Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ കഥയറിയാതെ കുരുന്നുകൾ

cancer-child Representative Image

പച്ചനിറമുള്ള ഒരു കളിപ്പാട്ടക്കാർ മെല്ലേ ഓടി വരുന്നതാണ് ആദ്യം കണ്ടത്. കാറിൽ ചരടു കെട്ടി വലിച്ച് തൊട്ടു പിന്നാലെയുണ്ട് ഒരു കുഞ്ഞുമൊട്ടത്തലയൻ . കാറോട്ടത്തിന്റെ ഹരത്തിലാണ് അവൻ. മാസ്ക് കെട്ടിമറച്ച മുഖത്ത് രണ്ടു കുസൃതിക്കണ്ണുകൾ മാത്രമേ കാണാനായുള്ളൂ. അവ മധുരമായി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.

കാറോടിക്കാൻ അവനു വലിയ ഇഷ്ടമാണ്. പിന്നെ ചിത്രങ്ങൾക്കു നിറങ്ങൾ നൽകാനും അഞ്ചുവയസ്സുകാരൻ അമലിനെ നെഞ്ചോടു ചേർത്ത് അമ്മ മിനി പറയുന്നു. (പേരുകൾ യഥാർഥമല്ല). കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയായ ഐ സി എച്ചിന്റെ കാൻസർ വാർഡിലാണ് അമലിനെയും മിനിയെയും കണ്ടത്. പറഞ്ഞുതീരാത്ത വേദനകൾ മിനിയുടെ വാക്കുകളിലൂടെനീളം വിതുമ്പി നിന്നു. എങ്കിലും പ്രതീക്ഷയോടെ മിനി ഒരു പാടു സംസാരിച്ചു. അമലിന്റെ കൊച്ചുകുസൃതികളേക്കുറിച്ച് ഇഷ്ടങ്ങളെക്കുറിച്ച് എല്ലാം.

കോട്ടയം സ്വദേശിയായ അമൽ കാൻസർ വാർഡിലെത്തിയിട്ട് രണ്ടു വർഷമാകുന്നതേയുള്ളൂ. നാലാം വയസിൽ പനിയും ചുമയും പതിവായപ്പോൾ ഡോക്ടറെ കാണിച്ചു. ആ രക്തപരിശോധനയിലാണ് കളിചിരിമാറാത്ത അവന്റെ ജീവിതത്തിനുമേൽ ലുക്കീമിയുടെ (രക്താർബുദം)കരിനിഴൽ പടരുകയാണെന്നറിഞ്ഞത്. പിന്നീടങ്ങോട്ട് മരുന്നു മണക്കുന്ന ഓർമകളേയുള്ളൂ മിനിക്ക്

കാത്തിരിക്കും ഞാൻ

ആറ്റുനോറ്റുണ്ടായ ഓമനക്കുഞ്ഞ്.അവൻ വളർന്നു തുടങ്ങിയതേയുള്ളൂ. ഒന്നാം ക്ലാസിന്റെ പടിക്കലെത്തിയപ്പോൾ ആശുപത്രിവാസവും തുടങ്ങി. മനസ്സുനുറുങ്ങിപ്പോയ ആ കഠിനകാലത്തെ ഓർമിച്ചപ്പോൾ മിനിയുടെ കണ്ണുനിറഞ്ഞുതുളുമ്പി. തന്റെ കുഞ്ഞിനുവേണ്ടി സങ്കടങ്ങളിൽ തകർന്നു പോകാതിരിക്കാൻ താൻ ശ്രമിക്കുകയാണെന്ന് മിനി പറഞ്ഞു.

ചികിത്സ തുടങ്ങി ആറുമാസം കഴിഞ്ഞപ്പോൾ ഞങ്ങൾ കുഞ്ഞിനെയും കൊണ്ടു വീട്ടിൽ പോയി. മുമ്പൊക്കെ മോന് നല്ല ക്ഷീണവും വിളർച്ചയുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ നല്ല കുറവുണ്ട്. ഞങ്ങളുടെ പ്രാർഥന ദൈവം കേൾക്കുന്നുവെന്ന് തോന്നുന്നുണ്ട് ഇപ്പോൾ. രക്തത്തിലെ കൗണ്ട് നന്നായി കുറഞ്ഞു നല്ല മാറ്റമുണ്ട്. വേവിച്ച ആഹാരം മാത്രമേ നൽകാറുള്ളൂ. ഫാസ്റ്റ്ഫുഡ് പോലെ പുറത്തു നിന്നുള്ള ആഹാരം ഒഴിവാക്കണം. അങ്ങനെ ചില ചിട്ടകൾ പാലിക്കുന്നുണ്ട്

പഠിച്ചു വല്യ ആളാകണം

ഒന്നാംക്ലാസിൽ ചേർത്തു കഴിഞ്ഞാണ് അമലിന് രോഗമാണെന്നറിഞ്ഞത്. സ്കൂളിൽ പോകണം, പഠിക്കണം എന്നെല്ലാം അവന് ആഗ്രഹമുണ്ട്. അതിനു പറ്റില്ലല്ലോ. അതുകൊണ്ട് ഇവിടെ ഞാൻ അക്ഷരങ്ങളൊക്കെ പഠിപ്പിക്കുന്നുണ്ട്. പഠിക്കാൻ നല്ല ഇഷ്ടമാണ്. ധാരാളം കഥകളും പറഞ്ഞുകൊടുക്കും.

മൗത്ത് വാഷ് ഉപയോഗിച്ച് വായ് എന്നും വൃത്തിയാക്കണം. ദിവസവും ചൂടുവെള്ളത്തിൽ കുളിപ്പിക്കണം. അമ്മയും കുഞ്ഞും എപ്പോഴും നല്ല വൃത്തിയായിരിക്കണം. കുട്ടി കിടക്കുന്ന മുറിക്കും നല്ല വൃത്തി വേണം .അണുബാധയും മറ്റുമൊഴിവാക്കാൻ സന്ദർശകരെ അകത്തു കടത്തില്ല. അവർക്കു ദൂരെ നിന്നു കാണാം മിനി പറയുന്നു.

ഞങ്ങൾ ഒരുപാടു പ്രാർഥിച്ചു . പിന്നെ കുടുംബാംഗങ്ങളെല്ലാം ഏറെ ധൈര്യം നൽകി. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നു. എന്നാൽ കാൻസർ സുരക്ഷാപദ്ധതിയിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്. ഒരു പ്രാർഥന മാത്രമേയുള്ളൂ. എന്റെ മോനു പെട്ടെന്നു സുഖമാകണേ എന്ന്. എനിക്കതു മാത്രം മതി. മിനി പറഞ്ഞു നിർത്തി. അപ്പോഴേക്കും പച്ചനിറമുള്ള ആ കുഞ്ഞിക്കാറിനു പിന്നാലേ അമൽ ഓടിത്തുടങ്ങിയിരുന്നു. ഇടയ്ക്ക് അവിടെയുള്ള അക്വേറിയത്തിന്റെ ചില്ലുവാതിലിൽ മുഖം ചേർത്ത് വർണമത്സ്യങ്ങളോട് എന്തൊക്കെയോ കൊഞ്ചുന്നു. വീണ്ടു കഥ കേൾക്കാൻ അമ്മയുടെ മടിയിലേക്ക്.

വാർഡിനു പുതിയ മുഖം

കോട്ടയത്ത് ഐ സി എച്ചി(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്) ലെ കുട്ടികളുടെ കാൻസർ വാർഡിനു തികച്ചും പുതിയമുഖമാണ്. ഏറെ നിശ്ശബ്ദമായ വാർഡ്. തങ്ങളുടെ രോഗമെന്തെന്നറിയാത്ത ചില കുസൃതികൾ മുഖം നിറയെ ചിരിയുമായി ഓടി നടപ്പുണ്ട്. അവരെത്തന്നെ ഉറ്റുനോക്കിയിരിക്കുന്ന കുറെ പാവം അമ്മമാരും 2005 ലാണ് ഐ സി എച്ചിൽ ഈ പുതിയ വാർഡിന്റെ ഉദ്ഘാടനം നടന്നത്. സ്വകാര്യവ്യക്തിയും ഒരു ലിമിററഡ് കമ്പനിയും ഗവൺമെന്റുമാണിതിന്റെ സ്പോൺസർമാർ.

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം കോട്ടയം എന്നിവിടങ്ങളിൽ നിന്നായി 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളാണിവിടെയുള്ളത്. ഭൂരിഭാഗം കുട്ടികളും രക്താർബുധത്തിനു ചികിത്സ തേടുന്നവരാണ്.

പരിശോധനകൾക്കു സൗകര്യം

സിഡി മാർക്കേഴ്സ്, സിടി സ്കാനിങ്, അൾട്രാസൗണ്ട് എന്നിങ്ങനെ ഐസിഎച്ചിന്റെ ലാബിൽ തന്നെ മിക്ക ടെസ്റ്റുകളും ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്, 3,500 രൂപ ചെലവുള്ള സി ഡി മാർക്കർ പരിശോധന സൗജന്യമായാണു ചെയ്യുന്നത്. കാൻസർ സുരക്ഷാപദ്ധതിയുടെ ഭാഗമായുള്ള ചികിത്സാസഹായം ഈ കുട്ടികൾക്കു ലഭിക്കുന്നുണ്ട്. ആഹാരവും സൗജന്യമായാണു നൽകുന്നത്. നവജീവൻ എന്ന ജീവകാരുണ്യ പ്രസ്ഥാനമാണ് ഇവർക്ക് ആഹാരം നൽകുന്നത്.

അണുബാധ തടയുന്നതിനായി ഓരോ കുട്ടിക്കും ഓരോ മുറി നൽകിയിരിക്കുകയാണ്. മുറികൾ ബാത്റും അറ്റാച്ഡ് ആണ്. കുട്ടികളുടെ സുരക്ഷയെയും സ്വകാര്യതയെയും കരുതി സന്ദർശകരെ അനുവദിക്കുന്നില്ല.

കൂട്ടായ്മകളിൽ നിറയുന്ന ഊർജം

ഒരേ രോഗമുള്ള കുറേ കുട്ടികൾ. അവർ ഒന്നിച്ചു ചേരുമ്പോൾ നോവുകൾക്കിടയിലും അവിടെ കൂട്ടായ്മയുടെ ഊർജം നിറയുന്നുണ്ട്. ഒരാൾ സുഖമായി ആശുപത്രി വിടുമ്പോൾ മറ്റു കുട്ടികളിലേയ്ക്കും ആ ഊർജം മെല്ലെ പടർന്നെത്തുന്നു. പുതിയ പ്രതീക്ഷകൾ വളരുന്നു. കുട്ടികൾക്കു കളിചിരികൾ പങ്കിടാൻ വാർഡിൽ റിക്രീയേഷൻ റൂമും ഉണ്ട്. മാനസികോല്ലാസത്തിനു ടിവിയും സജ്ജീകരിച്ചിരിക്കുന്നു. ചികിത്സ കഴിഞ്ഞു സുഖമാകുന്ന മുതിർന്ന കുട്ടികൾ ഈ രോഗത്തെക്കുറിച്ചു ബോധവൽക്കരണം നൽകാനും തയാറാകുന്നുണ്ട്.

കുട്ടികളിൽ അർബുദം കൂടുന്നോ?

കേരളത്തിലെ കുട്ടികളിൽ അർബുദം കൂടുന്നതായി ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കേരളത്തിലെ കുട്ടികളിൽ അർബുദം കൂടുന്നു എന്ന് ഉറപ്പിച്ചു പറയണമെങ്കിൽ വ്യക്തമായ പഠനരേഖകളും തെളിവുകളും വേണം. കേരളത്തിലെ ജനസംഖ്യയെ ആധാരമാക്കി ഇത്തരമൊരു പഠനം ഇന്നോളം നടന്നിട്ടില്ല എന്നതാണ് വാസ്തവം . ഇക്കാര്യത്തിൽ ഗവൺമെന്റ് നടപടിയെടുക്കേണ്ടതാണ്.

റീജിയണൽ കാൻസർസെന്ററിൽ എത്തുന്ന കാൻസർ ബാധിതരായ കുട്ടികളിൽ രോഗം നേരത്തെ തിരിച്ചറിഞ്ഞു വരുന്നവരും മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്തു വരുന്നവരുമുണ്ട്.

കുട്ടികളിലെ കാൻസറുകൾ — ലക്ഷണങ്ങളും മുൻകരുതലുകളും

അക്യൂട്ട് ല്യുക്കീമിയ (30 ശതമാനം) ബ്രെയിൻട്യൂമർ (20 ശതമാനം), ലിംഫ്ഗ്രന്ഥികളെ ബാധിക്കുന്ന ലിംഫോമ (പത്തുശതമാനം) എന്നിവയാണ് ആർ സി സി യിലെത്തുന്ന കുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന അർബുദവിഭാഗങ്ങൾ. സിംപതെറ്റിക് നാഡീവ്യവസ്ഥയെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ, കിഡ്നിയെ ബാധിക്കുന്ന സോഫ്റ്റ് ടിഷ്യു സാർക്കോമ, അസ്ഥിയിലെ ട്യൂമറുകൾ എന്നിവയാണു ബാക്കിയുള്ളവ.

ല്യൂക്കീമിയയും ലിംഫോമയുമുള്ള കുട്ടികളെയാണു പ്രധാനമായും കിടത്തി ചികിത്സിക്കുന്നത്. ബാക്കികുട്ടികൾക്ക് ഔട്ട്പേഷ്യന്റ് വിഭാഗത്തിലാണെത്തുന്നത്. എന്നാൽ എന്തെങ്കിലും സങ്കീർണ പ്രശ്നങ്ങൾ വന്നാൽ ഇവരെയും അഡ്മിറ്റു ചെയ്യും. അക്യൂട്ട് ലിംഫാറ്റിക് ല്യുക്കീമിയ്ക്ക് രണ്ടരവർഷം തുടർചികിത്സ വേണം. ആദ്യത്തെ മൂന്നുനാലു മാസം തുടരെ മരുന്നു ചികിത്സയും വേണം. പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽ ചികിത്സ തുടരാം. ഈ രക്താർബുദമാണു കുട്ടികളിൽ ഏറെ സാധാരണമായി കാണുന്നത്. ഇതിനാണു സങ്കീർണതകൾ കൂടുതൽ .

അക്യൂട്ട് ലിംഫാറ്റിക് ല്യൂക്കീമിയ ഏറെക്കുറെ സുഖപ്പെടുമെന്നു പ്രതീക്ഷയുള്ള വിഭാഗമാണ്. ചികിത്സയിലൂടെ 60 ശതമാനത്തോളം പേരിൽ പൂർണസൗഖ്യവും നൽകാനാകും. അക്യൂട്ട് മൈ—ലോയ്ഡ് ല്യൂക്കീമിയയായണ് അടുത്ത വിഭാഗം . ഇതിന്റെ ചികിത്സ ബുദ്ധിമുട്ടാണ്. കുട്ടികളിൽ മൈലോയ്ഡ് രക്താർബുദം കുറവാണ്.

കുട്ടികളിലെ അർബുദം തിരിച്ചറിയാൻ ശ്രദ്ധേയമായ ലക്ഷണങ്ങളില്ല. എന്നതാണു വാസ്തവം. എന്നാൽ അർബുദവുമായി ബന്ധപ്പെട്ടു കുട്ടികളിൽ പൊതുവേ കാണുന്ന ചില ലക്ഷണങ്ങൾ താഴെ ചേർക്കുന്നു. അവ പ്രകടമായാൽ ഉടൻ വിദഗ്ധോപദേശം തേടണം.

ഇടവിട്ടുള്ള പനി, വിളർച്ച, ശരീരമാകെ കൊതുകു കുത്തിയതുപോലുള്ള നീലിച്ചപാടുകൾ , കഴുത്തിലും കക്ഷത്തിലും മുഴകൾ, സന്ധികൾക്കു വീക്കവും വേദനയും വയറിൽ പെരുപ്പ് ,കണ്ണുകൾ പൂച്ചക്കണ്ണിനോട് സാദൃശ്യമുള്ളവയായി മാറുക ,മുഖത്തു കോട്ടൽ, നടക്കാൻ ബുദ്ധിമുട്ടു തോന്നുക എന്നീ ലക്ഷണങ്ങൾ ശ്രദ്ധിക്കുന്നത് നന്ന്.

മുൻകരുതലുകൾ എന്തൊക്കെ?

ല്യൂക്കീമിയ ബാധിച്ച കുട്ടികൾക്ക് രോഗപ്രതിരോധശക്തി തീരെയുണ്ടാകില്ല. മാത്രമല്ല അവർ അണുബാധയ്ക്കെതിരെ ധാരാളം മുൻകരുതലുകളുമെടുക്കണം. ആഹാരം മറ്റു രോഗികളുമായുള്ള സമ്പർക്കം എന്നിവയിലും നിയന്ത്രണങ്ങൾ ഏറെ പാലിക്കണം ഇവരെ കാണാൻ സന്ദർശകരെ അനുവദിക്കാറില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.