Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുവിധു രാവിൽ മരണം, വില്ലനായത് കാർബൺമോണോക്സൈഡ്

520791622 Representative Image

ജയറാമും ഗിരിജയും ഹൈദരാബാദിലെ പ്രശസ്തമായ സോഫ്റ്റ്‌വെയർ കമ്പനിയിലെ കംപ്യൂട്ടർ എൻജനീയർമാരായിരുന്നു. ടീം. ലീഡറായ ജയറാമിന്റെ ടീമിലെ അംഗമായിരുന്നു ഗിരിജയും. അയൽക്കാർ കൂടിയായിരുന്ന അവർ ‌പ്രണയബദ്ധരായി. അവർ തമ്മിലുള്ള വിവാഹത്തിൽ ജയറാമിന്റെ മാതാപിതാക്കൾക്കു പൂർണസമ്മതമായിരുന്നു. ഒരേ കുലം, ഒരേ ഗോത്രം ‌എന്നീ ചേർച്ചകളും ഉണ്ടായിരുന്നതിനാൽ യാഥാസ്ഥിതികരായിരുന്ന ഗിരിജയുടെ അച്ഛനമ്മമാര്‍ക്കും എതിർപ്പുണ്ടായിരുന്നില്ല. വളരെ താമസിയാതെ ജയറാം ഗിരിജ വിവാഹം വലിയ ആർഭാടമില്ലാതെ നടന്നു. താമസിയാതെ ഇരുവരും മധുവിധു യാത്രയ്ക്കൊരു‌ങ്ങി. ഗിരിജയ്ക്ക് കാശ്മീരിൽ പോകണമെന്നായിരുന്നു ആഗ്രഹം. ഡിസംബർ മാസത്തിൽ തണുപ്പു കൂടുതലായതിനാൽ ആ യാത്ര മാറ്റിവച്ചു.

മൂന്നാറിലേക്ക് യാത്ര

ജയറാം എന്‍ജിനീയറിങ് കോളജിൽ പഠിച്ചിരുന്നുപ്പോൾ കേരളത്തിൽ ഒരു പഠനയാത്രയിൽ കൂട്ടുകാരോടൊപ്പം കൊച്ചി, മൂന്നാര്‍, തേക്കടി എന്നിവിട‌ങ്ങളിൽ പോയിട്ടുണ്ട്. അവിടങ്ങളിലെ പ്രകൃതിസൗന്ദര്യം ജയറാമിനെ വല്ലാതെ ആകർഷിച്ചിരുന്നു. മധുവിധുവിനായി കേരളത്തിൽ പോകാമെന്ന ജയറാമിന്റെ അഭിപ്രായത്തോട് ഗിരിജയും യോജിച്ചു.

അവർ ഹൈദരാബാദിൽ നിന്നും കൊച്ചിയിലെത്തി വില്ലിങ്ടൺ ഐലന്‍ഡിലെ ഒരു ഹോട്ടലിൽ താമസിച്ചു. പിറ്റേ ദിവസം ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ ‌കണ്ടു. അടുത്ത ദിവസം ടാക്സി കാറിൽ മൂന്നാറിലേക്ക് പോയി. അവിടെ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നു. വൈകുന്നേരം നാലു മണിയോടെ അവർ ‌മൂന്നാറിലെത്തി. രാത്രി കഴിക്കുവാനുള്ള ഭക്ഷണവും കരുതിയിരുന്നു.

തുറക്കാത്ത 13–ാം നമ്പർ മുറി

താഴ്‌വരയ്ക്ക് അഭിമുഖമായുള്ള ആ ഹോട്ടലിൽ തന്നെയായിരുന്നു ജയറാം നേരത്തേ താമസിച്ചത്. ഹോട്ടൽ മാനേജരോട് രാത്രിയിൽ ഭക്ഷണം വേണ്ടെന്നും രാവിലെ ഏഴു മണിക്ക് ബെഡ്കോഫി കിട്ടണമെന്നും ജയറാം പറഞ്ഞു. ദമ്പതികൾക്ക് ഒന്നാം നിലയിലുള്ള 13–ാം നമ്പര്‍ മുറിയാണ് നൽകിയത്.

പിറ്റേദിവസം രാവിലെ ഏഴു മണിക്ക് റൂംബോയ് കോഫിയുമായി 13–ാം നമ്പർ മുറിയുടെ കോളിങ് ബെൽ തുടർച്ചയായി അമർത്തിയിട്ടും വാതിൽ തുറന്നില്ല. റൂംബോയ് താഴെ റിസപ്ഷനിൽ ചെന്നു മാനേജരോട് വിവരം പറഞ്ഞു. മാനേജർ 13–ാം നമ്പർ മുറിയിലെ ഇന്റർകോമിൽ വിളിച്ചിട്ട് ആരും ഫോൺ എടുത്തില്ല. മാനേജർ തന്നെ നേരിട്ട് മുറിയുടെ കോളിങ് ബെല്‍ അടിക്കുകയും വാതിലിൽ ‌മുട്ടിവിളിക്കുകയും ചെയ്തിട്ടും പ്രതികരണം ഉണ്ടാകാത്തതിനാൽ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു.

സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സംഘം ഹോട്ടലിലെത്തി. ‌മുറിയുടെ വാതിൽ ബലം പ്രയോഗിച്ചു തുറന്നു. കിടപ്പുമുറിയിൽ ജയറാമും ‌ഗിരിജയും ഉണ്ടായിരുന്നില്ല. അവരുടെ ബാഗുകളും ധരിച്ചിരുന്ന വസ്ത്രങ്ങളും കിടക്കയിൽ ‌തന്നെ വച്ചിരുന്നു, കിടക്കയിൽ കഴിഞ്ഞ രാത്രിയിൽ ഉറങ്ങിയ ലക്ഷണമുണ്ടായിരുന്നില്ല. ‌കുളിമുറിയുടെ വാതിൽ അകത്തു നിന്നും അടച്ചിരുന്നില്ല. വാതിൽ തള്ളിയപ്പോൾ ‌തന്നെ തുറന്നു.

കുളിമുറിയിലെ കാഴ്ച

പോലീസുകാർ കണ്ടതു ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ആ യുവ മിഥുനങ്ങൾ കുളിമുറിയുടെ തറയിൽ നഗ്നരായി മരിച്ചുകിടക്കുന്നു. സബ് ഇൻസ്പെക്ടർ ‌വിവരം ഉടനെ സർക്കിൾ ഇൻസ്പെക്ടറെയും ഡിവൈഎസ്പിയെയും അറിയിച്ചു. ഹോട്ടലിൽ നൽകിയിരുന്ന മേൽവിലാസത്തിൽ നിന്നും ജയറാമിന്റെ ഹൈദരാബാദിലെ വീട്ടിലെ ടെലിഫോൺ നമ്പർ ലഭിച്ചു. വൃദ്ധനായ പിതാവിനെ വിവരം അറിയിക്കുക എന്നത് ഇൻസ്പെക്ടർക്ക് വ‌ളരെ ദുഃഖകരമായിരുന്നു.

വൈകാതെ തന്നെ പ്രേതവിചാരണ ആരംഭിച്ചു. അതിനു സ്ഥലം തഹസിൽദാർ മേൽ‌‌‌നോട്ടം വഹിച്ചു. നടപടികൾ മുഴുവൻ വിഡിയോഗ്രഫി ചെയ്തു. മൃതദേഹപരിശോധനയില്‍ കാണപ്പെട്ട ഒരു പ്രത്യേകത ശരീര‌ത്തിന്റെ അധോഭാഗങ്ങളിൽ കാണപ്പെട്ട പിങ്ക് നിറമായിരുന്നു. മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തിനും പിങ്കുനിറമായിരുന്നു. ശരീരത്തിലെ അവയവങ്ങൾക്കും ഈ നിറവ്യത്യാസം ഉണ്ടായിരുന്നു.

നിശ്ശബ്ദനായ കൊലയാളി

രക്തത്തിന് പിങ്കുനിറം ഉണ്ടാകുന്നത് രണ്ടു കാരണങ്ങളാലാണ്. സയൈനഡ് വിഷബാധയിലും കാർബൺമോണോക്സൈഡ് വാതകം ശ്വസിക്കുമ്പോഴും. സയൈനഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി സംയോജിച്ചുണ്ടാകുന്ന സയൻഹീമോഗ്ലോബിൻ എന്ന സംയുക്തത്തിനും കാർബൺമോണോ‌ക്സൈഡ് സംയോജിച്ചുണ്ടാകുന്ന കാർബോക്സീഹീമോഗ്ലോബിൻ സംയുക്തത്തിനും ‌പിങ്കു നിറമാണ്.

ഏതായാലും മധുവിധു ആഘോഷിക്കാനെത്തിയ യുവമിഥുനങ്ങൾ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയില്ല.

കാർബണ്‍ മൊണോക്സൈഡ് ആണ് കാരണമെങ്കിൽ അത് എവിടെ നി‌ന്നുണ്ടായി എന്നു കൂടി അറിയണമല്ലോ? വിശദമായ പരിശോധനയിൽ 13–ാം നമ്പർ മുറിയുടെ കുളിമുറിയിൽ നിന്നു തന്നെ ആ സമസ്യയ്ക്ക് ഉത്തരം ലഭിച്ചു.

കുളിമുറിയിൽ ചൂടുവെള്ളം കിട്ടുവാന്‍ സ്ഥാപിച്ചിരുന്ന ഗീസർ ഗ്യാസ് കൊണ്ട് ‌പ്രവർത്തിക്കുന്നതായിരുന്നു. ഒരു എൻജിനീയറെ കൊണ്ട് ആ ഉപകരണം പരി‌‌ശോധിച്ചപ്പോൾ അതിനു ഗ്യാസ് ലീക്ക് ഉള്ളതായി കാണപ്പെട്ടു. കുളിമുറിയുടെ എക്സ്ഹോസ്റ്റ് ഫാന്‍ കേടായിരുന്നതിനാല്‍ പ്രവർ‌ത്തിച്ചിരുന്നില്ല. ദാമ്പത്യജീവിതത്തിലേക്കു പ്രവേശിച്ച ആ യുവദമ്പതികളുടെ ദാരുണമായ അന്ത്യത്തിനു കാരണം ആ ഗീസറിൽ നിന്നും ലീക്കായ വിഷവാതകമായിരുന്നു.

വാതകചോർച്ചയും മരണവും

നിറവും മരണവും രുചിയുമൊന്നുമില്ലാത്ത വാതകമാണ് കാർബ‌ൺ മോണോക്സൈഡ്. കൽക്കരി, പെട്രോൾ, മണ്ണെണ്ണ, വിറക്, ഗ്യാസ് മുതലായവ കത്തുമ്പോൾ രണ്ടുവാതകങ്ങൾ ഉണ്ടാകും; കാർബൺഡയോക്സൈഡും ‌കാർബൺമോണോക്സൈഡും . ഇവ അന്തരീക്ഷത്തിൽ ഉണ്ടെങ്കിൽ ‌തിരിച്ചറിയുവാൻ സാധ്യമല്ല. ശ്വസിക്കുമ്പോൾ തലവേദനയോ, തലചുറ്റോ അനുഭവപ്പെടാം. കൂടുതൽ നേരം ശ്വസിക്കുകയാണെങ്കിൽ അബോധാവസ്ഥയിലാകും.

ഈ അവസ്ഥയിൽ വാതകം ശ്വസിച്ചു കൊണ്ടിരുന്നാൽ മരണം സംഭവിക്കും. അന്ത‌രീക്ഷത്തിൽ 800 പി. പി. എം.ൽ കൂടുതൽ വാതകമുണ്ടെങ്കിൽ മരണം ഉടനെ സംഭവിക്കാം.

ഉറങ്ങുന്ന മുറിയുടെ ജനലുകളും വാതിലും അടച്ച് ഉള്ളിൽ തണുപ്പകറ്റാൻ വിറകോ കൽക്കരിയോ കത്തിക്കുന്നതും ഇതേപോലെ മരണമുണ്ടാക്കും.

വാഹനങ്ങളുടെ പുകക്കുഴലുകളിൽ നിന്നും കാർബണ്‍മോണോക്സൈഡ് വാത‌കം ധാരാളമായി പുറന്തള്ളുന്നു. നഗരങ്ങളിലെ അന്തരീക്ഷത്തിൽ ഈ വാതകത്തിന്റെ സാന്ദ്രത വളരെ കൂടുതലാാണ്.

പാശ്ചാത്യ രാജ്യങ്ങളിൽ കാർബൺമോണോക്സൈഡ് വാതകം ഉത്പാദിപ്പി‌ക്കപ്പെടാൻ സാധ്യതയുള്ള ഗീസർ പോലുള്ള ഉപകരണങ്ങൾ സ്ഥാ‌പിക്കുന്ന മുറിയിൽ ഗ്യാസ് ലീക്ക് ഡിറ്റക്ടർ എന്ന ഉപകരണം നിർബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നുണ്ട്. അന്തരീക്ഷവായുവിൽ 12000 പാർട്സ് പെർ മില്യൺ (പി.പി. എം.) കാർബണ്‍മോണോക്സൈഡ് ഉണ്ടെങ്കിൽ മൂന്നു മിനിറ്റിനുള്ളിൽ മരണം സംഭവിക്കും.

കാറിനുള്ളിലെ കൂട്ടമരണം

മേൽപറഞ്ഞതുപോലെ ചെന്നൈയിലും ഒരു സംഭവമുണ്ടായി. മഴക്കാലത്ത് ദേശീയപാതയിൽ ഒരു ട്രാഫിക് ജാം ഉണ്ടായതിനെ തുടർന്ന നിരവധി കാറ‌ുകൾ മുന്നോട്ടു പോകാതെ നിർത്തിയിടേണ്ടിവന്നു. കുറച്ചു നേരം കഴിഞ്ഞ് ട്രാഫിക് ജാം മാറിയപ്പോൾ വാഹനങ്ങൾ പോകുവാൻ തുടങ്ങി. എന്നാൽ ഒരു വാഹനം മാ‌ത്രം പോകാതെ കിടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു. പൊലീസ് നോക്കുമ്പോൾ കാറിനുള്ളൽ ഡ്രൈവറുൾപ്പെടെയുള്ള നാലുപേരെ മരി‌ച്ചനിലയിൽ കണ്ടു. നാലുപേരുടെയും പോസ്റ്റ്മോർട്ടം പരിശോധനയിൽ കാര്‍ബൺ ‌മോണോക്സൈഡ് വാതകം ശ്വസിച്ചതിന്റെ ഫലമായാണ് മരണം സംഭവിച്ചതെന്നു മനസ്സിലായി.

ഇതെങ്ങനെ സംഭവിച്ചു എന്നു നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്, ഈ കാ‌റിലുണ്ടായിരുന്നവർ ജനാലകൾ ഉയർത്തിയ ശേഷം എയർ കണ്ടീഷനർ ഓണ്‍ ചെയ്തിരുന്നു എന്നാണ്. കാറിലെ ഏ സി എന്നത് സ്‌പ്ലിറ്റ് ഏസി ആണ്. ‌കാറിനുള്ളിൽ ഏസിക്ക് നോബുണ്ട്.

ഈ നോബിന് രണ്ട് പൊസിഷനുണ്ട്. നോബ് ഒരു പൊസിഷനിൽ വച്ചിരുന്നാൽ ‌കാറിനുള്ളിലെ വായുവിനെ തണുപ്പിക്കാം (റീ സൈക്ലിങ്). രണ്ടാമത്തെ പൊ‌സിഷനിൽ വച്ചാൽ പുറത്തു നിന്നുള്ള വായു വലിച്ചെടുക്കും. നിർഭാഗ്യവശാൽ ഈ കാ‌‌റിലെ നോബ് പുറമേ നിന്നുള്ള വായു വലിച്ചെടുക്കുന്ന പൊസിഷനിൽ ആയിരുന്നു.

വില്ലനായത് കാർ ഏസി

തൊട്ടുമുമ്പിൽ കിടന്നിരുന്ന കാറിലെ ഏസിയും പ്രവര്‍ത്തിക്കുക ആയിരുന്നിരിക്കണം. ഏസി പ്രവർത്തിപ്പിക്കണമെങ്കിൽ കാർ എന്‍ജിൻ പ്രവർത്തിപ്പിക്കണം. കാര്‍ എൻജിൻ പ്രവർത്തിക്കുമ്പോൾ എക്സ്ഹോസ്റ്റിലൂടെ പുറന്തള്ളുന്ന വാതക‌ങ്ങളിൽ പ്രധാനം കാർബൺമൊണോക്സൈഡ് ആണ്. ഈ കാർബ‌ൺമോണോക്സൈഡിനെ പിന്നിൽ കിടക്കുന്ന കാറിനുള്ളിലേക്ക് ഏസി വഴി വലിച്ചെടുത്തിരിക്കണം. അങ്ങനെയാണ് പുറകിലെ കാറിലെ യാത്രക്കാർ ‌കാർബൺ മോണോക്സൈഡ് ശ്വസിക്കുവാൻ ഇടയായത്.

അതുകൊണ്ട് ഒരിക്കലും ഇത്തരം സാഹചര്യങ്ങളിൽ പുറമേ നിന്നു വായു വലി‌ച്ചെടുക്കുന്ന രീതിയിൽ ഏസിയുടെ നോബിന്റെ പൊസിഷൻ ആകരുത്. കാറി‌ന്റെ പുകക്കുഴലിൽ ലീക്ക് ഉണ്ടായിരുന്നാലും കാറിനുള്ളിലേക്ക് കാർബ‌ൺ‌മോണോക്സൈഡ് കടക്കുവാൻ സാധ്യതയുണ്ട്. ഏസി ഉപയോഗിക്കുന്ന കാറിലെ യാത്രക്കാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാറിലെ ഏസി പ്ര‌വർത്തിപ്പിച്ച് ദീർഘദൂരം യാത്ര ചെയ്യുന്ന ശീലമുള്ളവരും ഇത്തരം റിസ്കുകളെക്കുറിച്ച് ഓർമിക്കുന്നത് നല്ലതാണ്.

ദീർഘമായ യാത്ര കഴിഞ്ഞു ഹോട്ടൽമുറിയിലെത്തിയ ജയറാമും ഗിരിജയും ഒരുമിച്ചു ചൂടുവെള്ളത്തിൽ കുളിക്കാമെന്നു കരുതിയായിരിക്കും നഗ്നരായി കുളിമുറിയിൽ പ്രവേശിച്ചത്. അവർ അറിഞ്ഞിരുന്നില്ല. ശ്വസിക്കുന്നത് ഗീസറിൽ നിന്നും പുറ‌ന്തള്ളിയിരുന്ന മാരകവിഷമായ കാർബൺമോണോക്സൈഡ് ആയി‌രുന്നുവെന്ന്.

അങ്ങനെ താഴ്‌വരയിലെ കാറ്റ് പോലുമറിയാതെ മരണം അവരെ കവർന്നെടുത്തു. മധുവിധു തുടങ്ങും മുമ്പേ. ഞെട്ടലോടെ മാത്രമേ ആ സംഭവം ഓർമിക്കാനാകൂ.