Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്തിഷ്കം എങ്ങനെ ഉപയോഗിക്കാം?

brain

മസ്തിഷ്‌കത്തിന്റെ 100%ഉം ഉപയോഗിക്കുന്നില്ല എന്നതു വളരെ പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ്. യഥാർത്ഥത്തിൽ എന്താണ് വസ്തുത. മസ്തിഷ്‌കത്തിന്റെ ഏറ്റവും പ്രാഥമികമായ ചുമതല മനുഷ്യശരീരത്തിലെ വിവിധ പേശികളുടെ ചലനത്തെ നിയന്ത്രിക്കുക എന്നതാണ്. മനുഷ്യ ശരീരത്തിലെ പ്രവർത്തനങ്ങളെയെല്ലാം ഏകോപിപ്പിച്ചു വിവിധ കോശ സമുച്ചയങ്ങൾക്കു വേണ്ട മാർഗനിർദേശം മസ്തിഷ്കം നൽകുന്നു. മസ്തിഷ്കം പേശികളുടെയും ഗ്രന്ഥികളുടെയും സംവേദവ്യൂഹങ്ങളുടെയും പ്രവർത്തനങ്ങളെ നിരീക്ഷിച് ക്രമപ്പെടുത്തുന്നു. നമ്മുടെ ബൗദ്ധിക ശേഷിയുടെ, സർഗ്ഗപരതയുടെ, ഓർമയുടെ ഒക്കെ വിളനിലം മസ്തിഷ്കമാണ്. ഏറ്റവും ആധുനികമായ കമ്പ്യൂട്ടർ പോലും മനുഷ്യ മസ്തിഷ്കത്തിന്റെ പിന്നിലാണ്. മുൻകൂട്ടി തയാറാക്കിയ സോഫ്റ്റ്‌വെയർ അനുസരിച്ചു പ്രവർത്തിക്കാനുള്ള കഴിവ് മാത്രമാണ് കംപ്യൂട്ടറിനുള്ളത്. എന്നാൽ മസ്തിഷ്ക്കത്തിനാകട്ടെ ചുറ്റുപാടിനോടു പ്രതികരിക്കുന്നതിനും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും സങ്കല്പിക്കാനും രൂപം സൃഷ്ടിക്കാനും കഴിയുന്നു. നമ്മൾ ഉണർന്നിരിക്കുമ്പോൾ മാത്രമല്ല ഉറക്കത്തിലും മസ്തിഷ്ക്കം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മസ്തിഷ്‌കത്തിനു നല്ല ക്ഷതമേറ്റാൽ ചിലപ്പോൾ നമുക്കു വേദന എന്തെന്ന് അറിയാതെ വരും, മറ്റുള്ളവരെ തിരിച്ചറിയാൻ കഴിയാതെ വരും, മറ്റുചിലപ്പോൾ പ്രപഞ്ചമുണ്ട് സ്വയം ഇല്ല എന്നെലാം തോന്നും .

നമ്മൾ ഇപ്പോൾ ബോധത്തോടെ ഇരിക്കുന്നത്, നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെല്ലാം ക്രമാനുഗതമായി നടക്കുന്നതു നമ്മുടെ മസ്തിഷ്കം നൂറുശതമാനവും ഉപയോഗിക്കുന്നതുകൊണ്ടു മാത്രമാണ്. നമ്മുടെ ഓരോ നിമിഷവും ഓരോ അനുഭവവും ഓരോ ഓർമ്മയും ഓരോ വികാര പ്രകടനവും ഓരോ ഉൾക്കാഴ്ചയും ഒക്കെ കോടാനുകോടി വരുന്ന മസ്തിഷ്കകോശങ്ങളുടെ സങ്കീർണവും ചിട്ടയായതുമായ പ്രവർത്തനങ്ങളുടെ ഫലമാണ്.

ഭൂമിയിലെ ജീവികളിലെ അവയവങ്ങളിൽ മനുഷ്യമസ്തിഷ്കമാണ് ഏറ്റവും സങ്കീർണ്ണമായത്. അസംഖ്യം ന്യൂറൽ ശൃഖല മനുഷ്യമസ്തിഷ്കത്തിലുണ്ട്. ഏതാണ്ട് ആയിരം ട്രില്ല്യൻ ( ഒരു ട്രില്ല്യൻ= ഒരു ലക്ഷം കോടി) സിനാപ്റ്റിക് കണ്ണികൾ മസ്തിഷ്‌കത്തിൽ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. പുതിയ ന്യൂറൽ ശൃഖലകൾ രൂപീകരിക്കാനുള്ള ജനിതക ഘടന മനുഷ്യ മസ്തിഷ്കത്തെ മൃഗങ്ങളുടേതിൽ നിന്നു വ്യത്യസ്തമാക്കുന്നു.

ശരീരത്തിന്റെ രണ്ടു ശതമാനം മാത്രമേ മസ്തിഷ്കത്തിനുള്ളു. എന്നാൽ മൊത്തം ഓക്സിജന്റെ ഇരുപത് ശതമാനം മസ്തിഷ്കം ഉപയോഗിക്കുന്നു. പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെ ശരാശരി തൂക്കം 1300 മുതൽ 1400 ഗ്രാം വരെയാണ്. വ്യാപ്തി പുരുഷന്മാരിൽ 1260 cm3 സ്ത്രീകളിൽ 1130 cm3 ആണ്. സ്ത്രീപുരുഷ മസ്തിഷ്കങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ല. എന്നാൽ ഭ്രൂണ ദശയിൽ സ്ത്രീ പുരുഷ ഹോർമോണുകൾ ആയ ഈസ്ട്രജൻ, ആൻഡ്രോജൻ എന്നിവ മസ്തിഷ്കത്തെ ലിംഗപരമായി പാകപ്പെടുത്തുന്നു.

മസ്തിഷ്‌കത്തിന്റെ ഇടത്തെ അർദ്ധഗോളം ശരീരത്തിന്റെ വലത്തേ ഭാഗത്തെയും വലത്തേത് ഇടതു ഭാഗത്തെയും നിയന്ത്രിക്കുന്നുണ്ടെങ്കിൽ തന്നെയും മസ്തിഷ്കത്തെ സവിശേഷമാം വിധം പ്രവർത്തിപ്പിക്കുന്ന വിവിധ ഭാഗങ്ങളുടെ കൂട്ടായ്മയായി കാണാം. ഓരോ ഭാഗവും ഒരു പ്രത്യേക പ്രവർത്തിയിൽ മുഖ്യ പങ്കുവഹിക്കുന്നതായും. മറ്റു ചിലതിൽ അപ്രധാനമായ പങ്കുവഹിക്കുന്നതായും കാണാം. ചില പ്രവർത്തികൾക്ക് ഒരു പ്രത്യേക ഭാഗത്തെ മാത്രമേ ആശ്രയിക്കുന്നുള്ളു. എന്നാൽ ചില സങ്കീർണ പ്രവർത്തികൾ നിർവഹിക്കുമ്പോൾ മസ്‌തിഷ്‌ക ഭാഗങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. മസ്തിഷ്‌കത്തിന്റെ ഇടത്തെ അർദ്ധഗോളത്തിന്റെ ചിന്താരീതി അപഗ്രഥനപരവും യുക്തിചിന്താപരവുമാണ്. എഴുത്ത്, സംസാരം, സാമാന്യവത്കരണം, ബുദ്ധിശക്തി എന്നിവ ഇടതു ഭാഗത്തിന്റേതാണ്. വലത് അർദ്ധ ഗോളം വ്യക്തിപരമായ അനുഭവത്തിന്റെ വൈകാരികതക്ക് ഊന്നൽ കൊടുക്കുന്നു.

പുരാതനവും ആധുനികവുമായ മസ്തിഷ്കങ്ങൾ
മനുഷ്യനിൽ പുരാതന മസ്തിഷ്കവും നവീന മസ്തിഷ്കവും ഉണ്ട്. പുരാതന മസ്തിഷ്‌കത്തിന്റെ ഭാഗമാണ് ഹൈപ്പോതലാമസ്. വികാരങ്ങളെ തൃപ്തിപ്പെടുത്തലും ജീവൻ നിലനിർത്തലുമാണ് അതിന്റെ ലക്ഷ്യം. സെറിബ്ര അർധഗോളങ്ങൾ നവീന മഷ്തിഷ്കത്തിന്റെ ഭാഗമാണ്. മസ്തിഷ്കത്തിന്റെ ഈ മേഖല ബുദ്ധിപരവും സാംസ്കാരികപരവും കലാപരവുമായ പ്രവർത്തികളുടേതാണ്. പുരാതന മസ്തിഷ്‌കത്തിൽ നിന്നുവരുന്ന മൃഗീയ വാസനകളെയും വികാര വിക്ഷോഭങ്ങളെയും നിയന്തിക്കുന്നതു നവീന മസ്തിഷ്കമാണ് .

പുരാതന മസ്തിഷ്കത്തിന്റെ കഴിവുകൾ ജീവസാന്തരണവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ മനുഷ്യന്റെ കൊഗ്നിറ്റീവായ കഴിവുകളായ ചിന്ത, ബോധം, അനുതാപം, ബുദ്ധി, ജാഗ്രത, ഓർമ എന്നിവയെല്ലാം നവീന മഷ്തിഷ്കത്തിന്റെ പരിധിയിൽ പെടുന്നു. ജന്മസിദ്ധവുമായി ലഭിച്ചിട്ടുള്ള നവീന മസ്തിഷ്ക കഴിവുകൾ പരിപോഷിപ്പിച്ചെടുക്കാൻ കഴിയും . നല്ല സൃഷ്ടിപരമായ അനുഭവപരിസരം അതിന് ആവശ്യമുണ്ട് .

മസ്തിഷ്കത്തിന്റെ സാധ്യതകൾ
മനുഷ്യന്റെ നാഡീവ്യവസ്ഥ ജനിതകമായി ചിട്ടപ്പെടുത്തിയതാണെങ്കിൽ തന്നെയും ജൈവപരമായ വികസനത്തിന് ചില സാധ്യതകളുണ്ട്. നാഡീവ്യവസ്ഥയുടെ ആന്തരികമായ ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ബാഹ്യമായ ചോദനകൾക്കനുസരിച്ചു മാറുന്നുണ്ട്. പ്ലാസ്തികത(plasticity) എന്നാണ് അതിനു പറയുന്ന പേര്. എത്രകണ്ട് പ്ലാസ്‌തികത ഉണ്ടോ അത്രകണ്ട് മസ്തിഷ്‌കം വികസിച്ചുവെന്നു കരുതാം .

ന്യൂറോണുകൾ തമ്മിലുള്ള ബന്ധത്തിന്റെ ക്രമത്തിലും ദൃഢതയിലും ഉണ്ടാകുന്ന സൂഷ്‌മവും ദൂരൂഹവുമായ മാറ്റങ്ങൾ നാഡീതലത്തിൽ നടക്കുന്ന വിവര ശേഖരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ഉണ്ടാകുന്ന ഭാഗമാണ് സിനാപ്‌സ്. മസ്തിഷ്കം ഉറക്കത്തിൽപോലും വിവരങ്ങൾ തുടർച്ചയായി ശേഖരിക്കുകയും പാകപ്പെടുത്തുകയും ചെയുന്നതു നാഡീ വ്യവസ്ഥയിലെ ന്യൂറോൺ ബന്ധങ്ങളിൽ ഉണ്ടാകുന്ന തുടർച്ചയായ മാറ്റങ്ങളിലൂടെയാണ്. പഠനത്തിൽ ഏർപ്പെടുമ്പോൾ ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളുടെ രൂപീകരണം നടക്കുന്നു. പുതിയ ഓരോ കാര്യങ്ങൾ പഠിക്കുമ്പോൾ പുതിയ പുതിയ ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു.

ന്യൂറോണുകൾ പരസ്പരം ബന്ധപ്പെടുന്ന സ്ഥാനത്തിനിടയിൽ വിവരവിനിമയത്തിനു സഹായിക്കുന്ന രാസവസ്തുവിന്റെ അളവിൽ വരുന്ന മാറ്റങ്ങളിലൂടെയാണ്. യഥാർത്ഥത്തിൽ സിനാപ്‌സ് ബന്ധങ്ങളുടെ ശക്തിയിൽ ദീർഘ കാലം നിലനിൽക്കുന്നതും ഗാഢവുമായ മാറ്റങ്ങൾ ഉണ്ടാകുന്നത്.

ന്യൂറോണുകൾ തമ്മിലുള്ള ബന്ധത്തിന്റെ ക്രമത്തിലും ദൃഢതയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ നാഡീതലത്തിൽ നടക്കുന്ന വിവര ശേഖരണവുമായി ബന്ധപ്പെട്ടതുമായി കാണാം. എന്നാൽ ഓർമയുടെയും പഠനത്തിന്റെയും അടിസ്ഥാനമായ പ്ലാസ്തികത മാറ്റങ്ങളുടെ സ്വഭാവം സംബന്ധിച്ച ഘടകങ്ങൾ സിനാപ്‌സ്നെയാണ് ആശ്രയിക്കുന്നത്. ന്യൂറോണുകൾ തമ്മിലുള്ള സൈനാപ്സിത ബന്ധം രൂപപെടുന്നതിന്റെ നിരക്ക് ജനന ശേഷം ദ്രുതഗതിയിൽ വർദ്ധിക്കുകയും മൂന്നു വയസ് ആകുമ്പോൾ ഏറ്റവും ഉയർന്ന അവസ്ഥയിൽ ആവുകയും ചെയുന്നു.

മസ്തിഷ്കത്തിന്റെ 100% ഉപയോഗം
സങ്കീർണമായ മസ്തിഷ്ക കോശങ്ങൾ രൂപപ്പെടുന്നതിൽ ജീവിതാനുഭവങ്ങൾക്ക് മുഖ്യമായ പങ്കുണ്ട്. ജനന ശേഷമുള്ള ആദ്യവർഷങ്ങളിൽ ലഭിക്കുന്ന അനുഭവങ്ങൾക്കു വളരെ പ്രാധാന്യം ഉണ്ട്. ക്രിയാത്മകമായ പഠനങ്ങൾ ലഭിക്കുന്നതു വഴി മസ്തിഷ്‌കത്തിൽ പുതിയ മടക്കുകൾ ഉണ്ടാവുകയും അതു വ്യക്തിയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു.

ഒരു കുഞ്ഞ് കോടിക്കണക്കിനു മസ്തിഷ്ക കോശങ്ങളുമായാണ് ജനിക്കുന്നത്. ഹൃദയസ്പന്ദനം, ശ്വസനം എന്നീ അടിസ്ഥാന ശാരീരിക പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്ന ന്യൂറോൺ ബന്ധങ്ങൾ ജനനത്തിനു മുൻപു തന്നെ രൂപപ്പെടുന്നുണ്ട്. പരിസരവുമായി ഇടപഴകുന്നതിനും പ്രതികരിക്കുന്നതിനും കുഞ്ഞിനെ സഹായിക്കുന്ന കോശബന്ധങ്ങൾ പിന്നീട് ഉണ്ടാകേണ്ടതാണ്. ഇതാകട്ടെ അനുഭവങ്ങളിലൂടെ കടന്നു പോകുന്നത് അനുസരിച്ചാണ് രൂപപ്പെടുക. കുഞ്ഞു വളരുന്നതിനനുസരിച് ഓരോ പെരുമാറ്റത്തെയും നിർണയിക്കുന്ന കോശബന്ധങ്ങൾ നിർമിക്കപ്പെടുന്നു. ഉദാഹരണമായി കണ്ണിലുള്ള ന്യൂറോണുകളും വിഷ്വൽ കോർട്ടെക്സിൽ ഉള്ള ന്യൂറോണുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനാലാണ് നമുക്കു കാഴ്ചയെ വിശകലനം ചെയ്യാനാകുന്നത്.

ദൃശ്യപരമായ അനുഭവങ്ങളുടെ ആവർത്തനം ഇവ തമ്മിലുള്ള കോശബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. ആവശ്യത്തിലേറെ നാഡീ തന്തുക്കളെ നാഡീവ്യവസ്ഥ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അധികം വരുന്ന ന്യൂറോൺ ബന്ധങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നു. ആവശ്യമില്ലാത്ത കോശബന്ധങ്ങളുടെ സാന്നിധ്യം സാധാരണ പ്രവർത്തികളുടെ നിർവഹണത്തിനുതടസം ഉണ്ടാകാൻ ഇടയുള്ളത് കൊണ്ടാണിത്. ശൈശവ ദശയിൽ സമൃദ്ധമായ അനുഭവങ്ങൾ കുട്ടിക്ക് ലഭിക്കേണ്ടത് ന്യൂറോൺ ബന്ധങ്ങൾ വേണ്ടത്ര സ്ഥാപിക്കാനും അങ്ങനെ ലഭ്യമായ ബൗദ്ധികശേഷി സംരക്ഷിക്കാനും ആവശ്യമാണ്.

ന്യൂറോൺ ബന്ധങ്ങളും പ്ലാസ്‌തികതയുമായി ബന്ധപ്പെട്ട മസ്തിഷ്കത്തിന്റെ വികാസം ജീവിതകാലം മുഴുവൻ തുടരുന്ന ഒന്നാണ്. ആയതിനാൽ ബോധപൂർവമായ ശ്രമങ്ങളിലൂടെ മസ്തിഷ്കത്തിന്റെ ഈ ഗുണത്തിനെ സൃഷ്ടിപരമായി പ്രയോജനപ്പെടുത്താൻ കഴിയും. നിരന്തരം വൈവിധ്യമുള്ളതും അതേസമയം പുതിയതുമായ കാര്യങ്ങൾ, സ്‌കില്ലുകൾ പഠിക്കുക. അത് ഒരു വിദേശ ഭാഷ സ്വായത്തമാക്കുന്നതാകാം, ഡ്രൈവിംഗ് അറിയാത്ത ഒരാൾ അത് അഭ്യസിക്കുന്നതാകാം, മരംകയറാൻ പഠിക്കുന്നതാകാം. തുടർച്ചയായി വ്യത്യസ്തമായ സ്‌കില്ലുകൾ പഠിക്കുന്നതനുസരിച്ചു പുതിയ പുതിയ ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു അതുവഴി കോശബന്ധങ്ങളുടെ വെട്ടിമാറ്റൽ(Pruning) ഒഴിവാക്കാൻ കഴിയുന്നു. അങ്ങനെ,ലഭ്യമായ കൊഗ്നിറ്റീവ് ശേഷികളായ ഓർമ, ചിന്ത, ബോധം, ബുദ്ധി, ജാഗ്രത തുടങ്ങിയവ കാര്യക്ഷമമായി ഉപയോഗിക്കാനും നിലനിർത്താനും കഴിയും .

ഡോ. പ്രസാദ് അമോർ
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
സോഫ്റ്റ്മെൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ