Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി.പി. ഗുളിക മുടക്കരുതേ....

bp-tablet

പ്രത്യേകിച്ച് ഒരു ക്ഷീണമോ പ്രശ്നമോ ഒന്നും തന്നെയില്ല. പിന്നെ വെറുതെ ഈ ഗുളികകളെല്ലാം കഴിച്ച്, അതിന് അടിമപ്പെടണോ? രക്താതിസമ്മർദചികിത്സയ്ക്കു ഗുളിക തുടങ്ങണമെന്ന് നിർദേശിക്കുന്ന ഡോക്ടർമാർ സ്ഥിരമായി കേൾക്കുന്ന ഒരു സംശയമാണിത്. കുറേ നാളായ‍ി കഴിക്കുന്നുണ്ട്. ഇപ്പോൾ നോർമലാണ്. ഇനി ഗുളിക നിർത്ത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം മനസ്സിലാക്കണെമെങ്കിൽ രക്തസമ്മർദത്തെക്കുറിച്ചറിയണം.

നമ്മുടെ രക്തക്കുഴലിലൂടെ ഒഴുകുന്ന രക്തം, രക്തക്കുഴലുകളിൽ ചെലുത്തുന്ന മർദത്തെ അഥവാ പ്രഷറിനെയാണ് രക്തസമ്മർദം അഥവാ ബ്ലഡ്പ്രഷർ (ബി.പി.) എന്നു പറയുന്നത്. ഈ മർദം സാധാരണയിലും ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് രക്താത‍ിസമ്മർദം അഥവാ ഹൈപ്പർ ടെൻഷൻ.

പ്രത്യേകിച്ചു മറ്റു കാരണങ്ങളൊന്നും ഇല്ലാതെ വരുന്ന രക്താതിസമ്മർദം (പ്രൈമറി ഹൈപ്പർടെൻഷൻ-എസ്സൻഷ്യൽ ഹൈപ്പർടെൻഷൻ), മറ്റെന്തെങ്കിലും രോഗത്തിന്റെ ഭാഗമായി വരുന്ന രക്താതിസമ്മർദം (സെക്കൻഡറിഹൈപ്പർടെൻഷൻ) എന്നിങ്ങനെ രക്താതിസമ്മർദം രണ്ടു വിധത്തിലുണ്ട്. നമ്മൾ സാധാരണ കാണുന്നതു പ്രത്യേക കാരണമില്ലാതെ വരുന്ന പ്രൈമറി ഹൈപ്പർടെൻഷനാണ്. ഹോർമോൺ സംബന്ധമായ കുഷിങ് സിൻഡ്രോം, ഹൈപ്പർതൈറോയിഡിസം എന്നിവ ബാധിച്ചവരിൽ കാണുന്ന രക്താതിസമ്മർദത്തെ സെക്കൻഡറി ഹൈപ്പർടെൻഷൻ എന്നു പറയുന്നു. ഇവര‍ിൽ കാരണമായ രോഗത്തിനു ചികിത്സിക്കുകയാണെങ്കിൽ രക്താതിസമ്മർദം പൂർണമായി ഭേദമാകും.

മുതിർന്നവരിൽ നാലുപേരിൽ ഒരാൾക്ക് രക്ത‍ാതിസമ്മർദം ഉണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. മരണത്തിലേക്ക് നയിക്കുന്ന ഹൃദയാഘാതം, പക്ഷ‍ാഘ‍ാതം വൃക്കപരാജയം തുടങ്ങിയ പല രോഗങ്ങൾക്കും ഇതു കാരണമാവുന്നു. രക്താതിസമ്മർദം ചികിത്സിച്ച‌‍ു നിയന്ത്രണവിധേയമാക്കുന്നതു വഴി ഈ മാരകരോഗങ്ങളും നിയന്ത്രണവിധേയമാക്കാം.

രക്താതിസമ്മർദ ചികിത്സ

ജീവിതശൈലിയിലെ മാറ്റം രക്താതിസമ്മർദം നിയന്ത്രിക്കാൻ പ്രയോജനമാണ്. ആരോഗ്യകരമായ ഭക്ഷണശൈലി (പച്ചക്കറികളും പഴങ്ങളുടെയും ഉപയോഗം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി, ഉപ്പിന്റെ അളവു കുറയ്ക്കാൽ) ആണ് അതിൽ പ്രധാനം. വ്യായാമം, അമിതവണം കുറയ്ക്കൽ. പുകവലി ഒഴിവാക്കൽ, മാനസിക സമ്മർദങ്ങൾ നിയന്ത്രിക്കൽ എന്നിവയെല്ലാം ഉയർന്ന ബി.പി. കുറയ്ക്കും. ഈ മാറ്റങ്ങൾ കൊണ്ടു‍ം രക്താതിസമ്മർദം നിയന്ത്രണവിധേയമാക്കാൻ കഴിയാത്തവർ, ജീവിതശൈലീമാറ്റങ്ങൾക്കൊപ്പം തന്നെ, ഡോക്ടർ നിർദേശിക്കുന്ന ഗുളികകൾ തന്നെ വേണം.

ചികിത്സിക്കേണ്ടത് എപ്പോൾ?

മറ്റു രോഗങ്ങളൊന്നുമില്ലാത്ത 60 വയസ്സിനു മുകളിലുള്ള ഒരാൾക്ക് ഭക്ഷണനിയന്ത്രണവും ജീവിതശൈലിയിൽ മാറ്റവും വരുത്തിയതിനുശേഷവും രക്തസമ്മർദം 150/90 mm/hgനു മുകളിലാണെങ്കിൽ ഗുളികകൾ തുടങ്ങേണ്ടിവരും. എന്നാൽ 60 വയസ്സിനു താഴെയുള്ളവർക്ക് രക്തസമ്മർദം 140/90നു മുകളിലാണെങ്കിൽ തന്നെ ചികിത്സ തുടങ്ങേണ്ടിവരും. എന്നാൽ പ്രമേഹബാധിതരിലും വൃക്കരോഗബാധിതരിലും ജീവിതശൈലീനിയന്ത്രണത്തിനുശേഷവും രക്തസമ്മർദം 140/90-നു മുകളിൽ വരികയാണെങ്കിൽ ചികിത്സ തുടങ്ങേണ്ടിയിരിക്കുന്നു.

മരുന്നുകൾ കൊണ്ട് ചികിത്സ

രക്തസമ്മർദ നിയന്ത്രണത്തിന് എല്ലാവർക്കും ഒരു മരുന്നല്ല. പല വിഭാഗങ്ങളിലായി നിരവധി മരുന്നുകളുണ്ട്.

‍ഡൈയൂററ്റിക് മരുന്നുകൾ: ഹൈഡ്രോക്ലോറോതയ സൈഡ് (Hydrochlorothiazide), ക്ല‍ോർത്താലിഡോൺ (Chlorthalidone), ഇൻഡപമൈഡ് (Indapamide) എന്നിവയാണ് ഈ വിഭ‍ാഗത്തിൽപ്പെടുന്ന രക്താതിസമ്മർദ ഗുളികകൾ, ഇവ സാധാരണയായി ശരീരത്തിലെ സോഡിയത്തിന്റെയും അളവും ജലാംശവും കുറച്ചാണ് ബി.പി നിയന്ത്രിണവിധേയമാക്കുന്നത്.

എ.സി.ഇ. ഇൻഹിബിറ്റേഴ്സ്: കാപ്റ്റോപ്രിൽ (Captopril), എനലാപ്രിൽ (Enalapril), ലിസിനോപ്രിൽ (Lisinopril), പെരിൻഡോപ്രിൽ (perindopril), റാമിപ്രിൽ (Ramipril) എന്നിവയാണ് ഈ വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ. ഇത്തരം മരുന്നുകൾ ഹൃദയാഘാതം, ഹൃദയപരാജയം, പക്ഷാഘാതം തുടങ്ങിയ അവസ്ഥകൾക്കും നല്ലതാണ്. പ്രമേഹരോഗികളിൽ വൃക്കകളുടെയും കണ്ണിന്റെയും പ്രവർത്തനവൈകല്യവും ഒരു പരിധിവരെ നിയന്ത്രിക്കുന്നു.

ആൻജിയോടെൻസിൻ റിസപ്റ്റർബ്ലോക്കർ (ARB): ലൊസാർട്ടൻ (Losartan), കാൻഡിസാർട്ടൻ (Cantesarton), ഇർബിസാർട്ടൻ (Irbesarton), ഒൽമിസാർട്ടൻ (Olmesartan), ടെൽമിസാർട്ടൻ (Telmisatan) എന്നിവയാണ് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ. ACE ഇൻ‌ഹിബിറ്റർ വിഭാഗത്തിൽപ്പെട്ട മരുന്നുകൾക്കുള്ള എല്ലാ ഗുണങ്ങളും ഉണ്ട്. ഒപ്പം ചുമ പോലുള്ള പാർശ്വഫലങ്ങളില്ല.

കാത്സ്യം ചാനൽബ്ലോക്കേഴ്സ്: അംലോഡിപ്പിൻ (Amlodepine), നിഫിഡിപിൻ (Nifedipine), ഡിൽറ്റിയാസം (Diltiazem), വെരപ്പാമിൽ (Verapamil), തുടങ്ങിയവയാണ് ഈ വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർധിപ്പിച്ച് നെഞ്ചുവേദന പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കനും ഹൃദയമിടിപ്പിലുള്ള താളപ്പിഴകൾ തടയുവാനും സഹായിക്കുന്നു.

ബീറ്റ ബ്ലോക്കേഴ്സ്: അറ്റിനലോൾ‌ (Atenalol), ബിസോപ്രലോൾ (Bisoprolol), മെറ്റോപ്രലോൾ (Metoprolol), പ്രൊപാനലോൾ (Proprpranolol), തുടങ്ങിയവയാണ് ഈ വിഭാഗത്തിൽപ്പെടുന്നു ഗുളികകൾ.

ആൽഫാബ്ലോക്കേഴ്സ്: പ്രാസോസിൽ (Prazosin), ഡോക്സാസോസിൻ (Doxazosin), ടെറാസോസിൻ (Terazosin) തുടങ്ങിയവയാണ് ഈ വിഭാഗത്തിൽപ്പെടുന്ന ഗുളികകൾ. ഇവ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലമുണ്ടാവുന്ന മൂത്രതടസ്സം കുറയ്ക്കുന്നു.

പുറമേ ഡയറക്ട് റെനിൻ ഇൻഹിബിറ്റർ പോലുള്ള മറ്റു ചില വിഭാഗങ്ങളിൽപ്പെട്ട മരുന്നുകളുമുണ്ട്.

ഗുളിക കഴിക്കേണ്ട സമയം

നമ്മുടെ രക്തസമ്മർദം ദിവസം മുഴുവൻ ഒരുപോലെയല്ല. രാത്രി ഉറങ്ങുമ്പോൾ അത് ഏറ്റവും കുറഞ്ഞിരിക്കുകയും രാവിലെ അത് കൂടി തുടങ്ങുകയും ഉച്ചകഴിയുന്നതുവരെ ഉയർന്നിരിക്കുകയും വൈകുന്നേരത്തോടെ കുറയാൻ തുടങ്ങുകയും ചെയ്യും.

ഹൃദയാഘാതം, പക്ഷാഘാതം, പെട്ടെന്നുണ്ടാകുന്ന മരണം എന്നിവയെല്ലാം രാവിലെയാണു കൂടുതലായി കാണുന്നത്. രാവിലെ മുതൽ രക്തസമ്മർദം ഉയരുന്നതുമായി ബന്ധപ്പെട്ടാണ് ഇത് എന്നതാണ് ഒരു നിഗമനം. അതിനാൽ ബി.പി. ഗുളികകൾ രാത്രിനേരങ്ങളിൽ കഴിച്ചാൽ രാവിലെ രക്തസമ്മർദം കൂടുന്നതു തടയാനും അതുവഴി പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ സങ്കീർണതകളെ കൂടുതലായി നിയന്ത്രണവിധേയമാക്കാനും കഴിയുമെന്നാണു പല വിദഗ്ധരുടെയും അഭിപ്രായം. എന്നാൽ രക്താതിസമ്മർദത്തിനുള്ള ഗുളിക രാവിലെ കഴിച്ചാലും രാത്രിയിൽ കഴിച്ചാലും പ്രത്യേക വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല എന്നും പഠനങ്ങളുണ്ട്.

ബി.പി. ഗുളികകൾ കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗുളിക എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ കഴിക്കുക എന്നതാണ്-അല്ലാതെ ഒരു ദിവസം രാവിലെയും പിറ്റേ ദിവസം രാത്രിയിലും കഴിക്കാൻ പാടില്ല എന്നർഥം. കാരണം ദിവസം ഒരു നേരം കഴിക്കുന്ന പല ബി.പി. ഗുളികകളും 24 മണിക്കൂർ നേരമാണു നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ അതേ നേരത്ത് തന്നെ പിറ്റേ ദിവസം ഗുളിക കഴിച്ചില്ലെങ്കിൽ രക്തസമ്മർദം ഉയരുകയും പലതരം സങ്കീർണതകൾ ഉണ്ടാവുകയും ചെയ്യും. ‌

ദിവസം എത്രനേരം ഗുളിക കഴിക്കണമെന്ന് തീരുമാനിക്കുന്നത് അവ നമ്മുടെ ശരീരത്തിൽ എത്രനേരം പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഗുളികകൾ ദിവസത്തിൽ ഒരുനേരം കഴിക്കുമ്പോൾ, 12 മണിക്കൂർ പ്രവർത്തിക്കുന്ന ഗുളികകൾ ദിവസം രണ്ടുനേരം കഴിച്ചാൽ മാത്രമേ മുഴുവൻ സമയവും ബി.പി. നിയന്ത്രണം സാധ്യമാവൂ.

ബി.പി. ഗുളികകൾ കഴിക്കുന്ന രോഗികൾ, ബി.പി. ചെക്കു ചെയ്യാൻ ആശുപത്രിയിൽ വരുമ്പോൾ, സാധാരണ ദിവസത്തേതുപോലെ തന്നെ കൃത്യസമയത്ത് ഗുളിക കഴിച്ചിരിക്കണം. എങ്കിൽ മാത്രമേ അവർ കഴിക്കുന്ന ഗുളിക പര്യാപ്തമാണോ എന്ന് അറിയാനാകൂ.

ലക്ഷണമില്ല. മരുന്നു കഴിക്കണോ?

രക്താതിസമ്മർദം സാധാരണയായി പുറമെ പ്രത്യേകിച്ചു രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാറില്ല. എന്നാൽ അതേ സമയം തന്നെ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കകളുടെ പ്രവർത്തന വൈകല്യം തുടങ്ങിയ മാരകരോഗങ്ങൾക്കും മരണത്തിനും വരെ കാരണമാവുന്നു.

ബി.പി. നിയന്ത്രണവിധേയമല്ലെങ്കിൽ അതു രക്തക്കുഴലുകളുടെ ഉള്ളിലുള്ള കോശങ്ങളെ (Endothelium) നശിപ്പിക്കുകയും ധമനിയ്ക്കുള്ളിൽ തടസ്സമുണ്ടാക്കുന്ന അതിറോസ്ക്ലീറോസിസിന് കാരണവുമാലുകയും ചെയ്യും. രക്തക്കുഴലുകൾ ചുരുങ്ങുകയും അതുമൂലം ശരീരത്തിലെ പല പ്രധാന അവയവങ്ങളിലേക്കുള്ള രക്തസഞ്ചാരം കുറയുകയും ചെയ്യുന്നു. ഇവ ഹൃദയാഘാതം, ഹാർട്ട്ഫെയിലിയർ, വൃക്കകളുടെ പ്രവർത്തനവൈകല്യം, പക്ഷാഘാതം, കാലുകളിലേക്കുള്ള രക്തസഞ്ചാരം കുറയൽ, കാഴ്ചശക്തി നഷ്ടപ്പെടൽ എന്നിവയ്ക്കു കാരണമാകുന്നു. ഇതുകൂടാതെ രക്തക്കുഴലിന്റെ ഭിത്തികൾപൊട്ടി രക്തക്കുഴലുകൾ വീർത്ത് അന്യൂറിസം തുടങ്ങിയ സങ്കീർണതകളുണ്ടാക്കുന്നു. ഇത്തരം രക്തക്കുഴലുകൾ പെട്ടി ആന്തരിക രക്തസ്രാവവും അതുവഴി മരണവും സംഭവിക്കാം. ഇതുകൂടാതെ അനിയന്ത്രിതമായ രക്തസമ്മർദം ഒർമക്കുറവിനും (ഡിമൻഷ്യ) ഹൃദയത്തിന്റെ ക്രമരഹിതമായ ഇടിപ്പിനും കാരണമാവാം. രക്തസമ്മർദം ചികിത്സിച്ചു നിയന്ത്രണവിധേയമാക്കാത്തത് വിവിധതരം ലൈംഗികപ്രശ്നങ്ങൾക്കും കാരണമാവാം.

രക്താതിസമ്മർദം നിയന്ത്രണവിധേയമല്ലാത്തവരിൽ പലതരം അത്യാഹിതങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഇവയെ പൊതുവെ ഹൈപ്പർടെൻസീവ് എമർജൻസി എന്നു വിളിക്കുന്നു. പക്ഷാഘാതം, രക്തധമനികൾ പൊട്ടുക (Aortic dissection), ഹൃദയാഘാതം, കിഡ്നി ഫെയിലിയർ, പൾെമാണറി എഡിമ എന്നിവയാണ് അവ. ഇതു പലപ്പോഴും മരണത്തിലേക്ക് വഴിതെളിക്കുന്നു. രക്താതിസമ്മർദമുള്ളവരിൽ ഇത്തരം മാരകരോഗങ്ങളുണ്ടാവാനുള്ള സാധ്യതകൾ, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പുകവലി തുടങ്ങിയ സങ്കീർണതകൾ കൂടി ഉണ്ടാകുമ്പോൾ പലമടങ്ങ് വർധിക്കുന്നു. അതിനാൽ രക്താതിസമ്മർദമുള്ളവർ മരുന്ന് ഒരിക്കലും മുടക്കരുത്.

ഡോ. എ.വി. രാവീന്ദ്രൻ

അസി. പ്രഫസർ ഒാഫ് മെഡിസിൻ ഗവ.മെഡിക്കൽ‌ കോളജ് മഞ്ചേരി