Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്റിബയോട്ടിക്കുകൾ നിങ്ങളെ പൊണ്ണത്തടിയനാക്കും

Obesity and Antibiotic

ഒന്നു തുമ്മിയാൽ ആന്റിബയോട്ടിക് കൊടുക്കുന്ന അച്ഛനമ്മാരുടെ ശ്രദ്ധയ്ക്ക്, മക്കളുടെ അമിത വണ്ണത്തിനെക്കുറിച്ച് മേലിൽ പരാതി പറയരുത്. ബാല്യത്തിൽ ധാരാളം ആന്റിബയോട്ടിക് എടുക്കുന്ന കുട്ടികൾക്ക് മറ്റുള്ള കുട്ടികളെക്കാളും അമിത വണ്ണത്തിനുള്ള സാധ്യതയുണ്ടെന്നാണ് ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ സ്കൂൾ ഒാഫ് പബ്ളിക് ഹെൽത്തിലെ പ്രഫസർ ബ്രയാൻ ഷാവാട്ട്സ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തൽ.

മൂന്നിനും പതിനെട്ട് വയസിനും ഇടയിലുള്ള 1,63,820 പേരുടെ ജനുവരി 2001 മുതൽ ഫെബ്രുവരി 2012 വരെയുള്ള ആരോഗ്യ റിപ്പോർട്ടുകൾ പഠനത്തിനു വിധേയമാക്കിയാണ് ഷാവാട്ട്സ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പഠനത്തിന് വിധേയരായ വ്യക്തികളുടെ ഉയരവും തൂക്കവും ഒരോ വർഷവും അവർ ഉപയോഗിച്ച ആന്റിബയോറ്റിക്കുകളുടെ അളവും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ബാല്യത്തിൽ ഏഴോ അതിലധികമോ തവണ ആന്റിബയോട്ടിക്കുകൾ ശരീരത്തിന്റെ ഭാര-ഉയര അനുപാതത്തെ (ബോഡി മാസ് ഇൻഡക്സ്) സാരമായി ബാധിക്കുന്നതോടെ അമിതവണ്ണത്തിനു കാരണമാകുകയും ചെയ്യുന്നു. ആന്റിബയോട്ടിക് ഉപയോഗിച്ചവർ പതിനഞ്ച് വയസാകുന്നതോടെ മറ്റുള്ളവരെക്കാൾ മൂന്ന് പൗണ്ട് (1.3 കിലോഗ്രാം) വരെ അമിതഭാരം രേഖപ്പെടുത്തുന്നു. ഇന്റർനാഷൺ ജോണൽ ഒാഫ് ഒബീസിറ്റിയാണ് പ്രഫസർ ബ്രയാൻ ഷാവാട്ട്സിന്റെ പഠന റിപ്പോർട്ട് പ്രസദ്ധീകരിച്ചത്.

എന്താണ് ആന്റിബയോട്ടിക്?

മനുഷ്യന്റെയും മൃഗങ്ങളുടെയും കോശങ്ങൾക്കു തകരാറു വരുത്താതെ രോഗാണുക്കളെ നശിപ്പിക്കുന്ന പദാർഥങ്ങളാണ് ആന്റിബയോട്ടിക്. സാധാരണ സൂക്ഷ്‌മജീവികളിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഈ പദാർഥങ്ങൾ കൃത്രിമമായി തുടർന്നു നിർമിക്കാനുമാകും. ഗുളികയായും കുത്തിവയ്‌പായും നിശ്‌ചിതരീതിയിൽ നൽകുമ്പോൾ ഇവയ്‌ക്കു പല രോഗാണുക്കളെയും നശിപ്പിക്കാനും അതുവഴി രോഗങ്ങൾ ഭേദമാക്കാനും കഴിയും.

1928ൽ അലക്‌സാണ്ടർ ഫ്ലെമിങ്, പെനിസിലിൻ കണ്ടുപിടിച്ചതോടെയാണ് ആന്റിബയോട്ടിക്കുകളുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. ബാക്‌ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കളെ നശിപ്പിച്ചുകൊണ്ട് ഇവ മനുഷ്യരാശിക്ക് ഏറെ ആശ്വാസം പകർന്നു. പലരീതിയിലാണ് ആന്റിബയോട്ടിക്കുകൾ രോഗാണുക്കളെ നശിപ്പിക്കുന്നത്. പുത്തൻ മാർഗങ്ങളിലൂടെ ഇതു സാധ്യമാക്കുന്ന ഒട്ടേറെ ആന്റിബയോട്ടിക്കുകൾ എൺപതുകളുടെ അവസാനം തന്നെ ശാസ്‌ത്രം മാനവരാശിക്കു നൽകി.

നിങ്ങൾ പൊണ്ണത്തടിയനാണോ, സ്വയം പരിശോധിക്കാം?

ശരീരത്തിന്റെ ഭാര-ഉയര അനുപാത (ബോഡി മാസ് ഇൻഡക്സ്) പരിശോധനയിലൂടെ പൊണ്ണത്തടിയനാണോയെന്നു സ്വയം തിരിച്ചറിയാം. സ്വന്തം ഭാരത്തെ (കി.ഗ്രാമിൽ) ഉയരവുമായി (മീറ്റർ സ്ക്വയർ) ഹരിക്കുന്നതിലൂടെ ലഭിക്കുന്ന സംഖ്യയാണ് ഭാര-ഉയര അനുപാതം. ഇത് 18.5 മുതൽ 24.9 വരെയാണെങ്കിൽ നിങ്ങളുടെ തടി പാകമാണ്. 28 മുതൽ 29.9 വരെയാണ് ലഭിക്കുന്നതെങ്കിൽ നിങ്ങൾക്ക് അമിത ഭാരമുണ്ട്. മുപ്പതിനു മുകളിലാണു ലഭിക്കുന്നതെങ്കിൽ നിങ്ങൾ പൊണ്ണത്തടിയനാണ്. ഉദാഹരണത്തിന് 70 കിലോ ഗ്രാം തൂക്കവും 175 സെന്റിമീറ്റർ ഉയരവുമുള്ള ഒരാളുടെ അനുപാതം 22.9 ആയിരിക്കും. അര വണ്ണത്തിന്റെ അളവ് നോക്കിയും തടി കൂടുതലുണ്ടോയെന്നു മനസ്സിലാക്കാം. പുരുഷന്റെ അരവണ്ണം 102 സെ.മീറ്ററിൽ താഴെയും സ്ത്രീയുടേത് 88 സെ.മീറ്ററിൽ താഴെയുമായിരിക്കണം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.