Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിനെ സൂക്ഷിക്കുക; ആശങ്ക ഉളവാക്കി പഠനം

cancer

സ്്ത്രീകളിലുണ്ടാകുന്ന തൈറോയിഡ് കാൻസറിലും പുരുഷന്മാരിൽ വൃക്കകളിലെ കാൻസറിലും തിരുവനന്തപുരം ജില്ല ദേശിയ തലത്തിൽ രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചിന്റെ (ഐസിഎംആർ) ജനസംഖ്യാടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ. ജനസംഖ്യാടിസ്ഥാനത്തിൽ തയാറാക്കിയ കാൻസർ റജിസ്ട്രിയിൽ (പിബിസിആർ) ഒരു ലക്ഷത്തിൽ 13.3 പേർക്കു തൈറോയ്ഡ് കാൻസർ കാണപ്പെടുന്നു എന്നാണു കണക്ക്. തിരുവനന്തപുരം ജില്ലയിലെ പുരുഷന്മാരിലെ വൃക്കയിലെ കാൻസർ നിരക്ക് 2.8 ആണ്. അതായത് ഒരു ലക്ഷത്തിൽ 2.8 പേർക്കു വൃക്കയിലെ കാൻസർ കാണപ്പെടുന്നു.

സ്ത്രീകളിലെ തൈറോയിഡ് കാന്‍സർ നിരക്കിൽ കൊല്ലം ജില്ലയാണു രാജ്യത്തു മൂന്നാം സ്ഥാനത്ത്. ഒരു ലക്ഷത്തിൽ 12 പേർക്കാണു തൈറോയ്ഡ് കാൻസർ കാണപ്പെടുന്നത്. അരുണാചൽ പ്രദേശിലെ പോംപംപരൈ ജില്ലയാണ് തൈറോയ്ഡ് കാൻസർ നിരക്കിൽ രാജ്യത്ത് ഒന്നാമത്. രാജ്യത്തൊട്ടാകെ 27 ജില്ലാ/മേഖലാ അടിസ്ഥാനത്തിൽ പഠനം നടത്തിയാണു ഐസിഎംആർ റജിസ്ട്രി പുറത്തിറക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നു തിരുവനന്തപുരം, കൊല്ലം ജില്ലകളെയാണു പഠനത്തിൽ ഉൾപ്പെടുത്തിയത്.
രണ്ടു തരത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഐസിഎംആർ പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ അടങ്ങിയ ആശുപത്രി റജിസ്ട്രിയും ജനസംഖ്യാടിസ്ഥാനത്തിൽ തയാറാക്കിയ കാൻസർ റജിസ്ട്രിയുമാണു ഐസിഎംആർ തയാറാക്കിയിരിക്കുന്നത്. തിരുവനനന്തപുരം റീജനൽ കാൻസർ സെന്റർ, തലശേരി മലബാർ കാൻസർ സെന്റർ, കൊച്ചി അമൃത ആശുപത്രി, കോട്ടയം കാരിത്താസ് ആശുപത്രി എന്നിവയാണു പഠനത്തിൽ ഉൾക്കൊള്ളിച്ചിരുന്ന കേരളത്തിൽ നിന്നുള്ള ആശുപത്രികൾ.

ഗർഭപാത്രത്തെ ബാധിക്കുന്ന കാൻസർ, സ്തനാർബുദം എന്നിവയിലും തിരുവനന്തപുരം ജില്ല ദേശിയ തലത്തിൽ മുന്നിൽ നിൽക്കുന്നത് ആശങ്കയുണർത്തുന്നു. സ്തനാർബുദത്തിൽ 33.7 ഇൻഡെക്സുമായി തിരുവനനന്തപുരം നാലാം സ്ഥാനത്താണ്. ഡൽഹിയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഒരു ലക്ഷം പേരിൽ 41 പേർക്ക്. ചെന്നൈ (37.9) ബെംഗളൂരു (34.4) എന്നീ പ്രദേശങ്ങൾ തിരുവനന്തപുരത്തിനു മുന്നിൽ നില്‍ക്കുന്നു. കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസർ ബാധ സ്തനാർബുദമാണെന്നു തിരുവനന്തപുരം റീജനൽ കാന്‍സർ സെന്ററിലെ പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗർഭ പാത്രത്തെ ബാധിക്കുന്ന കാൻസർ ബാധയിൽ തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തെന്നാണു പഠനം പറയുന്നത്. ഒരു ലക്ഷത്തിൽ 5.1 പേർക്കാണു തിരുവനനന്തപുരത്ത് ഗർഭാശയ കാൻസർ ഉള്ളത്. ചെന്നൈ (6), ഡൽഹി (5.5) എന്നീ പ്രദേശങ്ങളാണു തിരുവനന്തപുരത്തിനു മുന്നിലുള്ളത്.

പുരുഷന്മാരിൽ മൂത്രാശയത്തെ ബാധിക്കുന്ന കാൻസറിലും തിരുവനന്തപുരം ദേശിയ തലത്തിൽ രണ്ടാം സ്ഥാനത്താണ്. കേരളത്തിലെ വളരെ ചെറിയ പ്രദേശത്തു മാത്രം നടത്തിയ പഠനത്തിൽ ഇത്രയധികം ആശങ്കയുണർത്തുന്ന വിവരങ്ങൾ ഉള്ളപ്പോൾ കേരളം ഒട്ടാകെയുള്ള പഠനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കാൻസർ നിരക്ക് ഉയരുന്നതിന്റെ സൂചനയായും ഇതു വിലയിരുത്തപ്പെടുന്നു.  

Your Rating: