Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതലോടെ കാക്കാം, ഇൗ ഹൃദയം

heart-karuthal

ഹൃദയത്തെ കരുതലോടെ കാത്താൽ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും, കോശങ്ങള്‍ക്കും ആവശ്യമായ രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം തകരാറിലായാൽ അത് ശരീരത്തിന്റെ പൊതുവായ എല്ലാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതോടൊപ്പം ജീവന്‍ നഷ്ടപ്പെടുത്തുന്നതിനും കാരണമായേക്കാം.

മുന്‍കൂട്ടി മനസിലാക്കൂ

കാരണങ്ങള്‍ സ്വയം മനസിലാക്കിയാൽ നല്ലൊരു പരിധിവരെ ഹൃദ്രോഗം പ്രതിരോധിക്കാനാകും. ഹൃദയ പേശികള്‍ക്ക് രക്തം എത്തിക്കുന്ന ചെറിയ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞ് അതിന്റെ വ്യാസം കുറയുകയും ഹൃദയത്തിനു ആവശ്യമായ രക്തം കിട്ടാതെ വരികയും ചെയ്യുമ്പോള്‍ ഹൃദയ പേശികള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്നതോടെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരം പൂര്‍ണ്ണമായി നിലച്ച് കോശങ്ങള്‍ നശിക്കുന്ന മാരകാവസ്ഥയാണ് ഹൃദയാഘാതം. പ്രായം കൂടുന്തോറും ഇത് ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു.

വ്യായാമം ഇല്ലായ്മ, പുകവലി, മാറിയ ജീവിതശൈലി , മാറിയ ഭക്ഷണക്രമം, മാനസിക പിരിമുറുക്കം തുടങ്ങിയവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു.

അസാധാരണമായി അനുഭവപ്പെടുന്ന ക്ഷീണം ഹൃദ്രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണമാകാം.

അപായ ഘടകങ്ങള്‍ വച്ചുള്ള പലതരം നിര്‍ണ്ണയങ്ങളാണ് ഹൃദ് രോഗ സാധ്യത അനുമാനിക്കാനും, പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യുവാനും ഡോക്ടര്‍മാരെ സഹായിക്കുന്നത്. ∙യഥാസമയങ്ങളിൽ ടെസ്റ്റുകള്‍ ചെയ്ത് രക്തത്തിലെ കൊളസ്ട്രോള്‍ ഘടകങ്ങള്‍ പരിശോധിച്ച് ചികിത്സ തേടാവുന്നതാണ്. ഈ.സി.ജി, എക്കോ, ടി.എം.ടി എന്നിവയും ഹൃദ് രോഗ നിര്‍ണ്ണയത്തിനു സഹായപ്രദമാണ്.

ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതം ഉണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങള്‍ നശിച്ച് തുടങ്ങുന്നതിനാൽ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം. ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടെന്ന് അടുത്തുള്ള ഹൃദ് രോഗ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ച് അടിയന്തിര ചികിത്സയും, വേണ്ടിവന്നാൽ ആൻജിയോപ്ലാസ്റ്റിയും ചെയ്യേണ്ടതാണ്.

ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞാൽ ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഹൃദയ പ്രവര്‍ത്തനം നിലനിർത്താൻ പാലിക്കേണ്ട ചില കാര്യങ്ങള്‍:

ആരും സഹായത്തിനില്ലാത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായാൽ പരമാവധി വായു ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക.

ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് തണുത്ത വെള്ളം തളിക്കരുത്. ഇത് രോഗാവസ്ഥ തീവ്രമാക്കും.

ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ളാസ്റ്റി സൗകര്യമുള്ള ഹൃദ്രോഗ ചികിത്സാകേന്ദ്രത്തിൽ രോഗിയെ എത്തിക്കുക.

രോഗിയുടെ ഇറുകിയ വസ്ത്രങ്ങള്‍ ഊരുകയോ, അയച്ചിടുകയോ ചെയ്യുക.

രോഗിക്ക് ബോധം ഉണ്ടെങ്കിൽ തലയും തോളും തലയിണ കൊണ്ട് താങ്ങി ചാരിയിരുത്തുക.

രോഗിയുടെ നാഡിമിടിപ്പും ബി.പി യും പരിശോധിച്ച ശേഷം ഇവ കുറവാണെങ്കിൽ രോഗിയെ നിരപ്പായ പ്രതലത്തിൽ മലര്‍ത്തിക്കിടത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കേണ്ടതാണ്.

ഹൃദയാഘാതം ഉണ്ടായി ആദ്യ നാലു മണിക്കൂറിൽ കുടിക്കുവാനോ കഴിക്കുവാനോ ഒന്നും നൽകാതിരിക്കുക.

രോഗിയുടെ ബോധം നഷ്ടപ്പെട്ട് പള്‍സ് നിലച്ചാൽ സി.പി.ആര്‍ പരിശീലനം ലഭിച്ചവരുണ്ടെങ്കിൽ അത് നൽകിക്കൊണ്ട് ആശുപത്രിയിലേക്ക് എത്രയും പെട്ടെന്നു എത്തിക്കുക.

രോഗിക്ക് പൂര്‍ണ്ണ വിശ്രമം നൽകി വീൽചെയറിലോ കസേരയിലോ, സ്ട്രെച്ചറിലോ മാത്രം രോഗിയെ മാറ്റുക.

ഡോ. പ്രവീണ്‍ എസ്.വി.

കണ്‍സൽട്ടന്റ് കാര്‍ഡിയോളജി,

കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.