോധനകളുണ്ടോ? ഭക്ഷണ അലർജി കണ്ടുപിടിക്കാനും ഇതു സഹായകമാണോ? ഇവ കേരളത്തിലെ ലാബുകളിൽ നടത്താമോ?

അലർജി പരിശോധിച്ചു കണ്ടെത്താൻ എലീസാ ടെസ്റ്റ് പോലുള്ള രക്തപരിശോധന ലഭ്യമാണ്. ആഹാരസാധനങ്ങളോടുള്ള അലർജി കണ്ടുപിടിക്കാനും കഴിയും. കേരളത്തിൽ പല ലാബുകളിലും ഇതു ചെയ്യുന്നുണ്ട്. എന്നാൽ ഇവ ഇൻട്രാഡെർമൽ ടെസ്റ്റിന്റെയത്ര വിശ്വസനീയമല്ല. മാത്രമല്ല, ഇൻട്രാഡെർമൽ ടെസ്റ്റിനെക്കാൾ വളരെ ചെലവേറിയതുമാണ്.

4. എന്താണ് ഇൻട്രാഡെർമൽ സ്കിൻ ടെസ്റ്റ്. അവ എല്ലാത്തരം അലർജികളും കണ്ടുപിടിക്കാൻ സഹായകരമാണോ?

ഇൻട്രാഡെർമൽ ടെസ്റ്റിൽ അലർജൻ അടങ്ങിയ ലായനി ചെറിയ അളവിൽ തൊലിപ്പുറമേ കുത്തിവയ്ക്കുന്നു. തുടർന്നു ചുറ്റും ഉണ്ടാവുന്ന റിയാക്ഷൻ വിലയിരുത്തി അലർജനുകളിൽ ഏതിനോടൊക്കെയാണ് ഒരു വ്യക്തിക്ക് അലർജി എന്നു കണ്ടുപിടിക്കുന്നു. ആന്റിജൻ തൊലിപ്പുറമേ കുത്തിവച്ചു 20 മിനിറ്റിനു ശേഷമാണു റിയാക്ഷൻ വിലയിരുത്തുന്നത്. അന്തരീക്ഷത്തിലുള്ള വിവിധതരം അലർജനുകൾ (വീട്ടിനുള്ളിൽ കാണുന്ന പൊടി, പൂത, പൂമ്പൊടികൾ, പാറ്റ. ഈച്ച, കൊതുക് മുതലായ പ്രാണികൾ, നനവുള്ള ഭിത്തിയിലും മറ്റും വളരുന്ന പൂപ്പൽ അഥവാ ഫംഗസുകൾ തുടങ്ങിയവ) ഡ്രഗ് അലർജി (മരുന്നുകളോടുള്ള അലർജി), ആഹാര സാധനങ്ങളോടുള്ള അലർജി എന്നിവയെല്ലാം കണ്ടുപിടിക്കാൻ ഈ ടെസ്റ്റ് സഹായിക്കും. ഈ അലർജി ടെസ്റ്റിംഗ് കൊണ്ടുള്ള പ്രയോജനങ്ങൾ രണ്ടാണ്.

1. ടെസ്റ്റ് ചെയ്ത് അലർജിയുണ്ടെന്നു കണ്ടെത്തിയ അലർജനുകളുമായുള്ള സമ്പർക്കം ഒഴിവാക്കാം. (പ്രത്യേകിച്ചും ആഹാരസാധനങ്ങൾ).

2. രോഗിയെ ഇമ്യൂണോതെറപ്പിക്ക് വിധേയനാക്കാം.

ഈ ടെസ്റ്റിനു 3—4 ദിവസം മുമ്പു മുതൽ അലർജിക്കെതിരായ മരുന്നുകൾ കഴിക്കുന്നതു രോഗി നിർത്തണം. കാരണം, അവ കഴിച്ചുകൊണ്ടിരിക്കെ ടെസ്റ്റ് ചെയ്താൽ ശരീരം പ്രതികരിക്കില്ല. ചില രോഗികൾക്ക് ഇങ്ങനെ മരുന്നുകൾ നിർത്തുമ്പോൾ രോഗലക്ഷണങ്ങൾ അധികരിക്കാറുണ്ട്. അതിനാൽ രോഗം കുറച്ചെങ്കിലും നിയന്ത്രണവിധേയമാവുമ്പോൾ മാത്രമേ അലർജി ടെസ്റ്റിംഗ് ചെയ്യാവൂ. അതുപോലെ തന്നെ ചിലർക്ക് അലർജി ടെസ്റ്റിംഗ് ചെയ്യുമ്പോൾ തന്നെ കടുത്ത അലർജി, ബോധക്ഷയം, രക്തസമ്മർദം കുറയുക എന്നിവയുണ്ടാവാം. അതിനാൽ ഇതിനെതിരെയുള്ള മുൻകരുതലുകളും എടുക്കണം. മാത്രമല്ല, ഈ രംഗത്തു നല്ല പരിചയവും വൈദഗ്ധ്യവും ഉള്ള ഡോക്ടർമാർ മാത്രം നേരിട്ടു നടത്തേണ്ട ഒരു പരിശോധനയാണിത്. ലാബുകളിലും മറ്റും നടത്തുന്നതല്ല.

5. അലർജി പാരമ്പര്യമായി ഉണ്ടാകുമോ? എത്ര ശതമാനം സാധ്യതയുണ്ട്?

മിക്കപ്പോഴും പാരമ്പര്യമായി കാണപ്പെടുന്ന ഒരു രോഗമാണ് അലർജിയെങ്കിലും എല്ലായ്പ്പോഴും അങ്ങനെയാവണമെന്നില്ലതാനും. മാതാപിതാക്കളിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള അലർജി രോഗമുണ്ടെങ്കിൽ അവരുടെ കുട്ടികളിൽ 25 ശതമാനത്തിനും അലർജിയുണ്ടാവാൻ സാധ്യതയുണ്ട്. മാതാപിതാക്കൾക്ക് ഇരുവർക്കും രോഗമുണ്ടെങ്കിൽ ഈ സാധ്യത 50 ശതമാനമായി വർധിക്കുന്നു.

6. എന്താണ് പ്രിക് സ്കിൻ ടെസ്റ്റ്? കേരളത്തിൽ നിലവിലുണ്ടോ?

സൂചിയുപയോഗിച്ച് അലർജനുകളടങ്ങിയ ദ്രാവകം ത്വക്കിനുള്ളിലേക്കു കുത്തിവയ്ക്കുന്നതിനു പകരം ഈ ദ്രാവകം തൊലിപ്പുറമേ പുരട്ടിയ ശേഷം വളരെ നേരിയ സൂചിയുപയോഗിച്ചു അതിനു പുറമേ ചെറുതായി കുത്തി നടത്തുന്ന പരിശോധനയാണു സ്കിൻ പ്രിക് ടെസ്റ്റ്. വേദന കുറവാണെന്ന ഗുണമുണ്ടെങ്കിലും ഇൻട്രാഡെർമൽ ടെസ്റ്റിന്റെ അത്ര വിശ്വസനീയമല്ലാത്തതിനാൽ കേരളത്തിൽ ഈ പരിശോധനയ്ക്കു വലിയ പ്രചാരമില്ല.

7. പാച്ച് സ്കിൻ ടെസ്റ്റ് എപ്പോഴൊക്കെയാണ് ചെയ്യുന്നത്?

അലർജനുകളായി നേരിട്ടുള്ള സ്പർശനമോ സാമീപ്യമോ മൂലം തൊലിപ്പുറമേ ഉണ്ടാവുന്ന അലർജിയാണു കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് (Contact Dermatitis). ഉദാ: സോപ്പ്, ഗ്ലൗസ്, ജോലിസംബന്ധമായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ, സിമന്റ് എന്നിവ മൂലം കൈകളിലും സൗന്ദര്യവർധകവസ്തുക്കൾ മൂലം മുഖത്തും മറ്റും ഉണ്ടാവുന്ന ചൊറിച്ചിൽ. ഇത്തരം രോഗങ്ങളിൽ രോഗഹേതുവെന്നു സംശയിക്കപ്പെടുന്ന ആന്റിജൻ അടങ്ങിയ പാച്ചുകൾ ത്വക്കിൽ ഒട്ടിച്ചുവച്ചു റിയാക്ഷനുണ്ടാവുന്നുണ്ടോ എന്നു പരീക്ഷിച്ചറിയുന്ന പരിശോധനയാണു പാച്ച് ടെസ്റ്റ്.

8. എന്താണ് അലർജി ഷോട്സ്? എങ്ങനെയുള്ളവർക്കാണ് ഈ ചികിത്സ ഏറ്റവും ഫലപ്രദം?

അലർജി ഷോട്സ് എന്നാൽ ഇമ്യൂണോതെറപ്പി എന്ന ചികിത്സാരീതിയാണ്. രോഗത്തിനു കാരണമാകുന്ന അലർജനുകൾ വളരെ ചെറിയ അളവിൽ നിശ്ചിത ഇടവേളയിൽ ശരീരത്തു കുത്തിവയ്ക്കുന്നു. അലർജനുകളുമായുള്ള തുടരെത്തുടരെയുള്ള സമ്പർക്കം മൂലം ഒടുവിൽ ശരീരം മേൽപറഞ്ഞ അലർജനുകളോടു പ്രതികരിക്കാതാവുന്നു.

ആരംഭത്തിലേ ചികിത്സിച്ചാൽ അലർജി എന്ന രോഗം പാടേ ഇല്ലാതാക്കാൻ ഇമ്യൂണോതെറപ്പിയോളം ഫലപ്രദമായ മറ്റൊരു ചികിത്സാരീതിയില്ല. ചെലവ് അൽപം ഏറും എന്നതും കാലദൈർഘ്യവുമാണ് ഈ ചികിത്സാരീതിയുടെ ന്യൂനത. എന്നാൽ തികച്ചും പാർശ്വഫലങ്ങളില്ലാത്തതും ഫലപ്രദവുമായതിനാൽ ഈ ചികിത്സാരീതിക്കു പ്രസക്തിയേറുന്നു. ഗർഭകാലത്തു പോലും സുരക്ഷിതമാണ് ഈ ചികിത്സ. മൂന്നു മുതൽ അഞ്ചു വർഷം വരെ നീളുന്ന ഈ ചികിത്സയിൽ ഒരു വർഷത്തിനുള്ളിൽ ഫലം കണ്ടുതുടങ്ങും. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ ചികിത്സ ഏറ്റവും ഫലപ്രദം.

ചിലയാളുകൾക്കു കടന്നൽ, തേനീച്ച, ചിലയിനം ഉറുമ്പുകൾ, തേൾ മുതലായ ഷഡ്പദങ്ങളോടു കടുത്ത അലർജി കാണപ്പെടാറുണ്ട്. അത്തരക്കാർക്കു മേൽപ്പറഞ്ഞവയുടെ കടിയേറ്റാൽ മാരകമായേക്കാവുന്ന പ്രതികരണം (anaphylaxis) കണ്ടുവരുന്നു. പെട്ടെന്നുണ്ടാവുന്ന ബോധക്ഷയം, രക്തസമ്മർദം കുറയുക മുതലായ ലക്ഷണങ്ങൾ പ്രകടമായേക്കാം. ഇത്തരം രോഗികൾക്ക് ഇമ്യൂണോതെറാപ്പി വളരെ പ്രയോജനം ചെയ്തു കാണുന്നു. മുമ്പുപറഞ്ഞ പ്രാണികളിൽ നിന്നും അലർജിക്കു കാരണമായ പ്രോട്ടീനുകളെ വേർതിരിച്ചെടുത്ത് ഉണ്ടാക്കുന്ന മരുന്നുപയോഗിച്ചാണ് ഈ ചികിത്സ ചെയ്യുന്നത്. ഇമ്യൂണോതെറപ്പി കൊണ്ട് ഇതു ഫലപ്രദമായി തടയാൻ കഴിയും.

9. അലർജനുകളാണ് പ്രതിരോധശക്തി വർധിപ്പിക്കാനായി കുത്തിവയ്ക്കുന്നതെങ്കിൽ, ഇതേ അലർജനുകൾ തന്നെയല്ലേ അലർജിയുണ്ടാക്കുന്നതും? ഇവിടെ എന്താണു വ്യത്യാസമുള്ളത്?

ഇമ്യൂണോതെറപ്പിയിൽ അലർജനുകൾ വളരെ ചെറിയ അളവിൽ നിശ്ചിത ഇടവേളയിലാണു ശരീരത്തു കടക്കുന്നത്. അലർജനുകളുമായുള്ള തുടരെത്തുടരെയുള്ള സമ്പർക്കം മൂലം ഒടുവിൽ ശരീരം മേൽപറഞ്ഞ അലർജനുകളോടു പ്രതകരിക്കാതാവുന്നു. സാധാരണ അലർജിയിൽ ആന്റിജനോടുള്ള പ്രതികരണമായി ഐജിഇ (IgE) എന്ന ആന്റിബോഡിയാണ് രക്തത്തിലുണ്ടാവുന്നത്. എന്നാൽ ഇമ്യൂണോതെറപ്പിയിൽ ഐജിജി (IgG) ആന്റിബോഡിയാണ് ഉണ്ടാവുന്നത്. ഐജിഇ അലർജിയുണ്ടാക്കും. എന്നാൽ ഐജിജി ഉണ്ടാക്കില്ല.

10. അലർജിക്ക് എന്തൊക്കെ ചികിത്സകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്?

ഏതുതരത്തിലെ അലർജിയായാലും ചികിത്സയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്.

1. അലർജനുകളെ അകറ്റിനിർത്തുക (ജീവിതരീതിയിൽ വരുത്തേണ്ട വ്യതിയാനങ്ങൾ).

2. മരുന്നുകൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ (Pharmaco-therapy): ആന്റിഹിസ്റ്റമിനുകൾ, സ്റ്റീറോയ്ഡുകൾ എന്നീ ഔഷധങ്ങളാണ് അലർജി ചികിത്സയ്ക്കായി ഉപയോഗിക്കാറ്. സെട്രിസിൻ, ലീവോസെട്രിറ്റിസിൻ, ഡെസ്ലോറാറ്റിഡിൽ മുതലായ ആന്റിഹിസ്റ്റമിനുകളാണ് ഈ വിഭാഗത്തിൽ പെടുന്നവ. അലർജിക് റൈനൈറ്റിസിന്റെ ചികിത്സയ്ക്കാണ് ഇവ സാധാരണ ഉപയോഗിക്കാറ്. താരതമ്യേന പാർശ്വഫലങ്ങൾ കുറവാണെങ്കിലും ദീർഘകാലം കഴിക്കുന്നത് അഭികാമ്യമല്ല. മാത്രമല്ല, അമിതമായ ഉറക്കം, ക്ഷീണം, വണ്ണം വയ്ക്കുക മുതലായ പാർശ്വഫലങ്ങൾ പലർക്കും അനുഭവപ്പെടാറുണ്ട്. മൂക്കിലടിക്കുന്ന സ്പ്രേയായും ലഭ്യമാണ്.

3. അലർജി ടെസ്റ്റിംഗും ഇമ്യൂണോതെറപ്പിയും.

ഏറ്റവും പുതിയ ചികിത്സ സബ്ലിംഗ്വൽ ഇമ്യൂണോതെറപ്പിയാണ്. അലർജി ചികിത്സാരംഗത്ത് ഒരു വിപ്ലവകരമായ കണ്ടുപിടുത്തമാണ് സബ്ലിംഗ്വൽ ഇമ്യൂണോതെറപ്പി. മുമ്പൊക്കെ ഇമ്യൂണോതെറപ്പി എന്നാൽ ആഴ്ചതോറുമുള്ള കുത്തിവയ്പായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ, പല രോഗികളും പ്രത്യേകിച്ചു കുട്ടികൾ ഈ ചികിത്സ സ്വീകരിക്കാൻ വിമുഖരായിരുന്നു. സബ് ലിംഗ്വൽ ഇമ്യൂണോതെറപ്പി എന്ന ചികിത്സാരീതിയിൽ കുത്തിവയ്ക്കുന്നതിനു പകരം മരുന്നു നാവിനടിയിൽ വച്ച് അലിയിക്കുകയാണു ചെയ്യുന്നത്. അതുമൂലമുള്ള ഗുണങ്ങൾ പലതാണ്. വേദനയില്ല, കുത്തിവയ്പിക്കാനായി മറ്റെങ്ങും പോകേണ്ട കാര്യമില്ല. കുത്തിവയ്പിനുണ്ടാകാവുന്നതുപോലെ റിയാക്ഷനുമുണ്ടാവില്ല. ഈ ചികിത്സ മുമ്പേ തന്നെ, വിദേശങ്ങളിൽ നിലവിലുണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത് അടുത്താണ്. എന്നാൽ ടെസ്റ്റിംഗിൽ വളരെയധികം അലർജനുകൾ കണ്ടെത്തിയാൽ ഇതു നല്ല ഫലം തരില്ല. ഒന്നു മുതൽ മൂന്ന് വരെ മാത്രം അലർജനുകൾ ഉള്ളവരിലാണ് ഇതു ഫലപ്രദം.

11. അലർജിക്ക് ഉപയോഗിക്കുന്ന സ്പ്രേകളെല്ലാം സ്റ്റിറോയ്ഡ് കലർന്നവയാണോ? ഇവ സ്ഥിരമാക്കുന്നതുകൊണ്ട് പാർശ്വഫലങ്ങളുണ്ടോ?

ആസ്തമ ചികിത്സയിലുപയോഗിക്കുന്ന ഇൻഹേലറുകളെപ്പോലെ നേസൽ സ്പ്രേയും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചികിത്സാരീതിയാണ്. ആന്റിഹിസ്റ്റമിനുകൾ മാത്രം, സ്റ്റീറോയ്ഡുകൾ മാത്രം, ഇവ രണ്ടും ചേർന്നത് എന്നിങ്ങനെ മൂന്നുതരം നേസൽ സ്പ്രേകൾ ലഭ്യമാണ്. വാസ്തവത്തിൽ സ്റ്റീറോയ്ഡ് സ്പ്രേകൾ പോലും തികച്ചും സുരക്ഷിതമാണ്. ദീർഘകാലം മരുന്നുകൾ കഴിക്കുന്നതു കൊണ്ടുള്ള കുഴപ്പങ്ങൾ ഒഴിവാക്കാം എന്നതാണ് ഈ രീതിയുടെ മെച്ചം. സ്പ്രേകൾ എത്രനാൾ ഉപയോഗിച്ചാലും കാര്യമായ പാർശ്വഫലങ്ങളൊന്നും തന്നെയില്ല. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഇടയ്ക്കിടെ കൃത്യമായി ഡോസ് വ്യതിയാനങ്ങൾ നടത്തണമെന്നു മാത്രം. രോഗം കഠിനമായാൽ സ്റ്റീറോയ്ഡ് ഗുളികകളും വേണ്ടിവരാം.

12. കുട്ടികൾ പൊടിയും മഞ്ഞും കാറ്റുമേറ്റ് വളരുന്നതാണോ അലർജി തടയാൻ നല്ലത്? കളിയും വ്യായാമവും എത്രകണ്ട് അലർജി കുറയ്ക്കും?

ഈ വിഷയത്തിലും വിദഗ്ധർക്കിടയിൽ ഏകാഭിപ്രായമില്ല. അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെയാണ് ആസ്തമയിൽ ശുചിത്വത്തിന്റെയും സ്ഥിതി. അലർജനുകളെ നിയന്ത്രിക്കുവാൻ ശുചിത്വം അത്യാവശ്യം തന്നെ. എന്നാൽ കുട്ടിയെ പുറത്തു കളിക്കാൻ വിടാതെ വീട്ടിനുള്ളിൽ മാത്രമൊതുക്കിയാണു വളർത്തുന്നത് എങ്കിൽ അങ്ങനെയുള്ള കുട്ടികൾക്കു മറ്റു കുട്ടികളെക്കാൾ ആസ്തമയും അലർജി മൂലമുള്ള മറ്റു രോഗങ്ങളും പിടിപെടാൻ സാധ്യത കൂടുതലാണ്. അടുത്ത കാലത്ത് ഉരുത്തിരിഞ്ഞ ശുചിത്വസിദ്ധാന്തം അഥവാ ണ്ണത്നദ്ദദ്ധ൹n൹ ണ്ണത്നണ്മഗ്നന്ധ൹ന്ഥദ്ധന്ഥ പ്രകാരം അമിതശുചിത്വം ആസ്തമയുണ്ടാക്കും എന്നു കണ്ടെത്തിയിരിക്കുന്നു.

13. അലർജി കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ആസ്തമയായി മാറുമെന്നതു ശരിയാണോ?

അലർജി മൂലമുള്ള രണ്ടു രോഗങ്ങളാണു ദീർഘകാലം നീണ്ടുനിൽക്കുന്ന തുമ്മലും ജലദോഷവും (അലർജിക് റൈനൈറ്റിസ്) ആസ്തമയും. 40 ശതമാനം അലർജിക് റൈനൈറ്റിസ് രോഗികൾക്കു ഭാവിയിൽ ആസ്തമ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

14. അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ ഒഴിവാക്കുന്നതാണോ അവയുമായി സമ്പർക്കത്തിലേർപ്പെട്ട് അലർജി ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണോ ഫലപ്രദം?

ഈ വിഷയത്തിൽ വിദഗ്ധർക്കിടയിൽ തർക്കം നിലനിൽക്കുന്നു. എങ്കിലും രോഗകാരണമായ അലർജനുകളെ ഒഴിവാക്കുന്നതുതന്നെയാണു രോഗനിയന്ത്രണത്തിനു മിക്കപ്പോഴും അഭികാമ്യം. അലർജനുകളുടെ ചെറിയ ഡോസിലുള്ള സമ്പർക്കം കാലക്രമത്തിൽ രോഗകാഠിന്യം കുറയ്ക്കും എന്നതാണ് ഇമ്യൂണോതെറപ്പിയുടെ അടിസ്ഥാനം. എന്നാൽ നിത്യജീവിതത്തിൽ അതു പ്രായോഗികമല്ല.

15. എങ്ങനെയാണ് അലർജനുകൾ ശരീരത്തിൽ അലർജിയുണ്ടാക്കുന്നത്? പ്രധാന അലർജി പ്രതികരണങ്ങൾ ഏതൊക്കെയാണ്?

ഒരു വ്യക്തി ആദ്യമായി അത്തരം ഒരു അലർജനുമായി (ആന്റിജൻ) സമ്പർക്കത്തിൽ വരുമ്പോൾ അലർജിയുടെ ലക്ഷണങ്ങൾ കാണപ്പെടുന്നില്ല. എന്നാൽ ആ പ്രത്യേക ആന്റിജനെതിരെ എജെിഇ ആന്റിബോഡി രക്തത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. പിന്നീടെപ്പോഴെങ്കിലും അതേ അലർജനുമായി വീണ്ടും സമ്പർക്കമുണ്ടാവുമ്പോൾ രക്തത്തിലുള്ള മേൽപറഞ്ഞ ആന്റിബോഡി പെട്ടെന്ന് ആന്റിജനുമായി കൂടിച്ചേർന്ന് ആന്റിജൻ ആന്റിബോഡി കോംപ്ലക്സുകൾ ഉണ്ടാവുന്നു. ഇവ രക്തത്തിലെ ശ്വേതരക്താണുക്കളായ ഇയോസിനോഫിൽ, ലിംഫോസൈറ്റ് മുതലായ കോശങ്ങളെ ഉത്തേജിപ്പിച്ചു ഹിസ്റ്റമിൻ, ലൂകോട്രീൻ, സൈറ്റോകൈനുകൾ മുതലായ രാസതന്മാത്രകൾ പുറപ്പെടുവിക്കുന്നു. ഇവയെല്ലാം ചേർന്നു ശരീരത്തിനുള്ളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫലമാണ് അലർജി.

ഡോ. പി. വേണുഗോപാൽ അഡി. പ്രഫസർ ഓഫ് പൾമണറി മെഡിസിൻ, മെഡി. കോളജ്, ആലപ്പുഴ.