Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളെ പലർക്കും ആവശ്യമുണ്ട്

blood-donation

എല്ലാവർക്കും അനുഭവപ്പെടുന്നതാണ് ശരീരത്തിനുള്ളിലെ ഹൃദയത്തിന്റെ മിടിപ്പ്, ഈ മിടിപ്പുള്ളവരെല്ലാം ലോകത്തിലെ ഏറ്റവും മഹത്തായ ഒരു സമ്പത്തിനാൽ അനുഗൃഹീതരാണ്. അതാണ് രക്തം. മനുഷ്യരക്തത്തിനു പകരം നിൽക്കുന്ന ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. അതിനാൽ നിങ്ങളെ പലർക്കും ആവശ്യമുണ്ട്. കാൻസർ രോഗി, അപകടം പറ്റിയയാൾ, സിക്കിൾ സെൽ രോഗി, ഗർഭിണിയായ യുവതി തുടങ്ങിയവർക്കെല്ലാം ഏതു സമയവും നിങ്ങളെ ആവശ്യം വന്നേക്കാമെന്ന് ഓർക്കുക.

രക്തദാനം–കഥകളും യാഥാർഥ്യവും

രക്തം ദാനം ഭയങ്കരമായ വേദനയ്ക്ക് കാരണമാകും?

ഇത് തെറ്റാണ് രക്തദാനം ചെയ്യുന്ന ഒരാളിൽ നിന്നും ഒരു തവണ പരമാവധി 450 ml രക്തമാണ് എടുക്കുക. ഈ കുറവ് നികത്തപ്പെടാൻ ഏതാനും മണിക്കൂറുകൾ മാത്രം മതി. ഒരു സൂചി കുത്തുന്ന വേദന മാത്രമേ അനുഭവപ്പെടൂ.

സസ്യാഹാരികൾ രക്തദാനം പാടില്ല?

ഇത് തെറ്റാണ്,ആരോഗ്യകരമായ ഏത് ഭക്ഷണരീതി പിന്തുടരുന്ന ഏതൊരാൾക്കും രക്തം ദാനം ചെയ്യാനാകും.

ടാറ്റൂ പതിച്ചവർക്ക് രക്തം കൊടുക്കാനാവില്ല?

ഇത് ഭാഗീകമായി ശരിയാണ്. ടാറ്റൂ പതിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ പലപ്പോഴും അണുക്കൾ പകരാനിടയാക്കുന്നതിനാൽ ബോഡി ആർട്ട് കഴിഞ്ഞ് ഒരു ആറുമാസം കഴിഞ്ഞ് മാത്രമേ രക്തം ദാനം ചെയ്യാവൂ എന്നാണ് വിദഗ്ദരുടെ അഭിപ്രായം.‌‌

രക്തദാനം ഈ സാഹചര്യത്തിൽ വേണ്ട

ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, കാന്‍സര്‍, കരള്‍ രോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല. മാത്രമല്ല മൂന്നുമാസത്തിലൊരിക്കൽ ദാനം ചെയ്യുകയാണ് സുരക്ഷിതമെന്ന് വിദഗ്ദർ പറയുന്നു.

എന്തിന് ദാനം ചെയ്യണം?

നിങ്ങളുടെ ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം. രക്തദാനം യാതൊരു ദോഷഫലവുമുണ്ടാക്കുന്നുമില്ല. മാത്രമല്ല ശരീരത്തിന് കൂടുതൽ പ്രവർത്തന ക്ഷമത ലഭിക്കാനിടയാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇതൊരു പുണ്യപ്രവർത്തി കൂടിയാണെന്നോർക്കുക. നമുക്ക് ഒരു ചെലവുമില്ലാത്ത ഉപകാരം ഒരു കുടുംബത്തിന്റെ പുഞ്ചിരിക്ക് കാരണമാകും.

സ്വന്തം രക്തം സൂക്ഷിച്ചു വയ്ക്കാനാകും?

ഇത് പലപ്പോഴും അപൂർവ രക്തഗ്രൂപ്പുള്ളവർ ചെയ്യാറുണ്ട്. ആവശ്യമായ പരിശോധനകൾക്ക് ശേഷം സ്വന്തം രക്തം നിശ്ചിത ഇടവേളകളിൽ സൂക്ഷിച്ചു വയ്ക്കും. എന്തെങ്കിലും ശസ്ത്രക്രിയയോ മറ്റോ വേണ്ടി വരുമ്പോള്‍ ഉപയോഗിക്കാനാകും. ബ്ലഡ് ബാങ്കുകളുമായി ബന്ധപ്പെട്ടാണ് ഇത് ചെയ്യുന്നത്.