Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലപ്പാൽ ഐക്യു കൂട്ടും

breast-feeding

വളർച്ച പൂർത്തിയാകും മുൻപേ ജനിക്കുന്ന കുട്ടികളിൽ മുലപ്പാല്‍ കുടിക്കുന്നവരിൽ ഐക്യു ലെവൽ കൂടുതലായിരിക്കുമെന്നു പഠനം. പൂർണവളർച്ച എത്തും മുൻപേ ജനിച്ച 180 കുഞ്ഞുങ്ങളിൽ ജനനം മുതൽ ഏഴു വയസുവരെയുള്ള കാലയളവിലാണു പഠനം നടത്തിയത്. ആദ്യത്തെ 28 ദിവസം മുലപ്പാൽ കുടിച്ച കുഞ്ഞുങ്ങളിൽ തലച്ചോറിലെ ചില ഭാഗങ്ങൾ കൂടുതൽ വ്യാപ്തമുള്ളതായി കണ്ടു. ഇവരിൽ ഐക്യു, അക്കാദമിക് നേട്ടങ്ങൾ, ഓർമശക്തി ഇവയെല്ലാം വളരെ ഉയർന്നതായിരിക്കും.

കുഞ്ഞുങ്ങൾ നിയോനാറ്റൽ തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) കഴിയുന്ന സമയത്തും മുലപ്പാൽതന്നെ കൊടുക്കണമെന്നു പഠനം നടത്തിയ അമേരിക്കയിലെ ബ്രിഘാം ആൻഡ് വിമൺസ് ഹോസ്പിറ്റലിലെ മാൻഡി ബ്രൗൺ ബെൽഫോർട്ട് പറഞ്ഞു.

2001–2003 കാലയളവിൽ വിക്ടോറിയൻ ഇൻഫന്റ് ബ്രെയ്ൻ സ്റ്റഡീസിൽ എൻറോൾ ചെയ്തിരുന്ന, 30 ആഴ്ച വളർച്ച എത്തുംമുൻപേ ജനിച്ച കുഞ്ഞുങ്ങളിലാണു പഠനം നടത്തിയത്.

അമൃതാണ് ഇൗ സ്നേഹപ്പാൽ

ജനനം മുതൽ 28 ദിവസം വരെ ഈ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭിച്ച ദിവസങ്ങൾ കണക്കുകൂട്ടി. അൻപതു ശതമാനത്തിലധികം പോഷണങ്ങൾ മുലപ്പാലിലൂടെ ലഭിക്കുന്നു. എംആർഐ സ്കാനിങ് ഉപയോഗിച്ച് ഓരോ കുഞ്ഞിന്റെയും തലച്ചോറിന്റെ ചില പ്രത്യേക ഭാഗത്തെ വ്യാപ്തം അളന്നു. ഏഴു വയസായപ്പോൾ ഐക്യു, വായന, ഗണിതം, ശ്രദ്ധ, ഓർമ, ഭാഷ, ദൃശ്യബോധം എന്നീ അറിവുകളും അളക്കുകയും നാഡീപരിശോധന നടത്തുകയും ചെയ്തു.

എൻഐസിയുവിൽ ആയിരിക്കുമ്പോൾ മുലപ്പാൽ കുടിച്ച കുട്ടികൾക്ക് തലച്ചോറിൽ ഗ്രേമാറ്റർ അധികം ഉള്ളതായിക്കണ്ടു. ന്യൂറോ സിഗ്നലുകളെ പ്രോസസ് ചെയ്യുകയും തലച്ചോറിന്റെ മറ്റു ഭാഗങ്ങളിലേക്കു പ്രേക്ഷണം ചെയ്യുകയും ചെയ്യുന്ന ഭാഗമാണിത്. ദ് ജേണൽ ഓഫ് പീഡിയാട്രിക്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

Your Rating: