Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദ നിർണയം ഇനി വീട്ടിൽവച്ചും

cancer

പ്രഗ്നൻസി ടെസ്റ്റും ബ്ലഡ് ഷുഗർ ടെസ്റ്റും വീട്ടിൽവച്ച് സ്വയം ചെയ്യാറില്ലേ, അതുപോലെ ഇനി നിങ്ങൾക്ക് അർബുദം ഉണ്ടോ എന്നും പരിശോധിക്കാവുന്ന കാലം വിദൂരമല്ല. ഓഹിയോ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ അർബുദം ഉൾപ്പടെയുള്ള രോഗങ്ങൾ നിർണയിക്കാനുള്ള പേപ്പർസ്ട്രിപ്പ് വികസിപ്പിച്ചു.

വീട്ടിലിരുന്ന് ഒരു തുള്ളി രക്തം പേപ്പർസ്ട്രിപ്പിലേക്ക് ഇറ്റിച്ചശേഷം അത് ലാബിലേക്ക് അയയ്ക്കാം. ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ മാത്രം ഡോക്ടറെ കണ്ടാൽ മതി. രക്തസാമ്പിൾ എടുത്ത് ഒരു മാസത്തിനുശേഷവും പരിശോധനാഫലം കൃത്യമായിരിക്കുമെന്നും നിരീക്ഷണത്തിൽ കണ്ടു. നഗരങ്ങളിൽനിന്ന് അകലെ താമസിക്കുന്നവർക്കായിരിക്കും ഇത് ഏറെ ഗുണം ചെയ്യുക.

ആഫ്രിക്കയുടെ ഉൾപ്രദേശങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകൾ മലേറിയ മൂലം മരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സ്ട്രിപ്പിനെക്കുറിച്ച് ഗവേഷകർ ചിന്തിച്ചത്. ഇവിടെയുള്ള ആളുകൾക്ക് കുറഞ്ഞ ചെലവിൽ രോഗനിർണയം സാധ്യമാക്കുന്നതിനു വേണ്ടിയാണ് ഗവേഷകനായ ഏബ്രഹാം ബദു താവിയ ഇത്തരം പേപ്പർസ്ട്രിപ്പുകൾ വികസിപ്പിച്ചത്. വൻകുടലിലെ അർബുദം, ഗർഭാശയ കാൻസർ എന്നിവയുൾപ്പടെ, മനുഷ്യശരീരം ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്ന ഏതു രോഗവും നിർണയിക്കാൻ ഈ ടെസ്റ്റിനു കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

വൈദ്യസഹായം അപ്രാപ്യമായ മേഖലകളിലുള്ള ആളുകൾക്കും പതിവായി ഡോകടറെ കാണാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തവർക്കും ഇത് വളരെയധികം പ്രയോജനപ്പെടും. ഈ സാങ്കേതികവിദ്യയുടെ പേറ്റന്റിന് അപേക്ഷിച്ചതായും താവിയ പറഞ്ഞു.

ഇന്ന് നിലവിലുള്ള ലാബ് ഓൺ ചിപ്പ് സാങ്കേതികവിദ്യയുമായി ഇതിനു സാദൃശ്യമുണ്ടെങ്കിലും പ്ലാസ്റ്റിക്കിനു പകരം സാധാരണ വെള്ളപേപ്പർ ഉപയോഗിച്ചാണ് ചിപ്പ് നിർമിച്ചിരിക്കുന്നത്. ഇരുവശവും ഒട്ടുന്ന ടേപ്പ് ഉപയോഗിച്ച് രണ്ടു പേപ്പർ ചേർത്തുവച്ചിരിക്കുന്നു. സാധാരണ മഷിക്കു പകരം വാക്സ് ഇങ്കാണ് ഈ പേപ്പറിൽ ഉപയോഗിച്ചിരിക്കുന്നത്.. ഇതൊരു വാട്ടർപ്രൂഫ് ബാരിയറായി പ്രവർത്തിക്കും. 8.5 മുതൽ 11 ഇഞ്ചു വരെയുള്ള പേപ്പർഷീറ്റ് ഉപയോഗിച്ച് പന്ത്രണ്ടോളം പേർക്ക് ടെസ്റ്റ് നടത്താനാകും. ഒരു തപാൽസ്റ്റാമ്പിനെക്കാൾ അൽപ്പംകൂടി വലുപ്പമുള്ള പേപ്പറുകളായി ഇതു മുറിക്കാനും സാധിക്കും.

ടെസ്റ്റ് നടത്തേണ്ട രീതി ഇങ്ങനെയാണ്– ഒരുതുള്ളി രക്തം പേപ്പർസ്ട്രിപ്പിൽ ഇറ്റിക്കുക, തുടർന്ന് സ്ട്രിപ് രണ്ടായി മടക്കുക, ഒരു കവറിലിട്ട് ലാബിലേക്ക് അയയ്ക്കുക.

വീട്ടിൽ ചെയ്യാവുന്ന ഗർഭപരിശോധനയിൽനിന്നും മറ്റും വ്യത്യസ്തമാണ് ഈ പേപ്പർസ്ട്രിപ്പിന്റെ സാങ്കേതികവിദ്യ. എൻസൈമുകളോ സ്വർണത്തിന്റെ ചെറുതരികളോ ഉപയോഗിച്ച് നിറം മാറുന്നതാണ് അവയുടെ രീതി. എന്നാൽ ഈ പേപ്പറിൽ പോസിറ്റീവ് ചാർജ് വഹിക്കുന്ന സിന്തെറ്റിക് രാസപ്രോബുകൾ അടങ്ങിയിട്ടുണ്ട്. കൈയിൽ പിടിക്കാവുന്ന ഒരു സ്പെക്ട്രോ മീറ്റർ ഉപയോഗിച്ച് ഇതിലെ അയോണിക് പ്രോബുകൾ ഡിറ്റക്ട് ചെയ്യും.

മൂന്നു വർഷത്തിനുള്ളിൽ ഈ പേപ്പർസ്ട്രിപ് ഉപയോഗിച്ച് ക്ലിനിക്കൽ ടെസ്റ്റ് നടത്താനാവുമെന്നാണു പ്രതീക്ഷ. രക്തത്തിനു പകരം ഉമിനീരോ മൂത്രമോ ഉപയോഗിച്ചും ടെസ്റ്റ് നടത്താൻ സാധിക്കുമോ എന്നുള്ള പരീക്ഷണത്തിലാണ് താവിയയും സുഹൃത്തുക്കളും.

അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Your Rating: