Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറവിയുടെ തൻമാത്രകൾ

alzheimers-care Image Courtesy : The Week Magazine

മറവിയുടെ കാണാക്കയങ്ങളിലേക്കു പെട്ടെന്നൊരു വീഴ്‌ച. മൂടൽ വീണ ആ ഓർമച്ചിത്രങ്ങളിൽ പലപ്പോഴും, ഏറ്റവും പ്രിയപ്പെട്ടവർ പോലുമുണ്ടാകില്ല. ഒടുവിലൊടുവിൽ, നിസംഗമായ സ്വയം നഷ്‌ടപ്പെടൽ. ഇന്നു ലോക അൽസ്‌ഹൈമേഴ്‌സ് ദിനം. പ്രായമേറിയവരെ കൂടുതലായി ബാധിക്കുന്ന മേധാക്ഷയം പതുക്കെയെങ്കിലും സാമൂഹിക പ്രശ്‌നമായി മാറുകയാണ്.

ഈ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ..?

ഇത് ഏതു വർഷമാണ്? ഇപ്പോൾ ഏതു സമയമാണ്? ഇന്ന് തീയതി എത്രയാണ്? എന്ത് ആഴ്‌ചയാണ്? ഏതു മാസമാണ്? ഇപ്പോൾ എവിടെയാണ്... തുരുതുരെ ഇങ്ങനെ കുറേ ചോദ്യങ്ങൾ ചോദിച്ചാൽ തെറ്റാതെ ഉത്തരം പറയാൻ കഴിയുമോ? പറ്റില്ലെങ്കിൽ മറവി രോഗമുണ്ടോ എന്നു വിശദമായി പരിശോധിക്കണം. ഒരുപക്ഷേ അൽസ്‌ഹൈമേഴ്‌സ് രോഗത്തിന്റെ തുടക്കമാവും ഈ മറവി.

മറവി രോഗത്തിന്റെ ആദ്യ വഴികൾ...

അടുത്തിടെ സംഭവിച്ചതോ പഠിച്ചതോ ആയ കാര്യങ്ങൾ മറക്കുകയാണു രോഗത്തിന്റെ ആദ്യഘട്ടം. ദൈനംദിന ജോലികളിലെ പരിചിതമായ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുക. ഉദാ: പാചകം ചെയ്യൽ, വാഹനം ഓടിക്കൽ. സംസാരഭാഷയിലെ വ്യത്യാസം. നിത്യവും ഉപയോഗിക്കുന്ന വാക്കുകൾ മറന്നുപോകുക. സ്‌ഥലവും സമയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അജ്‌ഞത. വീട്ടിലേക്കു തിരിച്ചെത്താനുള്ള വഴി മറന്നുപോകുക. ചിന്തിച്ചു പ്രവർത്തിക്കുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടുക. ആലോചനാശേഷി കുറയുക. വസ്‌തുക്കൾ പരസ്‌പര ബന്ധമില്ലാത്തയിടങ്ങളിൽ വച്ചു മറക്കുക. ചെരുപ്പോ കണ്ണടയോ ഫ്രിഡ്‌ജിൽ വയ്‌ക്കുക. വസ്‌ത്രധാരണത്തിൽ അലസത, കാര്യങ്ങളെക്കുറിച്ചു വിലയിരുത്താൻ കഴിയാതെ വരുക. വൈകാരികമായ മാറ്റങ്ങൾ.

കാരണങ്ങളില്ലാതെ മാനസികതലം പെട്ടെന്നു മാറിമറിയുക. ഉദാ: പെട്ടെന്നുള്ള ദേഷ്യം, സങ്കടം. വ്യക്‌തിത്വത്തിൽ പ്രകടമായ മാറ്റങ്ങൾ. അകാരണമായ ഭയം, സംശയം എന്നിവയുണ്ടാകുക. കാര്യങ്ങൾ സ്വയം ചെയ്യാനുള്ള ശേഷി നഷ്‌ടപ്പെടുക. ഒന്നിലും ഉത്സാഹമില്ലാതെയിരിക്കുക. ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള മടി, താൽപര്യക്കുറവ്. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു തലച്ചോറിലെ കോടിക്കണക്കിനു ന്യൂറോണുകളാണ്. ഇവയുടെ പ്രവർത്തന ഫലമായാണു ചിന്തിക്കുക, കാണുക, കേൾക്കുക, മനസ്സിലാക്കുക തുടങ്ങിയവയെല്ലാം നടക്കുന്നത്. ഈ കോശങ്ങളെയാണ് അൽസ്‌ഹൈമേഴ്‌സ് കാർന്നു തിന്നുന്നത്.

ചരടു പൊട്ടിയ പട്ടം പോലെ....

അൽസ്‌ഹൈമേഴ്‌സിന്റെ തുടക്കത്തിൽ പഴയകാര്യങ്ങളെല്ലാം നിറഞ്ഞ തെളിവോടെയുണ്ടാകും ഓർമയിൽ. എന്നാൽ, അൽപസമയം മുൻപു കഴിഞ്ഞുപോയൊരു കാര്യമാകും ആദ്യം ഓർമയിൽനിന്നു മാഞ്ഞുപോവുക. പുതിയകാര്യങ്ങൾ രേഖപ്പെടുത്താൻ കോശങ്ങൾക്കു ശേഷിയില്ലാതെ വരുന്നതാണ് ഇതിനു കാരണം. അൽസ്‌ഹൈമേഴ്‌സിന്റെ മൂർധന്യാവസ്‌ഥയിൽ ചരടുപൊട്ടിയ പട്ടത്തിനു സമാനമായ അവസ്‌ഥയിലെത്തും രോഗി. പഠിച്ചെടുത്തതും ആർജിച്ചതുമായ കഴിവുകളെല്ലാം പൂർണമായും നഷ്‌ടപ്പെടുന്നു. ഭക്ഷണം കഴിക്കുന്നതെങ്ങനെ എന്നുപോലും അറിയാതെ വരിക, മുറിയിലും മറ്റും മലമൂത്രവിസർജനം നടത്തുക, മോശപ്പെട്ട ഭാഷയിൽ സംസാരിക്കുക എന്നിങ്ങനെ ബുദ്ധിഭ്രമമുള്ള രീതിയിലാകുന്നു പെരുമാറ്റം. അക്രമ സ്വഭാവവും പ്രകടിപ്പിക്കാം. അൽസ്‌ഹൈമേഴ്‌സിന് ഫലപ്രദമായ ചികിത്സ നിലവിലില്ലെങ്കിലും ആരംഭഘട്ടത്തിൽ രോഗം കണ്ടെത്തലും കാര്യക്ഷമമായ പരിചരണവും അത്യാവശ്യമാണ്.

പരിചരണം എങ്ങനെ?

കൃത്യമായ ചികിൽസയോ പ്രതിരോധ മാർഗങ്ങളോ ഇനിയും കണ്ടുപിടിച്ചിട്ടില്ലെന്നതാണ് ആരോഗ്യരംഗത്ത് അൽസ്‌ഹൈമേഴ്‌സ് ഉയർത്തുന്ന പ്രധാന വെല്ലുവിളി. രോഗിയെ എന്നതുപോലെ രോഗിയോടു ബന്ധപ്പെട്ടു ജീവിക്കുന്നവരെയും വല്ലാതെ പ്രയാസപ്പെടുത്തുന്ന അവസ്‌ഥയാണിത്. ദൈനംദിന ജീവിതത്തിന്റെ എല്ലാ ചര്യകളിലും പൂർണമായ പരസഹായം അൽസ്‌ഹൈമേഴ്‌സ് രോഗിക്ക് ആവശ്യമാണ്. എന്നാൽ, ഈ പരിചരണങ്ങളോടു പ്രതികരിക്കാൻപോലും കഴിയാത്ത അവസ്‌ഥയിലാകും രോഗിയെന്നതിനാൽ ശുശ്രൂഷകന്റെ ജോലിഭാരവും മാനസിക വൈഷമ്യവും ഇരട്ടിയാകും. ഈ പ്രതിസന്ധികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.