Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൗഷധച്ചേരുവ നിരോധനം ഗുണകരമോ?

medicine

അശാസ്ത്രീയവും അപകടസാധ്യത ഉണ്ടാകുന്നതുമായതിനാൽ 344 മരുന്നു സംയുക്തങ്ങൾ കേന്ദ്രസർക്കാര്‍ നിരോധിച്ചു. ഈ നിരോധനം ഗുണകരമാണോ? മരുന്നുകളുടെ വിലവർധനവിന് ഇതു കാരണമാകുമോ? പകരം എന്തു മരുന്നുകൾ കഴിക്കാം?

ജീവൻരക്ഷാ ഒൗഷധങ്ങളുടെ വില കുറയ്ക്കാൻ പോകുന്നു എന്ന ശുഭവാർത്ത കേട്ട് സന്തോഷിച്ചിരുന്നവരുടെ മേൽ ഇടിത്തീപോലെയാണ് മരുന്നുനിരോധനത്തിന്റെ വാർത്ത വന്നത്. 344 മരുന്നു സംയുക്തങ്ങൾ(ഫിക്സഡ് ഡോസ് കോമ്പിനേഷൻ) അശാസ്ത്രീയവും(irrational) സുരക്ഷിതവുമല്ലാത്തതും മനുഷ്യരിൽ അപകടസാധ്യതയുണ്ടാക്കുന്നതുമാണ് എന്നതിനാൽ നിരോധിച്ചു എന്നായിരുന്നു വാർത്ത. നിരോധിക്കപ്പെട്ട മരുന്നുകളിൽ വളരെ സാധാരണമായി ഉപയോഗിച്ചിരുന്ന ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികള്‍, പ്രമേഹമരുന്നുകൾ എന്നിവയെല്ലാമുണ്ട് എന്നറിഞ്ഞപ്പോൾ ഞെട്ടൽ പരിഭ്രാന്തിയിലേക്ക് വഴിമാറി. നിരോധിച്ചത് 344 എണ്ണമാണെങ്കിലും വിപണിയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത് ഈ മരുന്നുസംയുക്തങ്ങൾ ചേർത്ത് പല ബ്രാൻഡ് പേരിൽ വിൽക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് മരുന്നുകളാണ്. ‘ഇത്രനാളും നിലവാരം കുറഞ്ഞ മരുന്നായിരുന്നോ ഡോക്ടർ എനിക്കു തന്നത്’ എന്ന രോഗികളുടെ ചോദ്യത്തിനു മുന്നിൽ ഡോക്ടർമാരും പതറിപ്പോവുന്നു. അതുകൊണ്ടു തന്നെ ഈ നിരോധനം ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. എന്താണ് ഈ മരുന്നുസംയുക്തങ്ങളുടെ ദോഷങ്ങൾ? ഇനി പകരം എന്തു മരുന്നു കഴിക്കണം? നിരോധനം മരുന്നിന്റെ വില കൂടാനിടയാക്കുമോ?

എന്താണ് മരുന്നുസംയുക്തങ്ങൾ

ഒന്നിലധികം മരുന്നുകൾ നിശ്ചിതമായ അനുപാതത്തിൽ ചേർത്തു നിർമിച്ചിട്ടുളള ഒറ്റമരുന്നുകളാണ് ഫിക്സഡ് ഡോസ് കോമ്പിനേഷനുകൾ(മരുന്നുസംയുക്തങ്ങൾ). അമേരിക്ക, യു.കെ പോലുളള വിദേശരാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിലെ മരുന്നുവ്യാപാരമേഖലയിൽ നല്ലൊരു ശതമാനവും സ്വകാര്യ കമ്പനികളിറക്കുന്ന ഫിക്സഡ് ഡോസ് കോമ്പിനേഷനുകളാണ്. അതുകൊണ്ടു തന്നെ മരുന്നു നിരോധനം ഒൗഷധമേഖലയിൽ ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. സർക്കാർ നിരോധത്തിനെതിരെ മിക്ക കമ്പനികളും കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിലര്‍ താൽക്കാലികമായി സ്റ്റേ വാങ്ങിച്ചു കഴിഞ്ഞു.

മരുന്നുസംയുക്തങ്ങൾ ഇന്നേവരെ രോഗികൾക്ക് അപകടമുണ്ടാക്കിയതായി കണ്ടിട്ടില്ലെന്നാണ് മരുന്നുകമ്പനികളുടെ വാദം. ചില ഒൗഷധച്ചേരുവകൾക്ക് വില കുറവാണെന്നും രോഗികൾക്ക് ഉപയോഗിക്കാൻ എളുപ്പമാണെന്നും അവർ പറയുന്നു. മുന്നറിയിപ്പില്ലാതുളള നിരോധനം മൂലം തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ സാധിച്ചിട്ടില്ല എന്നാണവരുടെ പരാതി. എന്നാൽ സർക്കാർ ഈ ആരോപണങ്ങളെ പാടെ തള്ളിക്കളയുന്നു. 2013–ൽ തന്നെ ഇക്കാര്യം കമ്പനികളെ അറിയിച്ചതാണെന്നും പ്രതികരണം ഇല്ലാഞ്ഞതിനാലാണ് നിരോധനം വേണ്ടിവന്നതെന്നുമാണ് സർക്കാരിന്റെ വാദം.

അശാസ്ത്രീയ സംയുക്തങ്ങൾ ദോഷകരം

മരുന്നുചേരുവകൾ ഒറ്റമരുന്നുകളെ അപേക്ഷിച്ച് ദോഷകരമാണെന്നതിൽ ഡോക്ടർമാർക്ക് തർക്കമില്ല. മരുന്നു സംയുക്തങ്ങൾക്ക് പാർശ്വഫലങ്ങളും കൂടുതലാണ്. ഒരു മരുന്നു മാത്രമാണ് ആവശ്യമുളളതെങ്കിലും വേണ്ടാത്ത മരുന്നു കൂടി കഴിക്കേണ്ടിവരുന്നു. നിരോധിച്ച മരുന്നു കൂട്ടുകെട്ടുകളിൽ ചിലത് രണ്ട് ആന്റിബയോട്ടിക്കുകളുടെ ചേരുവയാണ്. പല ധാതുക്കളും പല വിറ്റമിനുകളും കൂട്ടിച്ചേർത്തുളള കോമ്പിനേഷനുകളുമുണ്ട്. ഇതൊന്നും ശാസ്ത്രീയമല്ല. ആവശ്യമില്ലാതുളള മരുന്നു കഴിക്കൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനു കാരണമാകുന്നതു മിച്ചം.

രാത്രി കഴിക്കേണ്ട മരുന്നും രാവിലെ കഴിക്കേണ്ട മരുന്നും ഒരുമിച്ചു ചേർത്തുളള ചേരുവകളുണ്ട്. ചേരുവയിലുളള മരുന്നുകളുടെ ഡോസ് വ്യത്യാസപ്പെടുത്താൻ കഴിയില്ല. പാർശ്വഫലങ്ങളുണ്ടായാൽ ചേരുവയിലെ ഏതു മരുന്നാണ് കാരണമെന്ന് പെട്ടെന്ന് തിരിച്ചറിയാനുമാകില്ല. ഇതൊക്കെയാണ് മരുന്നുസംയുക്തങ്ങളുടെ പ്രധാന ദോഷമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

‘‘ഇത്തരം കാരണങ്ങൾ കൊണ്ട് ലോകാരോഗ്യസംഘടനപോലും മരുന്നു സംയുക്തങ്ങളെ നിരുത്സാഹപ്പെടുത്തിയിരുന്നു വർഷങ്ങളോളം. ഇപ്പോഴും ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്നു പട്ടികയിൽ ഏതാണ്ട് 18–ഒാളം മരുന്നു സംയുക്തങ്ങളെ ഉളളൂ. അതും ടിബി, എച്ച്ഐവി പോലുളള മാരകമായ പകർച്ചവ്യാധികളുടെ അണുക്കളെ ഒറ്റമരുന്ന് കൊണ്ട് മാത്രം തളയ്ക്കാനാവില്ലെന്നു ബോധ്യം വന്നതിനാൽ. ശാസ്ത്രീയമായി മരുന്നുകളെക്കുറിച്ച് പഠനം നടത്തുന്ന അമേരിക്ക, യു.കെ പോലുളള രാജ്യങ്ങളിലും ഇത്തരം മരുന്നുസംയുക്തങ്ങൾ കുറവാണെന്നു കാണാം. ഇന്ത്യ, ബംഗ്ലാദേശ് പോലുളള വികസ്വര രാജ്യങ്ങളിലാണ് കൂടുതലും വിറ്റഴിക്കപ്പെടുന്നത്.’’– കേരള ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ ചെയർമാൻ ഡോ.കെ.ജി രവികുമാർ പറയുന്നു.

ഈ നിരോധനത്തിന് എത്രയോ മുമ്പ് 1975–ലെ ഹാതെ കമ്മറ്റി റിപ്പോര്‍ട്ടിൽ മരുന്നു സംയുക്തങ്ങളുടെ ദോഷങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. അശാസ്ത്രീയമായ മരുന്നു സംയുക്തങ്ങൾ അതിഭീമമായ ദേശീയ ഒൗഷധനഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഇത്തരം ഒൗഷധ അബദ്ധങ്ങളെ തുടച്ചുനീക്കുന്നതിന് അതിവേഗത്തിൽ നടപടിയെടുക്കണമെന്നും കമ്മറ്റി നിർദേശിച്ചിരുന്നു. അന്ന് 1000 കോടി മാത്രമായിരുന്ന ഒൗഷധവ്യവസായം ഇതേ മരുന്നു സംയുക്തങ്ങളുടെ വിൽപനയിലൂടെ ഇന്ന് ഒരു ലക്ഷം കോടി കടന്നിരിക്കുകയാണ്.

വിലനിയന്ത്രണം മറികടക്കാൻ

വില നിയന്ത്രണത്തിൽ നിന്നു രക്ഷപെട്ട് തോന്നിയ വില നിശ്ചയിക്കാനുളള മരുന്നുകമ്പനികളുടെ ബിസിനസ് തന്ത്രങ്ങളിലൊന്നാണ് ഒൗഷധച്ചേരുവകൾ. ഒൗഷധവില നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്നത് ഒറ്റമരുന്നുകൾ മാത്രമാണ്. നിലവിലുളള ഒരു മരുന്നിനൊപ്പം മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിനെ പുതിയ മരുന്നായാണ് കണക്കാക്കുന്നത്. നിലവിലുളള മരുന്നിന്റെ വില നിയന്ത്രണം ഈ പുതിയ മരുന്നിനു ബാധകമായിരിക്കില്ല. ഉദാഹരണത്തിന് സാൽബ്യൂട്ടമോൾ സിറപ്പിന് 10 രൂപയിൽ താഴെയാണ് വില. അതിനൊപ്പം വേറൊരു ഘടകവും കൂടി ചേർത്ത് പേരിൽ എക്സ്ട്രായോ പ്ലസോ ചേർത്ത് വിപണിയിലേക്കെത്തുമ്പോൾ വില 40 രൂപ. ഒറ്റ കുപ്പിയിൽ ലാഭം മുപ്പതുരൂപയിലേറെ. രണ്ടോ മൂന്നോ മരുന്ന് പ്രത്യേകമായി വിൽക്കുന്നതിന്റെ മൂന്നിലൊന്നേ അവ ചേർന്ന മരുന്നു സംയുക്തം വിപണിയില്‍ ഇറക്കാൻ ചെലവാകൂ എന്നതു ബോണസാണ്.

അനധികൃത നിർമാണം

2015–ലെ ചന്ദ്രകാന്ത് കോക്കട് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് മരുന്നു സംയുക്തങ്ങൾ നിരോധിക്കാനുളള തീരുമാനം ഗവൺമെന്റ് എടുത്തത്. 963 മരുന്നുസംയുക്തങ്ങൾ നിരോധിക്കാനായിരുന്നു കമ്മിറ്റിയുടെ നിർദേശം. സുരക്ഷിതമല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയധികം മരുന്നുകൾ നിർമിക്കാൻ ലൈസൻസ് നൽകി എന്നാണ് മിക്കവരുടെയും സംശയം.

യഥാർഥത്തിൽ നിരോധിക്കപ്പെട്ട മരുന്നുസംയുക്തങ്ങളിൽ പലതിനും കേന്ദ്രത്തിൽ നിന്നുമുളള മരുന്നു നിർമാണ ലൈസൻസ് ലഭിച്ചിട്ടില്ല. മരുന്നുസംയുക്തങ്ങൾ വിൽക്കാൻ ഡ്രഗ് കൺട്രോൾ ജനറലിന്റെയും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡാർഡ് ഒാർഗനൈസേഷന്റെയും (സിഡിഎസ്ഒ) അനുമതി വേണമെന്നാണ് തത്വം. ഇതു വകവയ്ക്കാതെ തോന്നുംപടി സംസ്ഥാനതലത്തിൽ ഒൗഷധച്ചേരുവകൾക്ക് നൽകിയ ലൈസൻസുകളാണ് നിലവാരമില്ലാത്ത മരുന്നുകൾ വിപണിയിലെത്താൻ കാരണം എന്ന് സര്‍ക്കാർ തന്നെ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.

2015–ൽ പിഎൽഒഎസ് ജേണലിൽ വന്ന പഠനത്തിൽ ഇന്ത്യയിൽ നാലു വിഭാഗങ്ങളിലായി ഇറക്കിയിട്ടുളള 175 ഫിക്സഡ് ഡോസ് കോമ്പിനേഷനുകളിൽ (ഇത് 400 ബ്രാൻഡ് വരും) 34 ശതമാനവും സി.ഡി.എസ്.ഒ യുടെ അനുമതിയില്ലാത്തവയാണെന്ന് പറയുന്നു. ഇന്ത്യയിൽ ആകെ 60,000 നും 85,000നും ഇടയിൽ മരുന്നു ഫോർമുലകൾ ഉണ്ടെന്നാണ് അനുമാനം. സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗങ്ങൾ യാതൊരു മാനദണ്ഡവുമില്ലാതെ ലൈസൻസ് നൽകുന്നതാണ് ഈ മരുന്നുപെരുപ്പത്തിന്റെ കാരണമത്രെ.

ഡോക്ടർമാർ സ്വാഗതം ചെയ്യുന്നു

മരുന്നുനിരോധനത്തെ ഭൂരിഭാഗം ഡോക്ടർമാരും സ്വാഗതം ചെയ്തു കഴിഞ്ഞു. വർഷങ്ങളായി ഇന്ത്യൻ ഔഷധമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രയത്നിച്ച ഡോ.ബി.ഇക്ബാലിനെ പോലുളളവർ ഈ നീക്കത്തെ വലിയൊരു മാറ്റത്തിന്റെ തുടക്കമായി കാണുന്നു. ‘‘പല ഒൗഷധച്ചേരുവകളും ആരോഗ്യത്തിനു ഹാനികരമാണെന്നതിൽ സംശയമില്ല. ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുളള ഒൗഷധച്ചേരുവകളൊഴികെയുളള മരുന്നുകളുടെ കാര്യത്തിൽ ഏകമാത്ര മരുന്നുകൾ നിർദേശിക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കണം. ജനറിക് മരുന്നുകൾ എഴുതി തുടങ്ങിയാൽ ദോഷകാരികളായ ഔഷധച്ചേരുവകളുടെ ഉപയോഗം താനേ കുറയും’’–അദ്ദേഹം പറയുന്നു.

ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ യും മരുന്നു സംയുക്തങ്ങളുടെ നിരോധനത്തെ സ്വാഗതം ചെയ്യുന്നു. ‘‘മരുന്നു മിശ്രിതങ്ങളുടെ മേൽ ശക്തമായ നിയന്ത്രണം വേണം. ശാസ്ത്രീയമായ മിശ്രിതങ്ങളെ പാടുളളൂ. നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ലഭിക്കില്ല എന്ന ആശങ്കയുടെ ആവശ്യമില്ല. മരുന്നുകളല്ല, ഏതൊക്കെ മരുന്നുമിശ്രിതങ്ങളാണ് അനുവദനീയം എന്നതാണ് പ്രശ്നം. നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഔഷധച്ചേരുവകളിലെ മരുന്നുകൾ ഒറ്റയ്ക്കൊറ്റക്ക് ഇനിയും ലഭ്യമാണ്– ഐഎംഎയുടെ കേരളഘടകം പ്രസിഡന്റ് ഡോ.ശ്രീജിത് എൻ.കുമാർ വ്യക്തമാക്കുന്നു.

ചികിത്സാചെലവു കൂടുമോ?

മരുന്നുസംയുക്തങ്ങൾ നിരോധിച്ച രീതി ഏറെ പ്രായോഗികബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് പി.വി ടോമിയുടെ അഭിപ്രായം. നിലവിലുളള മരുന്നുകൾ വിറ്റഴിക്കാനുളള സാവകാശമെങ്കിലും നൽകേണ്ടതായിരുന്നു. നിരോധിച്ച ഔഷധച്ചേരുവകളേക്കാൾ ഏറെ വില കൂടിയ ചേരുവകൾ ഇനിയുമുണ്ട് വിപണിയിൽ. ഫലത്തിൽ നിലവിൽ ചെലവഴിക്കുന്നതിന്റെ അഞ്ചിരട്ടിയെങ്കിലും കൂടുതൽ പണം ഇനി മരുന്നിനായി ചെലവഴിക്കേണ്ടി വരും. പകരം നൽകാനുളള മരുന്നുകളുടെ കാര്യത്തിലും അവ്യക്തതയുണ്ട്. പുതിയ ബ്രാൻഡുകൾ ഡോക്ടർമാർക്ക് പരിചിതമാകണം. മരുന്നു നിരോധനം നല്ലതാണെങ്കിലും നടപ്പാക്കിയ രീതി പ്രാകൃതമായിപ്പോയി. നിലവിൽ സ്റ്റോക്കുളള മരുന്നുമിശ്രിതങ്ങളുടെ കാര്യത്തിൽ കോടതിവിധിക്കായി കാത്തിരിക്കുകയാണ് അസോസിയേഷനെന്നും അദ്ദേഹം പറയുന്നു.

വില കൂടില്ല, മരുന്നു പിൻവലിക്കും

നിരോധിച്ച മരുന്നുകൾ അടിയന്തിരമായി തന്നെ പിൻവലിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ പി. ഹരിപ്രസാദ് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ മരുന്നുസംയുക്തങ്ങൾ നൽകുന്നില്ലാത്തതിനാൽ മരുന്നുനിരോധനം അവിടങ്ങളിലെ മരുന്നു ലഭ്യതയെ ബാധിക്കാറില്ല. ചില കമ്പനികൾ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും മരുന്നുപിൻവലിക്കുന്നതിന് തടസ്സമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരോധിച്ച മരുന്നുകൾ രോഗികൾക്ക് നൽകരുതെന്ന് ഡോക്ടർമാർക്കും ജില്ലാ ഡ്രഗ് ഇൻസ്പെക്ടർമാർ മുഖേന ഫാർമസിസ്റ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

മരുന്നുസംയുക്തങ്ങൾ നിരോധിച്ചതിനു തിരിച്ചടിയായി നിലവിലുളള മരുന്നുകളുടെ വില കൂട്ടാൻ കമ്പനികൾ ശ്രമിച്ചേക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ 80 ശതമാനത്തോളം അവശ്യമരുന്നുകളും വിലനിയന്ത്രണത്തിനു കീഴിലാണെന്നും അതുകൊണ്ട് ഉടനെയൊരു വിലകൂട്ടലിനെക്കുറിച്ച് ഭയക്കേണ്ടതില്ലെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം പറയുന്നു.

ഈ ഏപ്രിൽ ഒന്നു മുതൽ 500–ഒാളം മരുന്നുകൾക്ക് പുതുക്കിയ വില വന്നുകഴിഞ്ഞു. ഇതോടെ ഒട്ടുമിക്ക ജീവൻരക്ഷാഔഷധങ്ങളുടെയും വില കുറയും. പൊതുവേ ചെലവേറിയ മരുന്നുമിശ്രിതങ്ങൾ നിരോധിക്കപ്പെടുകയും ഏകതന്മാത്ര മരുന്നുകൾക്ക് വില കുറയുകയും ചെയ്യുന്നത് ചികിത്സാരംഗത്ത് ഏറെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

നിയമങ്ങൾ കർശനമാകണം

കഴുത്തറപ്പൻ കച്ചവടമാകരുത് ഒൗഷധവ്യാപാരം. ലാഭത്തിനു മാത്രമല്ല ചില ധാർമികമൂല്യങ്ങൾക്കും അവിടെ സ്ഥാനമുണ്ടാവണം. മരുന്നു വ്യാപാര മേഖലയിലെ നിയമങ്ങൾ കർക്കശമാക്കണം. ഇന്ത്യയിൽ നിർമിക്കുന്ന ഏതൊരു മരുന്നിനും ജനറിക് എന്നോ ബ്രാൻഡ് എന്നോ വ്യത്യാസമില്ലാതെ ഒരേ ഗുണമേന്മ ഉറപ്പാക്കണം. അതിനു ചില നിർദേശങ്ങളാണ് ചുവടെ.

1. ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് മരുന്നു കയറ്റുമതിക്ക് വളരെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളാണുളളത്. പുറത്തേക്കു കയറ്റി അയയ്ക്കുന്നതിനു തുല്യമായ ഗുണമേന്മ പാലിക്കുന്ന മരുന്നാണ് രാജ്യത്തിനകത്തും ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തണം.

2. കേന്ദ്ര ഡ്രഗ്സ് കൺട്രോൾ വിഭാഗം കാര്യക്ഷമവും സുതാര്യവുമായ പ്രവര്‍ത്തനം ഉറപ്പാക്കണം. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കണം. മരുന്നുകളും കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യണം. അനധികൃതമായി ലൈസൻസ് നൽകുന്ന സംസ്ഥാന വിഭാഗങ്ങൾക്കെതിരെ നടപടി വേണം.

3. അമേരിക്കയിൽ എഫ്ഡിഎ ഏതെങ്കിലും ഒരു പുതിയ ഔഷധ കമ്പനിക്ക് ലൈസൻസ് നൽകിയാൽ അവർ അത് ‘ഒാറഞ്ച് ബുക്കി’ൽ രേഖപ്പെടുത്തും. ഏതു കമ്പനി ഏതു മരുന്ന് എപ്പോൾ ഇറക്കുന്നു എന്നറിയാനുളള സംവിധാനമാണിത്. ഇന്ത്യയിലും സമാനമായ സംവിധാനങ്ങൾ കൊണ്ടുവരണം.

നിരോധിച്ച പ്രധാന മരുന്നുകൾ

പ്രമേഹമരുന്നുകൾ

സെമി ട്രൈബറ്റ് , ട്രയോബിമെറ്റ്, ഗ്ലൂക്കോനോം പി.ജി. (ഗ്ലിമിപ്രൈഡ്, പയോഗ്ലിറ്റസോൺ, മെറ്റ്ഫോമിൻ മിശ്രിതങ്ങൾ) ഡയബട്രോൾ, ഡയബറ്റട്രയോഗ്ലിബൻ ടോട്ടൽ പി, ട്രൈഗ്ലൈക്കോമേറ്റ് ഫോർട്ടെ (ഗ്ലിബൻക്ലമൈഡ്, മെറ്റ്ഫോമിൻ, പയോഗ്ലിറ്റസോൺ മിശ്രിതങ്ങൾ) വോഗിപാക്സ് എം.പി (മെറ്റ്ഫോമിൻ, പയോഗ്ലിറ്റസോൺ, വോഗ്ലിബോസ് മിശ്രിതങ്ങൾ)
ഗ്ലൂക്കാനോം–പി, ഗ്ലൈസിഫേജ്, പസോമെറ്റ്, പയോഗ്ലിറ്റ് എം.എഫ്, പയോഗ്ലിറ്റ് എം.എഫ്. ഫോർട്ടെ(പയോഗ്ലിറ്റസോൺ, മെറ്റ്ഫോമിൻ മിശ്രിതങ്ങൾ) എക്സ്മെറ്റർ, ഗ്ലൂട്ടോർവ, മെറ്റോർവ

(അറ്റോർവ സ്റ്റാറ്റിൻ, മെറ്റ്ഫോമിൻ മിശ്രിതങ്ങൾ)

കഫ് സിറപ്പുകൾ

കോറക്സ്,
കോറക്സ് ഡിഎക്സ്
ടസ്ക് എക്സ് പ്ലസ്
ടസ്ക് എക്സ് എസ്എഫ്
അലക്സ് പ്ലസ്
അസ്കോറിൽ ‍ഡി(കൊഡീൻ കലർന്ന കഫ് സിറപ്പുകൾ)

പനി, ജലദോഷ മരുന്നുകൾ

സീകോൾഡ്–500
ക്രോസിൻ കോൾഡ് & ഫ്ലൂ 500
ക്രോസിന്‍ കോൾഡ് & ഫ്ലൂ മാക്സ്
ഡി കോൾഡ്

മനോരോഗ മരുന്നുകൾ

ആൻക്സിഡെപ്,
ഇമിപാംഡെപ്നിൽ ഫോർട്ടെ
‍ഡെപ്നിൽ പ്ലസ്
ഡെപിക് പ്ലസ്
ഡയാമിൻ പ്ലസ്

വേദനസംഹാരികൾ

കോമ്പിപാര ആർ
ഡോളോസ്റ്റാറ്റ് പ്ലസ്
വിവോജെസിക് പ്ലസ്
റൂമാകോർട്ട്
നൊവാജെസിക് ഡി ജെൽ

പ്രമേഹകൂട്ടുമരുന്നുകൾ– നിരോധനം ഗുണകരം

നിരോധിച്ച മരുന്നുസംയുക്തങ്ങളിൽ പ്രമേഹമരുന്നുകളുമുണ്ട്. ഗ്ലിബൻക്ലമൈഡ്, മെറ്റ്ഫോമിൻ, പയാഗ്ലിറ്റസോൺ കൂട്ടുകെട്ടിലുളള ആറ് ബ്രാന്റ് മരുന്നുകൾ, ഗ്ലിമിപ്രൈഡ്, മെറ്റ്ഫോമിൻ, പയാഗ്ലിറ്റസോൺ കോമ്പിനേഷനിലെ 310 മരുന്നുകൾ, ഗ്ലിപിസൈഡ്, മെറ്റ്ഫോമിൻ കൂട്ടുകെട്ടിലെ നാലു മരുന്നുകൾ എന്നിങ്ങനെ പോകുന്നു നിരോധിക്കപ്പെട്ടവ.

‘‘പയാഗ്ലിറ്റസോൺ ധാരാളം പാർശ്വഫലങ്ങളുളള മരുന്നാണ്. അത് നിരോധിച്ചത് നല്ലതാണ്. നിരോധിക്കപ്പെട്ടവ മരുന്നുസംയുക്തങ്ങളിൽ പലതും മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നവയല്ല. തന്നെയുമല്ല എല്ലാ പ്രമേഹരോഗികൾക്കും രണ്ടും മൂന്നും മരുന്നു വേണ്ടിവരില്ല. മെറ്റ്ഫോമിൻ മാത്രമാണ് എല്ലാവർക്കും വേണ്ടത്. ആദ്യഘട്ടത്തിൽ ഒരു മരുന്നു നൽകി അതുകൊണ്ടു പ്രയോജനമില്ലെങ്കിലേ രണ്ടു മരുന്നിലേക്കു പോകാറുളളൂ. തന്നെയുമല്ല കൂട്ടിച്ചേർക്കുന്ന മരുന്നുകൾ തമ്മിൽ പ്രതിപ്രവർത്തിച്ച് ദോഷഫലങ്ങളുണ്ടാകുമോ എന്ന് ആരും പഠിപ്പിച്ചിട്ടുമില്ല.

ചില മരുന്നുകൾ രാവിലെ കഴിക്കേണ്ടതാണ്. ചിലതു രാത്രിയിലും. ഇവയെ കൂട്ടിക്കലർത്തിയാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം – പ്രശസ്ത പ്രമേഹരോഗവിദഗ്ധനായ ഡോ. ആർ.വി ജയകുമാർ പറയുന്നു.

പകരം ജനറിക് മരുന്നുകളോ?

ഇനി മുതലെങ്കിലും കുറിപ്പടികളിൽ ബ്രാൻഡ് മരുന്നുകൾ എഴുതുന്നത് ഒഴിവാക്കി ജനറിക് മരുന്നുകൾ എഴുതണം എന്ന വാദം മരുന്നു നിരോധനത്തെ തുടർന്ന് ശക്തമായിക്കഴിഞ്ഞു. കാരണം ജനറിക് മരുന്നുകളെല്ലാം തന്നെ ഒറ്റമരുന്നുകളാണ്, കോമ്പിനേഷനുകളല്ല. രണ്ട് ജനറിക് മരുന്നുകൾക്ക് പൊതുവേ വില കുറവാണ്. രോഗിക്ക് വില കുറഞ്ഞ മരുന്നു ലഭിക്കാൻ ഈ നീക്കം സഹായിക്കും. എന്നാൽ ബ്രാൻഡ് മരുന്നില്‍ നിന്നും ജനറിക് മരുന്നിലേക്കുളള നീക്കം നിലവാരം കുറഞ്ഞ മരുന്നുകളുടെ വര്‍ധനവിന് ഇടയാക്കുമെന്നാണ് ഒരു കൂട്ടം ഡോക്ടർമാരുടെ വാദം.

എന്നാൽ ഈ പറയുന്ന ബ്രാൻഡ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മരുന്നു കമ്പനികളുടെ പ്രതിനിധികൾ പറയുന്നതിനപ്പുറം മറ്റെന്തു സാക്ഷ്യമാണ് ഡോക്ടർമാർക്ക് ഉളളത്? ബ്രാൻഡിലുളള വിശ്വാസം മാത്രമല്ലേ കാരണം?

ജനറിക് മരുന്നുകൾ എഴുതി തുടങ്ങുകയാണ് വേണ്ടതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി വിഭാഗം അസി. പ്രഫസർ ഡോ.അനീഷ് ടി.എസ് അഭിപ്രായപ്പെടുന്നു. ‘‘നമ്മൾ പഠിക്കുന്ന പാഠപുസ്തകങ്ങളിലൊന്നും തന്നെ ബ്രാൻഡഡ് മരുന്നുകളെഴുതാൻ പഠിപ്പിക്കുന്നില്ല. പിന്നെ, ജനറിക് മരുന്നുകൾക്ക് ഗുണമേന്മയില്ല എന്നത് ഡോക്ടർമാരുടെ തലവേദനയാണോ? അത്തരം കാര്യങ്ങളൊക്കെ പരിഹരിക്കേണ്ടത് ഡ്രഗ്സ് കൺട്രോൾ ജനറൽ ഉൾപ്പെടെയുളള നമ്മുടെ ഭരണസംവിധാനങ്ങളാണ്. ’’ ഡോക്ടർ പറയുന്നു.

ജനറിക് മരുന്നിനു ഗുണമില്ല എന്നു മുറവിളിയുയരുമ്പോള്‍ ഇൻസുലിനെ ഒാർക്കുക. എത്രയോ കാലമായി വിപണിയിലുളള ഇൻസുലിൻ ജനറിക് മരുന്നാണ്. ഇന്നേവരെ അതിനു ഗുണമേന്മയില്ലെന്നൊരു പരാതി കേട്ടിട്ടുണ്ടോ?

വിലക്കുറവിൽ ജനൗഷധി മരുന്ന്

ജനറിക് മരുന്നുകൾ തീരെ കുറഞ്ഞവിലയിൽ പൊതുജനത്തിന് നൽകാൻ നടപ്പാക്കിയ പുതിയ കേന്ദ്ര ഗവൺമെന്റ് സ്കീമാണ് ജനൗഷധി. പൊതു–സ്വകാര്യ മരുന്നു കമ്പനികളിൽ നിന്ന് മരുന്നുകൾ മൊത്തമായി വാങ്ങി അവയെ ജനൗഷധി എന്നു റീബ്രാന്‍ഡ് ചെയ്ത് വിൽക്കുന്നു. ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, വിറ്റാമിനുകൾ, ഹൃദയധമനീരോഗങ്ങൾ, ശ്വാസകോശപ്രശ്നങ്ങൾ, പ്രമേഹം, ഗ്യാസ്ട്രോ പ്രശ്നങ്ങൾ, കാൻസർ എന്നിവയുള്‍പ്പെടുന്ന 504 ജീവൻരക്ഷാ ഒൗഷധങ്ങളാണ് ആദ്യെഘട്ടത്തിൽ ലഭ്യമാക്കുന്നത്. അടുത്ത ഘട്ടത്തിൽ കുറച്ചുകൂടി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാകും. സാധാരണവിലയുടെ നാലിൽ ഒന്ന് ചെലവിൽ ഗുണമേന്മയുളള മരുന്നു ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഉദാഹരണത്തിന് പുറത്ത് 8000 രൂപ വില വരുന്ന കാൻസർ മരുന്ന് ജനൗഷധിയിൽ ഏതാണ്ട് 500 രൂപയ്ക്ക് ലഭിക്കും. ഇന്ത്യയിലാകെ 263 ജനൗഷധി സ്റ്റോറുകളുണ്ട്. കേരളത്തിൽ തൃശൂരിലും കോഴിക്കോടുമാണ് ജനൗഷധി മെഡിക്കൽ സ്റ്റോറുകളുളളത്.

ബ്യൂറോ ഒാഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ് ഒഫ് ഇന്ത്യ എന്ന ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയാണ് ഈ സ്കീം നടപ്പിലാക്കുന്നത്. ഇതോടെ ജനറിക് മരുന്നുകളെല്ലാം ഒരു കുടക്കീഴിൽ വരും. ഭാവിയിൽ സർക്കാർ ആശുപകത്രികളിൽ ഈ മരുന്നുകൾ നിർബന്ധിതമാക്കാനും പദ്ധതിയുണ്ട്.

ജനൗഷധി കടകൾ– തൃശൂർ– റൂം നം –19/4416, ഗ്രൗണ്ട് ഫ്ളോർ, സെന്റർ പോയിന്റ്, തൃശൂർ

കോഴിക്കോട് – കെ.എം.സി.റ്റി. മെഡി. കോളേജ് ഫാർമസി പി.ഒ, മനാശ്ശേരി, മുക്കം

Your Rating: