Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെ കാൻസർ ഭീതി വേണോ?

cancer

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പലതും കാൻസറുണ്ടാക്കാമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇവയിൽ സത്യമുണ്ടോ? കാൻസറെന്നു കേൾക്കുമ്പോൾ തന്നെ ആരുടേയും നെഞ്ചിടിക്കും. ഈ ഭീതി ഏറ്റവും കൂടുതൽ മുതലെടുക്കുന്നയിടമാണ് സോഷ്യൽ മീഡിയ. ഫേസ്ബുക്ക് തുറന്നാൽ കാണാം, ‘ ഇവയെ സൂക്ഷിക്കുക, കാൻസറുണ്ടാക്കാം’ എന്ന പോസ്റ്റ്. മുടിയിൽ തേയ്ക്കുന്ന എണ്ണ മുതൽ മൈക്രോവേവ് അവ്ൻ വരെ കാണും ലിസ്റ്റിൽ..... ദിവസവും പുതിയ കാര്യങ്ങളെ പ്രതി ഇങ്ങനെ പേടിച്ചാലും കാൻസറിന്റെ കാര്യത്തിൽ ഒരു ഇരട്ടത്താപ്പുണ്ട് മലയാളിക്ക്. അല്ലെങ്കിൽ പിന്നെ പുകവലി മൂലമുളള ശ്വാസകോശ കാൻസർ കേരളത്തിലിപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുമോ? ‘കരളത്തിലെ പ്രധാന കാൻസർ സെന്ററുകളിലെ കണക്കനുസരിച്ച് പുരുഷന്മാരിൽ ശ്വാസകോശ കാൻസറാണു കൂടുതൽ. സ്ത്രീകളിൽ സെർവിക്കൽ കാൻസറുകളുടെ എണ്ണം കുറഞ്ഞു. സ്തനാർബുദമാണ് കൂടുതൽ കാണുന്നത്. പുതുതായി പടച്ചുണ്ടാക്കുന്ന കാരണങ്ങളുടെ പുറകേ പോകുമ്പോൾ യഥാർഥകാരണങ്ങൾ വിസ്മൃതിയിലാവുകയാണെന്നു നാം മറക്കുന്നു.

കീടനാശിനിയും സൂര്യനും പിന്നെ മൈക്രോവേവും

കാൻസറുണ്ടാക്കുന്നവയെന്ന ലിസ്റ്റിൽ സ്ഥിരം കാണുന്നവയാണ് അച്ചാറിലും ടിൻ ഫുഡിലുമുളള പൂപ്പലിലെ അഫ്ളോടോക്സിൻ, ഉയര്‍ന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണം, അമിത ചൂടുളള ഭക്ഷണം, ഭക്ഷണത്തിലെ പ്രിസർവേറ്റീവുകൾ, കീടനാശിനി അംശം, എക്സ്–റേ പോലുളള റേ‍ഡിയേഷൻ, സൂര്യപ്രകാശം, പ്ലാസ്റ്റിക്, ഹെയർ ഡൈകൾ, പാരമ്പര്യം എന്നിവയൊക്കെ. ഇതിൽ അഫ്ളോടോക്സിനും റേഡിയേഷനുകളും സൂര്യപ്രകാശവും ഒക്കെ കാൻസർ ഉണ്ടാക്കാവുന്ന ഘടകങ്ങളായി (കാർസിനോജൻ) തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്കിലെ ചില ഘടകങ്ങളും ഹെയർ ഡൈയുമൊക്കെ കാൻസർ ഉണ്ടാക്കുന്നതായി ചില പഠനങ്ങളുണ്ട്. ഭക്ഷണത്തിലെ കീടനാശിനികൾ കാൻസറുണ്ടാക്കും എന്നുറപ്പിച്ചു പറയാനുളള പഠനങ്ങളില്ല. മൊബൈൽ ഫോൺ റേഡിയേഷന്റെ കാര്യത്തിലും ഇതാണവസ്ഥ. മൈക്രോവേവ് ഉപയോഗവും കാൻസറിനു കാരണമായി പറയുന്നുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവില്ല. ഗ്രില്ലിങ്ങും ബാർബിക്യൂവും പോലുളള പാചകരീതികളിൽ മാംസം വേവിക്കുമ്പോൾ കാർസിനോജനുകൾ ഉണ്ടാക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. മിനറൽ ഒായിലുകൾ കാൻസർ ഉണ്ടാക്കുമെന്ന പ്രചരണമാണ് മറ്റൊന്ന്. ഇവയെ കാർസിനോജനുകളുടെ ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട് എന്നതു സത്യമാണ്. ടാറ്റൂയിങ് പോലുളളവയും പുളിപ്പിച്ച ഭക്ഷണവും കാൻസറുണ്ടാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നു വേണം കരുതാൻ.

അനാവശ്യ ഭീതി വേണോ?

ദിവസവും ഇങ്ങനെയുളള പ്രചാരണങ്ങൾ കൂടിവരുകയാണ്. എന്നാൽ ഇങ്ങനെയൊരു കാൻസർ ഭീതിയുടെ കാര്യമുണ്ടോ? കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണത്തിൽ അപകടകരമായ വർധനയുണ്ടോ? കാൻസർ ഉണ്ടാക്കാൻ ഏറ്റവും സാധ്യതയുളള ഘടകങ്ങൾ ഏതൊക്കെയാണ്?

കാൻസർ രോഗികളുടെ കാര്യത്തിൽ വൻതോതിലുളള വർധനവൊന്നും ഇല്ലായെന്നു തന്നെയാണ് ആർസിസി മുൻ ഡയറക്ടർ ഡോ. എം കൃഷ്ണൻ നായരുടെ അഭിപ്രായം. ‘‘വികസിത രാജ്യങ്ങളിൽ ഒരു ലക്ഷം പേരിൽ 500–600 വരെ ആളുകൾക്ക് ഒാരോ വർഷവും രോഗം പിടിപെടുമ്പോൾ നമ്മുടെ ഇടയിൽ അത് 130 ആളുകൾക്ക് മാത്രമാണ് ഉണ്ടാകുന്നത്.’’ അദ്ദേഹം പറയുന്നു.

എങ്കിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ പൊടുന്നനെ അനുഭവപ്പെടുന്ന വർധനവിനുളള കാരണങ്ങളെന്താകാം? രണ്ട് കാരണങ്ങളാണ് തലശ്ശേരി മലബാർ കാൻസർ സെന്ററിന്റെ ഡയറക്ടർ ഡോ. ബി സതീശൻ പറയുന്നത്. കാൻസറിനെ കുറച്ച് ആളുകൾക്ക് ഇന്നു നല്ല ധാരണയുണ്ട്. അതുകൊണ്ട് കൂടുതൽ പേരിൽ രോഗനിർണയവും ചികിത്സയും നടക്കുന്നു. രണ്ട്, കേരളത്തിൽ കാൻസറിനു മികച്ച ചികിത്സ ഇന്നു ലഭ്യമാണ്. അതുകൊണ്ട് ആളുകൾ ചികിത്സ തേടി നമ്മുടെ തന്നെ ആശുപത്രികളിലെത്തുന്നു.

ആയുർദൈർഘ്യം കൂടിയതും കാരണമായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. പ്രോസ്റ്റേറ്റ് പോലെ പ്രായമേറുമ്പോൾ വരുന്ന അർബുദങ്ങളുടെ കാര്യത്തിൽ ഇതു പ്രസക്തമാണ്.

എന്നാൽ ശാസ്ത്രീയ പ്രതിരോധത്തിന്റെ കാര്യം വരുമ്പോൾ ഊഹാപോഹങ്ങൾ പോരാ, ഉറപ്പായ കാരണങ്ങൾ തന്നെ വേണം. കാൻസറെന്നു പറയുന്നത് ഒരു കൂട്ടം രോഗങ്ങളാണ്. ഒരോ കാൻസറിന്റേയും കാരണം വ്യത്യസ്തമാണ്. കേരളത്തിൽ ഇപ്പോൾ കാൻസറിനു കാരണമാകുന്നുവെന്ന് ഉറപ്പിച്ചു പറയാവുന്ന ഘടകങ്ങൾ ഏതൊക്കെയാണ്? ഈ ചോദ്യത്തിന് കേരളത്തിലെ പ്രമുഖ കാൻസർ ചികിത്സകർ നൽകിയ അഞ്ചു കാരണങ്ങൾ ഏറെക്കുറെ സമാനങ്ങളാണ്. ഏറെ കാലമായി കാൻസർ ഭീഷണി ഉയർത്തുന്നവയും എന്നാൽ നമ്മൾ പൂർണ്ണമായി ഉപേക്ഷിക്കാൻ തയാറാകാത്തതുമായ ചില കാരണങ്ങൾ. അവ ഏതൊക്കെയെന്നു നോക്കാം.

പുകവലി ഒന്നാം സ്ഥാനത്ത്

ലാൻസറ്റ് ഒാങ്കോളജിയിൽ വന്ന പഠനം പറയുന്നത് ഇന്ത്യയിൽ നടക്കുന്ന കാൻസർ മരണങ്ങളിൽ അഞ്ചിൽ മൂന്നിന്റെയും കാരണം പുകയില ഉപയോഗമാണെന്നാണ്. നേരിട്ടുളള പുകവലി മാത്രമല്ല പുകയേറ്റുളള നിഷ്ക്രിയ പുകവലിയും അപകടം തന്നെ.

പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു കേട്ടിട്ടും മലയാളികളുടെ പുകവലി ശീലത്തിൽ വലിയ കുറവൊന്നും വന്നിട്ടില്ലെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 2014–ൽ ടുബാക്കോ നാഷനൽ ‍ഡ്രഗ് ഡിപ്പൻഡൻസ് ട്രീറ്റ്മെന്റ് സെന്ററും ഒാൾ ഇന്ത്യ മെഡിക്കൽ സയൻസസും ചേർന്നു നടത്തിയ പഠനത്തിൽ 74 ശതമാനം കുട്ടികളും പുകയില ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തി. 2010 ൽ നടന്ന ഗ്ലോബൽ അടൽറ്റ് ടുബാക്കോ സർവേ പറയുന്നത്. കേരളത്തിലെ പുരുഷന്മാരിൽ 35.5 ശതമാനം പേരും സ്ത്രീകളിൽ 8.5 ശതമാനം പേരും ഏതെങ്കിലും രീതിയിൽ പുകയില ഉപയോഗിക്കുന്നുണ്ടെന്നാണ്. 95 ശതമാനം പേരും ഇത് മാരകമായ രോഗകാരണമാണെന്ന് അറിഞ്ഞുകൊണ്ടാണ് വലിക്കുന്നതും.

ഏതാണ്ട് 7000 രാസവസ്തുക്കളാണി ബീഡിപ്പുകയിലും സിഗരറ്റുപുകയിലുമുളളത്. അവയിൽ 70 ഒാളം എണ്ണം കാൻസർ അപകടസാധ്യതയുളളവയെന്ന് തെളിഞ്ഞിട്ടുളളവയാണ്. നിക്കോട്ടിൻ, സയനൈഡ്, ബെൻസീൻ, ഫോർമാൽ ഡിഹൈഡ്, മെതനോൾ, അസെറ്റിലിൻ, അമ്മോണിയ എന്നിങ്ങനെയുളള മാരകവിഷങ്ങളാണ് ധൂമപാനത്തിലൂടെ ഉളളിലെത്തുന്നത്. സിഗരറ്റിനെ അപേക്ഷിച്ച് ബീഡി കൂടുതൽ അപകടകാരിയാണ്. നിക്കോട്ടിന്റെ അളവു കൂടിയതിനാൽ അഡിക്ഷനും കൂടുതലായിരിക്കും. പുക ഉളളിലേക്ക് വലിച്ചുകയറ്റുമ്പോൾ ഈ വിഷങ്ങളും നേരെ രക്തത്തിലെത്തും . അവിടെ നിന്ന് ഒാരോ അവയവങ്ങളിലേക്ക്. നിക്കോട്ടിൻ, ഡോപമിൻ എന്ന ആനന്ദദായക ഹോർമോണിന്റെ പ്രവർത്തനത്തിനു സമാനമായി പ്രവർത്തിച്ച് വ്യാജമായ ഒരു ആനന്ദലഹരി നൽകും. ഒന്നണയുമ്പോൾ അടുത്തതു കത്തിക്കാനുളള ആസക്തിയും സൃഷ്ടിക്കും. അതുകൊണ്ടാണ് പുകവലി നിർത്താൻ പറ്റാതെ വരുന്നത്. പുകവലി പഴകുംതോറും അടിഞ്ഞുകൂടുന്ന വിഷങ്ങളുടെ അളവു കൂടും, അവയെല്ലാം ചേർന്ന് ശ്വാസകോശത്തിൽ അർബുദത്തിനു കാരണമാകും. ആർസിസിയിലെ 2011–ലെ കണക്കനുസരിച്ച് പുരുഷന്മാരിൽ വരുന്ന അർബുദങ്ങളിൽ 42.6 ശതമാനത്തിനും കാരണം പുകവലിയാണ്.

ശ്വാസകോശാർബുദം ആരംഭത്തിലേ കണ്ടുപിടിക്കാൻ ഫലപ്രദമായ സംവിധാനങ്ങളില്ല. കഫം പരിശോധനയും എക്സ്–റേ പരിശോധനയും ഇക്കാര്യത്തിൽ ഫലപ്രദമല്ല. പുകവലി നിർത്തുക മാത്രമാണ് കാൻസർ സാധ്യത കുറയ്ക്കാനുളള ഏക മാർഗം. പുകയില ഉപയോഗത്തിന്റെ പ്രായം ചെറുതായതിനാൽ പ്രതിരോധം കുട്ടികളിലേ തുടങ്ങണം.

പാനും മുറുക്കാനും

പുകവലി അല്ലാതുളള പുകയില ഉപയോഗവും മാരകം തന്നെ. ഇന്ത്യയിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഒാൺ കാൻസർ സുഗന്ധമുളള പാക്കിനെ കാർസിനോജനുകളുടെ ഗ്രൂപ്പിൽ പെടുത്തിയിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ പറയുന്നത് പുകയിലയുടെ കൂടെ ആണെങ്കിലും അല്ലെങ്കിലും പാനും (ബീറ്റൽ ക്വിഡ്) സുഗന്ധപാക്കുമൊക്കെ (അരീക്ക നട്ട്) കാൻസർ സാധ്യത കൂട്ടുന്നുവെന്നാണ്. ഇവ കാൻസറിനു മുന്നോടിയായുളള വ്രണങ്ങൾ ഉണ്ടാക്കുന്നുവെന്നും കാണുന്നു. വായിൽ അർബുദം പ്രത്യക്ഷമാകാൻ ഏതാണ്ട് 10 വർഷത്തിലേറെ എടുക്കും. അതിനാൽ വലിയൊരു ഭീഷണി നമ്മെ കാത്തിരിപ്പുണ്ടെന്നു വേണം കരുതാൻ.

കൊഴുപ്പുളള ഭക്ഷണം

നമ്മുടെ നാട്ടിൽ ഏതാണ്ട് 5–7 ശതമാനം കാൻസറുകൾക്കും പിന്നിൽ തെറ്റായ ഭക്ഷണ രീതിയാണ്. പാശ്ചാത്യരാജ്യങ്ങളിൽ ഭക്ഷണക്രമത്തിലെ തകരാറുകളാണ് 20 ശതമാനം കാൻസറുകളും ഉണ്ടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അവിടെ പ്രധാന പ്രതികൾ ഉയർന്ന തോതിൽ കൊഴുപ്പുളള ഭക്ഷണങ്ങളും മാംസവിഭവങ്ങളും ആണ്. ഒാരോ 100 കാൻസറുകളിൽ മൂന്നെണ്ണത്തിനും കാരണം ചുവന്ന മാംസത്തിന്റേയും സംസ്കരിച്ച ഭക്ഷണത്തിന്റെയും അമിത ഉപയോഗമാണെന്നു ലണ്ടനിൽ നടന്ന പഠനം പറയുന്നു. നമ്മളും ഇന്ന് ആ വഴിയേയാണ് പോകുന്നത്. പലർക്കും മാംസവിഭവങ്ങൾ ഒഴിവാക്കാനേ പ്രയാസമാണ്. മാത്രമല്ല കൊഴുപ്പും എണ്ണയുമേറിയ ഭക്ഷണങ്ങളുടെ(സംസ്കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ) ഉപയോഗവും വർധിച്ചു. ഇന്ത്യയിലേറ്റവും കൂടുതൽ മാംസാഹാര ഉപഭോഗമുളള സംസ്ഥാനം കേരളമാണെന്നാണ് പറയുന്നത്.

അമിത മാംസ ഉപയോഗത്തിലൂടെയും കൊഴുപ്പു തീറ്റയിലൂടെയും ഉളളിലെത്തുന്ന കാലറിയാണ് പ്രധാന പ്രശ്നം. കൊഴുപ്പാണല്ലോ കാലറിയുടെ പ്രധാന ഉറവിടം. അമിതമായി ശരീരത്തിലെത്തുന്ന കാലറി ശരീരഭാരം വർധിക്കാൻ ഇടയാക്കും. ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അമിതഗാഢതയ്ക്കും കാരണമാകും.

ഉയർന്ന കൊഴുപ്പ് സ്തനാർബുദസാധ്യത വർധിപ്പിക്കാം. പ്രത്യേകിച്ച് അമിതഭാരമുളള ആർത്തവ വിരാമമെത്തിയ സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂടുതലാണ്. ചുവന്ന മാംസവും സ്തനാര്‍ബുദ സാധ്യത വർധിപ്പിക്കുന്നുവെന്ന് ഗവേഷണങ്ങളുണ്ട്.

സസ്യഭക്ഷണത്തിൽ കൊഴുപ്പ് നന്നേ കുറവാണ്. അതിനർഥം സസ്യഭക്ഷണം കഴിച്ചാൽ കാൻസർ വരില്ല എന്നല്ല. കാൻസർ വരാനുളള സാധ്യത വലിയൊരളവു വരെ കുറയ്ക്കുമെന്നാണ്. ഭക്ഷണത്തിലൂടെയെത്തുന്ന കൊഴുപ്പിന്റെ കാര്യത്തിലും നിയന്ത്രണം വേണം. ദിവസം 30 ഗ്രാമിലധികം കൊഴുപ്പ് കഴിക്കരുത്. ശരീരത്തിലെത്തുന്ന ആകെ കാലറിയുടെ 10 ശതമാനം മാത്രമേ പൂരിത കൊഴുപ്പിൽ നിന്നുളളതാകാവൂ. കുക്കികള്‍, സ്നാക്കുകള്‍, പേസ്റ്റുകൾ എന്നിവയിൽ ട്രാൻസ്ഫാറ്റ് കൂടുതലാണ്. അവയും ഒഴിവാക്കണം.

വ്യായാമമില്ലെങ്കിൽ

ഏതാണ്ട് 20 ശതമാനം കാൻസറുകൾക്കും പിന്നിൽ കായികപ്രവർത്തനങ്ങളുടെ അഭാവമാണ്. ഫിസിക്കൽ ആക്റ്റിവിറ്റി അഥവാ കായികമായ പ്രവർത്തനങ്ങൾ കാൻസർ സാധ്യത കുറയ്ക്കുന്നതായി നിരീക്ഷണങ്ങളുണ്ട്. എങ്ങനെയെന്നതിന് അനുമാനങ്ങൾ പലതാണ്. അമിതവണ്ണം കുറയ്ക്കുന്നതാകാം കാരണം. ശരീരത്തിലെ ഊർജവിനിമയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതോ ഈസ്ട്രജൻ ഹോർമോണിന്റെയും ഇൻസുലിൻ പോലുളള വളർച്ചാഹോർമോണുകളുടേയും ശരീരത്തിലെ വ്യാപനം മെച്ചമാക്കുന്നതോ ആകാം. എന്തായാലും സ്തനാർബുദം, കുടൽ കാൻസർ, എൻഡോമെട്രിയൽ ആവരണത്തിനുളള കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, അണ്ഡാശയ കാൻസർ എന്നിങ്ങനെ വിവിധ കാൻസറുകൾക്കുളള അപകടസാധ്യത കുറയ്ക്കാം. പ്രവർത്തന നിരതമായ ജീവിതത്തിലൂടെ. മുതിർന്നവരിൽ മിതമായ തീവ്രതയിലുളള 150 മിനിറ്റുളള വ്യായാമമോ അതി തീവ്രതയിലുളള 75 മിനിറ്റ് വ്യായാമമോ കാൻസർ സാധ്യത കുറയ്ക്കുനന്തായി അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നു.

അണുബാധകൾ

കരൾ കാൻസറുകളുടെയും ഗർഭാശയഗള കാൻസറിന്റെയും പ്രധാനകാരണമാണ് അണുബാധകൾ. ചില വൈറൽ അണുബാധകൾ കാൻസറിന് സാഹചര്യങ്ങളൊരുക്കാം. എച്ച്പിവി അണുബാധകളാണ് ഇതിൽ പ്രധാനം. എച്ച്പിവി വൈറസുകൾ ആയിരക്കണക്കിനുണ്ട്. ഇവയെല്ലാം കാൻസർ ഉണ്ടാക്കുന്നില്ല. എച്ച്പിവി 16 മുതൽ 18 വരെയുളള സറ്റെയിനുകൾ ഗർഭാശയഗള കാന്‍സർ വരാൻ കാരണമാകുന്നുണ്ട്. എച്ച്പിവി 33–35 വൈറസ് സ്റ്റെയിനുകൾ തലയിലും കഴുത്തിന്റെ ഭാഗങ്ങളിലും കാൻസർ ഉണ്ടാകാൻ കാരണമാകുന്നു. കരളിനുണ്ടാകുന്ന കാൻസറിന്റെ പ്രധാന കാരണവും വൈറൽ അണുബാധയാണ്. ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധ കരളിൽ കാൻസറിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതായി കാണുന്നു. പഴകിയ ഭക്ഷണം മൂലമൊക്കെ ഉണ്ടാകാവുന്ന ഹെലിക്കോബാക്റ്റർ പൈലോറി എന്ന അണുബാധ ആമാശയ കാൻസറിനു കാരണമാകാറുണ്ട്.

രാസവസ്തുക്കൾ

അഞ്ചു ശതമാനത്തോളം കാന്‍സറുകൾക്കു കാരണം രാസപദാർഥങ്ങളുമായുളള സമ്പർക്കമാണ്. ദൈനംദിന ജീവിതത്തിൽ ഏതെങ്കിലുമൊക്കെ തരത്തിൽ രാസപദാർഥങ്ങളുമായി ഇടപഴകേണ്ടി വരാറുണ്ട്. ഇവയിൽ ചിലത് കാൻസറിനു കാരണമാകുന്നവയാണ്. ഉദാഹരണത്തിന് റോഡുപണിക്കുപയോഗിക്കുന്ന ബിറ്റ്യുബൻ, പെട്രോളിലെ ഹൈഡ്രോകാർബണുകൾ, വസ്ത്രങ്ങൾക്ക് നിറം കൊടുക്കാനുപയോഗിക്കുന്ന ഡൈകൾ, പെയിന്റിലെ വിനൈൽ ക്ലോറൈഡ്, ആർസനിക്, അസ്ബെസ്റ്റോസ്, ബെൻസീൻ എന്നിവ ഉദാഹരണം. ഇവയുടെ ഉപയോഗ കാലയളവും സമ്പർക്കത്തിലേർപ്പെട്ട രീതിയും ഒക്കെ അനുസരിച്ച് കാൻസർ സാധ്യത വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാനമായും മൂത്രാശയ–കുടൽ കാൻസറുകൾക്കാണ് ഇവ കാരണമാകുന്നത്.

കാൻസർ ചികിത്സാരംഗത്ത് വർഷങ്ങളുടെ പരിചയമുളള ഡോ. എം കൃഷ്ണൻ നായരുടെ അഭിപ്രായമാകട്ടെ അടിക്കുറിപ്പ്.

‘ആനയെ കണ്ട അന്ധന്മാരുടെ സ്ഥിതി ആകരുത് നമ്മുടേത്. ചെറിയ ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാൻസറുമായി ചേർത്തു വായിക്കുന്നവർ പുകവലി പോലെ വർഷങ്ങളായി നിലനിൽക്കുന്ന പ്രത്യേക ഭീഷണികളെ അവഗണിക്കരുത്. അവിടെ നിന്നു വേണം യഥാർഥ കാൻസർ പ്രതിരോധം തുടങ്ങേണ്ടത്.’

Your Rating: