Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണവും ആസ്ത്മയും

asthma-main1

ചെമ്മീന്‍ കറിയെന്നു കേള്‍ക്കുമ്പോഴെ നാവില്‍ വെള്ളമൂറും. ഒരിത്തിരി കഴിക്കാമെന്നു വച്ചാലോ... ദേഹം ചൊറിഞ്ഞുതടിക്കലായി, ശ്വാസംമുട്ടലായി... ആകെ പ്രശ്നം. ഭക്ഷണത്തിന്റെ അലര്‍ജി മൂലം ആസ്തമ വരുന്നവര്‍ നിരവധിയാണ്. ആസ്തമ പേടി മൂലം പലരും നല്ല ആഹാരങ്ങള്‍ പോലും വര്‍ജിക്കുന്നതു കാണാറുണ്ട്.

ഭക്ഷണം അലര്‍ജിയുണ്ടാക്കുമ്പോള്‍

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനം അവയിലെ അലര്‍ജനുകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് ആന്റിബോഡികളെ പുറപ്പെടുവിക്കുന്നു. ഇവ ശരീരത്തിലെ അലര്‍ജി കോശങ്ങളായ മാസ്റ്റ് സെല്ലുകളെ ഉത്തേജിപ്പിച്ച് ചില രാസപദാര്‍ഥങ്ങളുടെ പ്രവര്‍ത്തനഫലമായി ശ്വാസനാളത്തിലെ പേശികള്‍ വലിഞ്ഞു മുറുകി ശ്വാസനാളം വീങ്ങി പ്രാണവായു ശ്വാസകോശങ്ങളിലെത്തുന്നതു തടയപ്പെടും. ഇങ്ങനെയാണ് ആസ്തമയുണ്ടാകുന്നത്. ഏതെങ്കിലും ഭക്ഷണപദാര്‍ഥത്തിനെതിരെ ഒരിക്കല്‍ ആന്റിബോഡികള്‍ ഉല്‍പാദിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ എപ്പോള്‍ ആ ഭക്ഷണം കഴിച്ചാലും അലര്‍ജിയുണ്ടാകും.

asthma-food3

ആധുനിക ചികിത്സയില്‍ ആസ്തമയ്ക്കു പ്രത്യേക ഭക്ഷണക്രമമൊന്നുമില്ല. ആസ്തമരോഗികള്‍ക്കു സാധാരണ ഭക്ഷണമൊക്കെയാവാം. പോഷകസമ്പന്നമായ ആഹാരം (പ്രത്യേകിച്ചും വൈറ്റമിന്‍ ഡി, ഇ, സി, ഏ, മഗ്നീഷ്യം, സെലനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും) മറ്റേതു രോഗപ്രതിരോധത്തിനെന്നതുപോലെ ആസ്തമയിലും ആവശ്യമാണ്. ആധുനിക സമൂഹത്തില്‍ ആസ്തമ കൂടുന്നതിന്റെ കാരണമായി അമിതവണ്ണവും വ്യായാമമില്ലാത്ത ജീവിതരീതിയുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അമിതവണ്ണം കുറയ്ക്കുന്ന ഭക്ഷണരീതി ആസ്തമ കുറയാനും ഉപകരിക്കും.

ഏതുതരം ഭക്ഷണമാണ് ആസ്തമയുള്ളവര്‍ ഒഴിവാക്കേണ്ടതെന്നു കൃത്യമായ ലിസ്റ്റ് ഇല്ലെങ്കിലും ആസ്തമാ രോഗിയുടെ ആവശ്യത്തിനായി ഭക്ഷ്യവസ്തുക്കളെ മൂന്നായി തിരിക്കാം.

യഥേഷ്ടം കഴിക്കാവുന്നവ

ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ കാരറ്റ്, ബീറ്റ്റൂട്ട്, ചീര തുടങ്ങിയ പച്ചക്കറികള്‍ (വേവിച്ചും വേവിക്കാതെയും) മത്സ്യം, ഒമേഗാ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ മീനെണ്ണ, പഴവര്‍ഗങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, ധാന്യങ്ങള്‍, മാംസം, മുട്ട, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇഷ്ടംപോലെ കഴിക്കാവുന്ന ഭക്ഷണവിഭവങ്ങളാണ്. മീന്‍, പച്ചക്കറികള്‍ എന്നിവയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശ്വാസനാളികളിലെ വീക്കമകറ്റി അവയെ സ്വാതന്ത്രമാക്കുന്നു.

coffeee

ആസ്തമ തടയാന്‍ കാപ്പി കുടിക്കുന്നതു സഹായിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആസ്തമ ഔഷധമായ തിയോഫില്ലിനെപ്പോലെ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണു കാപ്പി കുടിക്കുമ്പോള്‍ ആസ്തമയ്ക്കു കുറവുണ്ടാകുന്നത്.

മിതമായി കഴിക്കേണ്ടവ

ചോക്ളേറ്റ്, ബേക്കറി പലഹാരങ്ങള്‍, എണ്ണ, കൃത്രിമ ഭക്ഷണസാധനങ്ങള്‍ ടിന്നിലടച്ചതും കൂടുതല്‍ കാലം തണുപ്പിച്ചു സൂക്ഷിച്ചവയും എണ്ണയില്‍ പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ മിതമായി കഴിക്കുക. ചിലര്‍ക്ക് ആസ്തമ കൂടാന്‍ ഇവ കാരണമാവുന്നതായി കണ്ടിട്ടുണ്ട്.

തീര്‍ത്തും വര്‍ജിക്കേണ്ടവ

പ്രത്യേകിച്ച് ഒരു ആഹാരസാധനവും തീര്‍ത്തും വര്‍ജിക്കണമെന്നു പറയാനാവില്ല. ചിലരില്‍ ഭക്ഷ്യഅലര്‍ജിയുടെ ഭാഗമായും ആസ്തമ വരാറുണ്ട്. അങ്ങനെയുള്ളവര്‍ അത്തരം വസ്തുക്കള്‍ ഏതൊക്കെ എന്നു മനസിലാക്കി അവ വര്‍ജിക്കുന്നതാണ് ഉത്തമം. വേണ്ടിവന്നാല്‍ ഇതിനായി അലര്‍ജിടെസ്റ്റിങ് നടത്താം. സാധാരണയായി അലര്‍ജിക്കു കാരണമാവുന്ന ഭക്ഷണങ്ങള്‍ പാല്‍, മുട്ട, മാംസം, ഗോതമ്പ്, മത്സ്യം (പ്രത്യേകിച്ചും കൊഞ്ച്, ഞണ്ട്, കക്ക മുതലായ കടല്‍ വിഭവങ്ങള്‍), കശുവണ്ടി, നാളികേരം, പയര്‍, കടല എന്നിവയാണ്.

asthma-food2

ഭക്ഷണസാധനങ്ങള്‍ ദീര്‍ഘകാലം കേടാവാതിരിക്കാന്‍ ചേര്‍ക്കുന്ന പ്രിസര്‍ലേറ്റീവുകള്‍, കൃത്രിമമധുരം, നിറം കൊടുക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മുതലായവയും അലര്‍ജിക്കു കാരണമായേക്കാം. ഏതെങ്കിലും പ്രത്യേക ആഹാരപദാര്‍ഥത്തോട് അലര്‍ജിയുണ്ടെന്നു ബോധ്യമായാല്‍ അവ കഴിയുന്നതും വര്‍ജിക്കണം.

പൊതുവെ തണുപ്പ് ശ്വാസകോശരോഗലക്ഷണങ്ങളായ ചുമ, ശ്വാസതടസം എന്നിവ കൂട്ടുന്നു. അതിനാല്‍ രോഗം നിയന്തണവിധേയമല്ലാത്തവര്‍ ഐസ്ക്രീം, ശീതളപാനീയങ്ങള്‍, തണുത്ത വെള്ളം എന്നിവ ഉപയോഗിക്കരുത്.

ഗര്‍ഭകാലത്ത് അണ്ടിപ്പരിപ്പ് ഒഴിവാക്കാം

ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണവും നവജാതശിശുക്കളിലെ ആസ്തമയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അണ്ടിവര്‍ഗത്തില്‍പെട്ട ഭക്ഷണം പ്രത്യേകമായി നിലക്കടല ധാരാളമായി കഴിക്കുന്നവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ആസ്തമയുണ്ടാകാനുള്ള സാധ്യത അല്ലാത്തവരെക്കാള്‍ 50 ശതമാനം കൂടുതലാണത്രെ. അലര്‍ജികാരകങ്ങളായ ഭക്ഷണങ്ങള്‍ ഗര്‍ഭിണി കഴിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവും അത്തരം ഭക്ഷണപദാര്‍ഥങ്ങളോട് കൂടുതല്‍ സംവേദനക്ഷമത കാണിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, പാലുല്‍പന്നങ്ങള്‍, ഒലിവെണ്ണ എന്നിങ്ങനെയുള്ള ഘടകങ്ങളടങ്ങിയ മെഡിറ്ററേറിയന്‍ ഭക്ഷണരീതി ഗര്‍ഭിണികള്‍ പാലിക്കുന്നത് ഗര്‍ഭസ്ഥശിശുവിനെ അലര്‍ജിയില്‍ നിന്നും ആസ്തമയില്‍ നിന്നും രക്ഷിക്കും. ആഴ്ചയില്‍ എട്ടു തവണ പച്ചക്കറികള്‍, മൂന്നു തവണ മത്സ്യം, ആഴ്ചയിലൊരിക്കല്‍ പയര്‍വര്‍ഗങ്ങള്‍ എന്നിങ്ങനെ ഭക്ഷണം ക്രമീകിരക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. മത്സ്യം വറുത്തുകഴിക്കുന്നതൊഴിവാക്കി കറിയായി കഴിക്കാം. വറുത്ത മീനിലെ ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ശ്വാസനാളികളുടെ വീക്കം കൂട്ടും. ഗര്‍ഭകാലത്ത് പതിവായി പഴങ്ങള്‍ കഴിക്കുന്നത് നവജാത ശിശുക്കളില്‍ ശ്വാസംമുട്ടല്‍ ഉണ്ടാകുന്നത് ഒഴിവാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

asthma-food4

അലര്‍ജിക്കു കാരണമാകുന്ന എല്ലാത്തരം ഭക്ഷണവും ഗര്‍ഭകാലത്ത് ഒഴിവാക്കണമെന്ന് ഇതിനര്‍ഥമില്ല.

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ വോണുഗോപാല്‍ പി നെഞ്ചുരോഗ വിഭാഗം മേധാവി, മെഡിക്കല്‍ കോളജ്, ആലപ്പുഴ.