Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാനം: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളെ വിശ്വസിക്കാമോ?

blood-test

രക്തദാനത്തിന്റെ മഹത്വത്തെ പറ്റിയും അതിന്റെ പ്രാധാന്യത്തിനെപ്പറ്റിയും നമ്മൾക്കറിയാം. വാട്സ് ആപ്പും ഫെയ്സ്ബുക്കും പോലെയുള്ള സാമൂഹിക മാധ്യമങ്ങൾ ഒരപകടമുണ്ടായി അല്ലെങ്കിൽ രക്തം ആവശ്യമായി വരുന്ന ഒരു സാഹചര്യത്തിൽ രക്തദാതാക്കളെ കണ്ടെത്താനായി വലിയ സേവനമാണ് ചെയ്യുന്നത്.

പല രക്തഗ്രൂപ്പുകളുള്ള ആൾക്കാരെ നിമിഷനേരത്തിനുള്ളിൽ കണ്ടെത്താനായി രക്തദാന സേനയായി മാറിയ നിരവധി ഗ്രൂപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രശംസനീയമായ സേവനം ചെയ്യുന്നുമുണ്ട്. എന്നാൽ പലപ്പോഴും പരക്കുന്ന തെറ്റായ സന്ദേശങ്ങൾ ആൾക്കാരിൽ തെറ്റിദ്ധാരണ പരത്താനിടയാക്കുന്നുണ്ട്.

വേൾഡ് ബ്ലഡ് ബാങ്ക് എന്ന ലാഭരഹിത, സന്നദ്ധ സംഘടനയുടെ സ്ഥാപകൻ റേ മാത്യു വർഗീസ് രക്തദാനത്തിലെ സേവനങ്ങളെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചും പലയിടങ്ങളിലും അരങ്ങേറുന്ന തട്ടിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നു.

പുരുഷൻമാർക്ക് എല്ലാ മൂന്ന് മാസത്തിലും സ്ത്രീകൾക്ക് നാലു മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യാനാവും. പതിനെട്ട് വയസ്സിനുശേഷമാണ് ഒരാൾക്ക് രക്തദാതാവാകാൻ കഴിയുക. പല ക്യാമ്പുകളിലും രക്തദാനത്തെപ്പറ്റി പല ഭയങ്ങളും പൊതുജനങ്ങൾ പ്രകടിപ്പിക്കാറുണ്ട്.

രക്തദാനത്തിന് ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല. ആരോഗ്യത്തിന് ഹാനികരമല്ലെന്നു തന്നെയല്ല രക്തദാതാവിന്റെ രോഗ പ്രതിരോധശേഷി കൂടുകയാണ് ചെയ്യുക. മാത്രമല്ല 1800ൽ അധികം ചിലവ് വരുന്ന രക്തപരിശോധന രക്തദാനത്തിന്റെ സമയത്ത് സൗജന്യമായി നടത്തുകയും ചെയ്യുന്നു.

രക്തദാനത്തിനു തൊട്ട് മുമ്പത്തെ ദിവസം ശരിക്കുറങ്ങുക, മദ്യപിക്കാതിരിക്കുക, ഭക്ഷണം കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല അംഗീകൃത ബ്ലഡ് ബാങ്കുകളിലാണ് രക്തം നൽകേണ്ടത്. രോഗമുള്ളവരും വിദേശരാജ്യങ്ങളിൽ പോയവരുമൊക്കെ രക്തദാനം ഒഴിവാക്കേണ്ടതാണ്. രക്തദാനം ചെയ്യുന്നയാൾ സത്യസന്ധമായി സംസാരിക്കുന്നയാളുമായിരിക്കണം.

വാട്സ് ആപ്പും ഫെയ്സ്ബുക്കും

രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രചാരണത്തിന് വാട്സ് ആപ്പും ഫെയ്സ്ബുക്കും പോലുള്ള മാധ്യമങ്ങൾ സഹായകമാകുന്നുണ്ട്. എന്നാൽ പലപ്പോഴും വളരെ തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കപ്പെടുന്നു.

ഇന്ന ആശുപത്രിയിൽ ഇത്ര വയസ്സുള്ള കുട്ടി അത്യാസന്ന നിലയിലാണ്, ആ കുട്ടിയെ രക്ഷിക്കാൻ ഈ ബ്ലഡ് ഗ്രൂപ്പ് ആവശ്യമുണ്ട് എന്ന മട്ടിൽ പോകുന്ന സന്ദേശങ്ങള്‍. പലപ്പോഴും അപൂർവ്വ ഗ്രൂപ്പുകാരെ തേടിപ്പിടിച്ച് ചൂഷണം ചെയ്യുന്നതിന്റെ ഭാഗമായിരിക്കും ഇത്തരം സന്ദേശങ്ങൾ. നമ്പരുകളിൽ ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണം.

ഇത് മാത്രമല്ല രക്തദാന സംഘടനക്ക് കേരളത്തിൽ ഓഫീസ് തുടങ്ങണം അതിന് ധനസഹായം വേണമെന്ന മട്ടിൽ മറ്റൊരു തട്ടിപ്പുമുണ്ട്, സത്യത്തിൽ ഇത്തരമൊരു സന്നദ്ധ സംഘടനക്ക് ഓഫീസില്ലെങ്കിലും കുഴപ്പമില്ല. ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്.

വേൾഡ് ബ്ളഡ് ഡോണേഴ്സ് എന്ന സന്നദ്ധ സംഘടനയിൽ 3 ലക്ഷം അംഗങ്ങളുണ്ട്, ഏത് രക്ത ഗ്രൂപ്പിലുള്ളവരെയും http://worldbloodbank.org/എന്ന വെബ്സൈറ്റിൽ തെരഞ്ഞ് കണ്ടെത്താനാവും. പൂർണ്ണമായും സേവനം സൗജന്യമാണ്. അപൂർവ ഗ്രൂപ്പിലുള്ളവരുടെ ഫോൺ നമ്പർ പോലും ചൂഷണമൊഴിവാക്കാനായി വെബ്സൈറ്റിൽ നൽകാറില്ല, പകരം എന്റെ നമ്പർ നൽകും. വിളിക്കുന്നവരെ ഞാൻ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.

നല്ല ബ്ലഡ് ബാങ്കുകളിൽ രക്തം നൽകിയാൽ അത് മൂന്ന് ജീവനുകൾ രക്ഷിക്കാൻ സഹായിക്കുമെന്നോർക്കുക,രക്തത്തിലെ ശ്വേതരക്താണുക്കളെയും അരുണരക്താണുക്കളെയുമൊക്കെ വേർതിരിച്ച് സൂക്ഷിക്കാനാവുമെന്നതിനാൽ ഇത്തരം അംഗീകൃത ബ്ലഡ് ബാങ്കുകളിൽത്തന്നെ രക്തം നൽകുക.
വേൾഡ് ബ്ലഡ് ബാങ്ക് എന്ന സംഘടനയുടെ മുദ്രാവാക്യം എന്റെ രക്തം എന്റെ സുഹൃത്തിന്റെ ജീവനുവേണ്ടിയെന്നതാണ് മാത്രമല്ല ഈ വർഷത്തെ ലോക രക്തദാന ദിന സന്ദേശം Blood connects us all എന്നതുമാണെന്നോർക്കുക.

Your Rating: