Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകൾ മെല്ലെ മെല്ലെ അടർന്നു വീഴുമ്പോൾ

alzheimers

അവളുടെ തലച്ചോറിലെ ഓർമകൾ ഓരോന്നും ദൈവം ഒരു കുഞ്ഞു റബർകൊണ്ട് തുടച്ചുനീക്കുകയാണ്. ജീവിതത്തിൽ തനിക്കൊപ്പം എന്നുമുണ്ടായിരുന്ന തനിക്കേറ്റവും പ്രിയമുള്ള വ്യക്തിയെ നോക്കുമ്പോൾ പോലും അവളുടെ കണ്ണുകളിൽ വല്ലാത്ത അപരിചിതത്വം..തന്റെ വ്യക്തിത്വം, തനിക്കറിയാവുന്ന ഭാഷ എല്ലാം പതുക്കെ പതുക്കെ അന്യമാകുകയാണ്. സ്വന്തം പേരു പോലും മറന്നുപോകുന്നു, പെരുമാറ്റരീതികളെല്ലാം മാറിയപോലെ.

രോഗിയേക്കാൾ കൂടുതൽ ബന്ധുക്കളെ വേദനിപ്പിക്കും അൽസ്ഹൈമേഴ്സ് എന്ന ഈ മറവി രോഗം. അതുകൊണ്ടുതന്നെ രോഗികളേക്കാൾ കൂടുതൽ ഈ രോഗത്തെ ബന്ധുക്കളറിയണം. അൽസ്ഹൈമേഴ്സ് ബാധിച്ചവരെ കരുതലും പിന്തുണയും പരിഗണയുംകൊണ്ടു ചേർത്തുപിടിക്കണം.

ഡിമെൻഷ്യ അഥവാ മറവി രോഗം

മറവിരോഗങ്ങൾക്കു പൊതുവെ പറയുന്ന പേരാണു ഡിമെൻഷ്യ. തലച്ചോറിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങളാൽ ഓർമശക്തി നഷ്ടപ്പെടുക, ചിന്തിക്കാൻ കഴിയാതിരിക്കുക, ഭാഷ മറന്നുപോകുക, വീട്ടിലേക്കുള്ള വഴി ഉൾപ്പെടെ ചിരപരിചിതമായ കാര്യങ്ങൾ മറന്നുപോകുക തുടങ്ങി മറവിയുടെ വിവിധ അവസ്ഥകളെയാണു ഡിമെൻഷ്യ എന്നു വിളിക്കുന്നത്. ചികിൽസിച്ചു മാറ്റാനാകുന്നതും അല്ലാത്തതുമായ ഡിമെൻഷ്യകളുണ്ട്.

മരുന്നുകളുടെ പാർശ്വഫലമായുണ്ടാകുന്നവ, ഹൈപ്പർ തൈറോയ്ഡ്, തലച്ചോറിൽ രക്തം കട്ടപിടിക്കൽ, തലച്ചോറിലെ ട്യൂമർ, വൈറ്റമിൻ ബി12ന്റെ കുറവ് തുടങ്ങിയ അസുഖങ്ങളെത്തുടർന്നുണ്ടാകുന്നവ തുടങ്ങിയ ഡിമെൻഷ്യകൾ പലപ്പോഴും ചികിൽസിച്ചു മാറ്റാൻ കഴിയാറുണ്ട്. 10% ശതമാനം മറവിരോഗങ്ങളെ ചികിൽസിച്ചു മാറ്റാൻ സാധിക്കും (റിവേഴ്സബിൾ ഡിമെൻഷ്യ).

എന്നാൽ ചികിൽസിച്ചു ഭേദമാക്കാനാകാത്ത തരം ഡിമെൻഷ്യകളിൽ പ്രധാനപ്പെട്ട ഒന്നാണ് അൽസ്ഹൈമേഴ്സ്. മറവിരോഗങ്ങളിൽ 60 ശതമാനവും അൽസ്ഹൈമേഴ്സുമാണ്. 1906ൽ ഡോ. അലോയ്സ് അൽസ്ഹൈമർ എന്ന ജർമൻ ഡോക്ടർ, മാനസിക വിഭ്രാന്തിക്കും ഓർമക്കുറവിനും ചികിൽസ തേടിയിരുന്ന സ്ത്രീയുടെ തലച്ചോർ അവരുടെ മരണശേഷം പഠനവിധേയമാക്കിയാണ് അൽസ്ഹൈമേഴ്സ് രോഗത്തെ കണ്ടെത്തിയത്.

ഓർമകൾ കൈമോശം വരുമ്പോൾ

പതുക്കെ പതുക്കെ ഓർമകൾ നഷ്ടമാകുന്ന അവസ്ഥയാണ് (പ്രോഗ്രസീവ് മെമ്മറി ലോസ്) അൽസ്ഹൈമേഴ്സ്. ചെറിയ ഓർമക്കുറവായി തുടങ്ങി ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന തരത്തിലേക്കു വളരുന്ന മറവി. ഒന്നും ചിന്തിക്കാന‍ാകുന്നില്ല, ഒരു കാര്യവും മുൻകൂട്ടി തീരുമാനിച്ചു ചെയ്യാനാകുന്നില്ല, ഭാഷ ഉപയോഗിക്കാൻ കഴിയുന്നില്ല, ഏറ്റവും പരിചയമുള്ള ആളുകളെപ്പേ‌ാലും തിരിച്ചറിയാനാകുന്നില്ല, ഇങ്ങനെ നീളും പ്രശ്നങ്ങൾ.

വ്യക്തിത്വത്തിൽത്തന്നെ കാതലായ മാറ്റങ്ങളുണ്ടാകാം. സൗഹൃദ മനോഭാവമുള്ളയാൾ മുരടനാകാം, ഊർജസ്വലൻ അലസനാകാം, പരസ്പരബന്ധമില്ലാതെ സംസാരിക്കാം, പല്ലുതേക്കുന്നതും ചായ കുടിക്കുന്നതുമൊക്കെ എങ്ങനെയെന്നു മറന്നുപോകാം.അൽസ്ഹൈമേഴ്സിന്റെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ല.

പ്രായമാണ് പ്രധാന ഘടകം

‌60 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണു സാധാരണ അൽസ്ഹൈമേഴ്സ് കണ്ടുവരുന്നത്. ഈ പ്രായമുള്ളവരിൽ 20 ൽ ഒരാൾ മറവിരോഗം ഉള്ളവരാണ്. 80 വയസ്സുകാരുടെ കണക്കെടുത്താൽ അഞ്ചിൽ ഒരാൾക്കു മറവിരോഗമുണ്ട്. വളരെ ചെറിയ ശതമാനം ആളുകളിൽ 60 വയസ്സിനു മുൻപു തന്നെ ഈ രോഗം വരാറുണ്ട്. അൽസ്ഹൈമേഴ്സ് കൂടുതൽ കണ്ടുവരുന്നതു സ്ത്രീകളിലാണ്. പുരുഷൻമാരേക്ക‍ാൾ ആയുർ ദൈർഘ്യം കൂടുതൽ സ്ത്രീകൾക്കാണ് എന്നതാകാം ഇതിനുകാരണം.

മെമ്മറി ക്ലിനിക്, പരിചരണകേന്ദ്രങ്ങൾ

അൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എആർഡിഎസ്ഐ) നേതൃത്വത്തിൽ കേരളത്തിൽ വിവിധയിടങ്ങളിൽ മെമ്മറി ക്ലിനിക്കുകളുണ്ട്. ഡിമെൻഷ്യ ഡേ കെയർ സെന്ററുകളും സൊസൈറ്റിയുടെ കീഴിലുണ്ട്. രോഗീ പരിചരണത്തിനുള്ള പരിശീലനവും നൽകുന്നു.

ഹെൽപ്ലൈൻ നമ്പർ: 98461 98473, 98461 98471

കേരള സർക്കാരും എആർഡിഎസ്ഐയും ചേർന്ന് കൊച്ചിയിലും തൃശൂരും ഡിമെൻഷ്യ പരിചരണകേന്ദ്രങ്ങൾ നടത്തുന്നുണ്ട്.

ചികിൽസിച്ചു മാറ്റാനാകില്ല, പക്ഷേ....

അൽസ്ഹൈമേഴ്സ് ചികിൽസിച്ചു മാറ്റുക അസാധ്യമാണ്. പക്ഷേ കൃത്യമായ ചികിൽസ നൽകിയാൽ ഇതിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കാനും രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും സാധിക്കും. ഇതിനുള്ള മരുന്നുകൾ വിപണിയിൽ ലഭ്യമാണ്.

ഇന്ത്യയിൽ 41 ലക്ഷം ആളുകൾക്കു വിവിധ തരത്തിലുള്ള മറവിരോഗങ്ങളുണ്ടെന്നും 10 % പേരിലെ രോഗം കണ്ടെത്താൻ കഴിയാറുള്ളൂ എന്നും പഠനങ്ങൾ പറയുന്നു. രോഗം എത്രയും വേഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിൽസ നൽകണം

സ്വഭാവത്തിൽ അസാധാരണത്വമോ മാറ്റമോ കണ്ടാൽ വിദഗ്ധ ഡോക്ടറുടെ സഹായം തേടുക

അൽസ്ഹൈമേഴ്സ് ബാധിതരോടു പ്രത്യേക കരുതലോടെ വേണം പെരുമാറാൻ. രോഗാവസ്ഥയെ കുറിച്ച് കുടുംബാംഗങ്ങൾ ബോധവാൻമാരാകണം.

ശ്രദ്ധിക്കാൻ

എന്തുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നതെന്ന് അറിയാത്തതുകൊണ്ടുതന്നെ കൃത്യമായ മുൻകരുതലുകൾ പറയാനാകില്ല. എന്നാൽ മറവിരോഗങ്ങൾ വരാനുള്ള സാധ്യതകൾ ഒഴിവാക്കുകയെന്നതാണു നമുക്കു ചെയ്യാവുന്ന കാര്യം.

പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ കൃത്യമായ ചികിൽസ തേടുക.

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കുക. ഇതിനായി ഊർജസ്വലമായ ജീവിതം ശീലിക്കാം. ഇഷ്ടമുള്ള കളികൾക്കും വിനോദങ്ങൾക്കും കലകൾക്കുമായി സമയം നീക്കിവയ്ക്കാം. ബുദ്ധിയും ഓർമയും ഉപയോഗിക്കേണ്ട തരത്തിലുള്ള കളികൾ (ചെസ്, പദപ്രശ്നം പൂരിപ്പിക്കൽ, സുഡോകു, കണക്കിലെ കളികൾ) ശീലിക്കാം. പുതിയ ഭാഷകൾ പഠിക്കുകയുമാകാം.

പ്രായമായതിനുശേഷമല്ല, യൗവനം പിന്നിടുന്നതിനു മുൻപുതന്നെ ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കുക. തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കാൻ യോഗപോലുള്ള വ്യായാമങ്ങൾ ശീലമാക്കുക. ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ വേണം. വാരിവലിച്ചു കഴിക്കാതെ, ആരോഗ്യം സംരക്ഷിക്കുന്ന തരത്തിൽ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കുക. ധ്യാനം ശീലിക്കുന്നതു മനസ്സിനെ ശാന്തമാക്കാൻ നല്ലതാണ്.

തലച്ചോറിനു ക്ഷതമേൽക്കാനുള്ള സാധ്യതകൾ ഒഴിവാക്കുക. അതായത്, ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹൈൽമറ്റ് ധരിക്കുക, വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക തുടങ്ങിയവ കൃത്യമായി പാലിക്കണം.

അമിതസമ്മർദം ഒഴിവാക്കാനും മനസ്സിന് ഉല്ലാസമേകാനും ശ്രദ്ധിക്കണം.

പ്രായമായാൽ ഒറ്റപ്പെടുന്ന അവസ്ഥ ഒഴിവാക്കുക. ശക്തമായ കുടുംബബന്ധങ്ങളും സൗഹൃദങ്ങളും അത്യാവശ്യം. പ്രായമായവരോടു സംസാരിക്കാനും അവരുമായി ഇടപഴകാനും വീട്ടിലെല്ലാവരും സമയം കണ്ടെത്തണം.

കടപ്പാട്:

_ഡോ. ജേക്കബ് റോയ് കുര്യാക്കോസ് _

വൈസ് പ്രസിഡന്റ്,

അൽസ്ഹൈമേഴ്സ് ഡിസീസസ് ഇന്റർനാഷനൽ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.